മെറി ക്രിസ്മസ്

ദിവസങ്ങളും
മാസങ്ങളും
പിന്നെ വര്‍ഷങ്ങളും
നമ്മെ കടന്നു പോകുന്നു.

ആശംസകള്‍ നേരുന്നു
വീണ്ടും ഒരു
ക്രിസ്മസിന്..വീണ്ടും
മറ്റൊരു പുതു വര്‍ഷത്തിന്

ജനുവരിയും ഡിസംബറും വേണ്ട..!

ഡിസംബര്‍ കഴിഞ്ഞ്
ജനുവരി എന്തിനാണു
വരുന്നത്..?
അതെനിക്കിഷ്ടമല്ല..!

ജനുവരികളൊരിക്കലും
എന്നെ സന്തോഷിപ്പിക്കാറില്ല!
ക്രിസ്തുമസ്സും പുതു വര്‍ഷവും
നമ്മെ കടന്നു പോവുകയല്ലേ..?

നീണ്ട കാത്തിരിപ്പു വേണ്ടേ
അടുത്ത ഡിസംബറിനും
പിന്നെ മറ്റൊരു ജനുവരിക്കും..?
അതാണെനിക്കൊട്ടും ഇഷ്ടമല്ലാത്തത്..!

ഒന്നുമാത്രം

നിമിഷമായിരം
ദിവസമനേകം
വര്‍ഷങ്ങള്‍
എണ്ണാം നമുക്ക്!

സ്നേഹിക്കാം
നമുക്കന്യോന്യം..
ഈ ജീവിതം
നമുക്കൊന്നു മാത്രം!

രാത്രി ജോലി

രാത്രിയിലെ ജോലിക്കു
വരുമ്പോളെന്നും
മനസ്സയാള്‍ വീട്ടില്‍
പൂട്ടിവയ്ക്കുമായിരുന്നു!

പകലുകളിലയാള്‍
ജോലിചെയ്തപ്പോളോ..?
എന്നും മനസ്സ്
വീട്ടില്‍ക്കിടന്നുറങ്ങി!

നൊമ്പരക്കൂമ്പാരം

നൊമ്പരങ്ങളുടെ
ഒരു കൂമ്പാരം..!
അയാളതിനെ
നോക്കി ഇരുന്നു.
ഈയിടെ
അതാണയാളുടെ പണി!

രക്തം വാര്‍ന്നു
പോയിരുന്നാ
കണ്ണുകളില്‍ നിന്നും..
മരിച്ച കണ്ണുകള്‍ പോലെ
അവ നിര്‍ജ്ജീവങ്ങളായിരുന്നു!

കടന്നു പോയി
ജീവിതമാ
മുഖത്തില്‍ നിന്നും!
വിളറിയ മുഖം അതാണു
തോന്നിപ്പിച്ചത്!

ജീവിതവും
നൊമ്പരവും
ഏതാണാവോ
ആദ്യം ഉണ്ടായത്..?
അയാള്‍ സ്വയം ചോദിച്ചു!

ആത്മപരിശോധന

രാവിലെ തന്നെ
ഞാനെന്റെ
മനസ്സിന്റെ കൊടി
താഴ്ത്തിക്കെട്ടി.
എന്റെ മനസ്സിന്
ഒരു കൊടിയുടെ
ആവശ്യമുണ്ടോ.?

ഉന്നത മനസ്സുകള്‍
കൊടികള്‍ പാറിക്കുന്നു,
സാഫല്യമടയുന്നു.
എന്റെ കാര്യം
അങ്ങിനെയാണോ?
ഞാനെന്റെ കൊടി
മടക്കുന്നതല്ലേ നല്ലത്..?

സത്യം ഞാന്‍ പറയാം..
എല്ലാ ദിവസവും ഞാന്‍
ചെയ്യുന്നതെല്ലാം
എങ്ങിനെ ശരികളാകും..?
എന്റെ ചെയ്തികള്‍
മറ്റു പല മനുഷ്യര്‍ക്കും
തെറ്റുകളായി തോന്നിക്കൂടേ..?

ജീവപര്യന്തം തടവ്

മനസ്സാക്ഷിക്കോടതിയില്‍
എനിക്കെന്റെ
വിചാരണ ഇന്നലെയാണു
കഴിഞ്ഞു വിധിയായത്..!

കള്ളം നടിക്കുക,പ്രവര്‍ത്തിക്കുക,
കപടവര്‍ത്തമാനം പറയുക,
അത്യാഗ്രഹം, അമിതമോഹം
ഇതൊക്കെയാണെന്റെ കുറ്റങ്ങള്‍.

നിയമത്രാസിന്റെ സൂചി
അങ്ങോട്ടും ഇങ്ങോട്ടും
ആടുന്നതു ഞാന്‍
വീറയലോടെ കണ്ടു..!

നിനക്കെന്തെങ്കിലും
പറയാനുണ്ടോ..?
നിയിതെല്ലാം ചെയ്തോ..?
സത്യം മാത്രം പറയുക.

എല്ലാം സത്യമായിരുന്നു.
ഞാനതെല്ലാം സമ്മതിച്ചു.
ജീവപര്യന്തം തടവ്..
എനിക്കെതിരെ മനസ്സിന്റെ വിധി.!

കവികളുടെ ഒരു ഗതി

കവികള്‍ കാവ്യം
രചിച്ചപ്പോള്‍
ഗഡികള്‍ ശാകുന്തളം
മെനഞ്ഞു!
ഇന്റര്‍നെറ്റിലൂടെ
കവിതകള്‍ പാഞ്ഞു!
ആധുനിക കവികളുടെ
മാനസം കുളിര്‍ത്തു..!

പറയാതെ പോയ പ്രണയം

നിന്നെയെനിക്കന്തുമാത്രം
ഇഷ്ടമായിരുന്നുവെന്നോ,
നിനക്കു വേണ്ടി
നാളുകളെത്ര ഞാന്‍
കാത്തിരുന്നുവെന്നോ,
ജീവിതത്തിലൊരിക്കലും
നീ അറിഞ്ഞിരുന്നില്ല..!


എനിക്കന്നതു പറയാന്‍
കഴിയാതെ പോയി!
നീയും അതെന്നോട്
എന്തേ പറഞ്ഞില്ല..?
ഇന്നു രാവേറെയായി..!
ഇനി,നമുക്കത് നമ്മുടെ
മനസ്സുകളില്‍ സൂക്ഷിക്കാം!

വാക്കുകള്‍ നഷ്ടപ്പെടുമ്പോള്‍

തെരുവിലൂടെ നടന്നു..
തെരുവിലകപ്പെട്ടു,
വാക്കുകള്‍ നഷ്ടപ്പെട്ട
നമ്മുടെ വാത്മീകി!

വചനം,വര്‍ത്തമാനം
പ്രവചനം,പ്രവാചകം
എല്ലാം മറന്നുപോയി
പാവം വാത്മീകി.!