ഞാനും പിന്നെ ഞാനും

പഠിച്ചു പഠിച്ചു ഞാന്‍ റാങ്കു നേടും
റാങ്കുകള്‍ നേടി മിടുക്കനാകും!
പഠിത്തം മുടക്കി ഞാന്‍ നേതാവാകും
നേതാവു മൂത്തു ഞാന്‍ മന്ത്രിയാകും!

കാറ്റ്

അമ്പല മുറ്റത്തെ
ആലിലും
പള്ളിമുറ്റത്തെ
കുരിശടിയിലും
വിരുന്നുവന്ന കാറ്റ്
വിപ്ലവകാരിയോ
വിശ്വാസിയോ
ആയിരുന്നില്ല!

അയാളുടെ മുഖം

മുഖമില്ലാത്തവന്റെ മുഖം
പോലെയായിരുന്നു
അയാളുടെ മുഖവും!
അതിലില്ലാഞ്ഞ
മീശയും താടിയുമെല്ലാം
അയാള്‍ക്കെന്നല്ല
മറ്റാര്‍ക്കും‌
സ്വന്തവുമായിരുന്നില്ല!

വില്‍ക്കാനുണ്ട്‌ സ്വപ്നങ്ങള്‍

പാതിയുറങ്ങിയ മനസ്സുമായി
സ്വപ്നമരത്തിനു കാവലിരുന്നയാള്‍
മുഴുനിദ്രയിലാണ്ടു പോയി!
പരിഭ്രമിച്ചുണര്‍ന്നു നോക്കുമ്പോള്‍
മരം കളവു പോയിരുന്നില്ല!

"മരമെന്തേ കളവുപോയില്ല?"
വഴിപോക്കനോട് ചോദിച്ചു
"സ്വപ്നങ്ങളിപ്പോള്‍ അധികമല്ലേ..?"
"വില്ക്കാനുണ്ട് സ്വപ്നങ്ങള്‍
ഒന്നെടുത്താല്‍ ഒന്നു വെറുതെ..!"

ഹൃദയരഹിതര്‍

മനസ്സ് കടം കൊടുത്തവന്റെ
പിറന്നാളാഘോഷത്തിന്
ഹൃദയം മുറിഞ്ഞവര്‍ ഒത്തുചേര്‍ന്നു
എന്നിട്ട് എല്ലാവരും ചേര്‍ന്ന്‌
സ്വപ്നത്തില്‍ വെള്ളംചേര്‍ത്ത്
മദ്യം പോലെ സേവിച്ചു!

കലികാല എലി

എലികളെല്ലാം ചേര്‍ന്ന് തങ്ങളുടെ നേതാവിനെ തെരഞ്ഞെടുത്തു.
"പൂച്ചയെക്കൊല്ലാന്‍ ശക്തി വേണം. എല്ലാവരും അവരവരുടെ ശരീരത്തില്‍ നിന്നും ഓരോ ഔണ്‍സ് രക്തം അടിയന്തിരമായി ദാനം ചെയ്യുക!"
നേതാവ് അഭ്യര്‍ത്തിച്ചു.
എലികള്‍ അനുസരിച്ചു.
എലിരക്തം സേവിച്ച് നേതാവെലി തടിച്ചു കൊഴുത്തു.
ഭീമാകാരനായിത്തീര്‍ന്ന എലി താമസിയാതെതന്നെ പൂച്ചകളുടെ രാജാവായി!

പരിണാമം

പഠിച്ചു പഠിച്ചു ഞാന്‍
റാങ്കു നേടും,
റാങ്കുകള്‍ നേടി മിടുക്കനാകും!
പഠിത്തം മുടക്കി ഞാന്‍
നേതാവാകും
നേതാവു മൂത്തു ഞാന്‍
മന്ത്രിയാകും!

പാതക മഴ!

സത്യം പറഞ്ഞവന്‍
ചത്തതിന്‍ പിറ്റേന്ന്
കള്ളം പറഞ്ഞവന്‍
രാജാവായി
പാതകം ധാരാളം
മഴപോലെ പെയ്തപ്പോള്‍
പാതി കുടിച്ചവന്‍ മന്ത്രിയായി!

ആനപ്പശു

കാശില്ലത്തവനശു,
കാശുള്ളവനോ പശു
അശുവിനു കാശുണ്ടായാല്‍
അവനും പശു ആനപ്പശു!

വന്‍ കടല്‍

ഒരു മഞ്ഞു തുള്ളി ഒഴുകിയാല്‍
അത് ഭൂമിയില്‍ താണു പോകും
ഒരു പുഴ പരന്ന് കടലായാല്‍
അത് ഭൂമിയിലൊരു നനവാകാം
ഒരു കടല്‍ വീണ്ടും കടലായാല്‍
അതൊരു വന്‍ കടലാകും,
എന്നിട്ട് ഭൂമിയെ വിഴുങ്ങും!

മോഷണം

സ്വര്‍ണ്ണപ്പണിക്കാരന്‍ സ്വര്‍ണ്ണം കട്ടു,
ഫണ്ടു പിരിച്ചവന്‍ കാശു കട്ടു
കൊടിവച്ച മന്ത്രീടെ ടയറു കട്ടു,
നാടു ഭരിച്ചവന്‍ നാണം കെട്ടു!