വെളുത്ത സ്മരണകള്‍

മനസ്സില്‍ പതിയാത്ത
വരികളില്‍ പലപ്പോഴും
അനുഭവങ്ങളുടെ കുറവു കാണും!
വെള്ളി മേഘങ്ങള്‍ക്ക്
എങ്ങിനെ മഴയായി
മാറുവാന്‍ കഴിയും?
ഒരിക്കലും അസ്തമിക്കാത്ത
സൂര്യന്മാര്‍ ഭൂമിക്കു ഭാരമാക്കും!
പക്ഷേ ഒരു കാര്യമോര്‍ക്കുക,
കറുത്ത അനുഭവങ്ങള്‍
നമുക്ക് തീര്‍ച്ചയായും
പില്‍ക്കാലങ്ങളില്‍ ചിലപ്പോള്‍
വെളുത്ത സ്മരണകളാകാം!

എല്ലാവരും ഉറങ്ങി!

നാടുറങ്ങി, നാട്ടാരുറങ്ങി
നാടുകാക്കും നായ്ക്കളുമുറങ്ങി!
ഞാനുറങ്ങി, നീയുമുറങ്ങി,
നമ്മുടെയിടയിലെ കുഞ്ഞുമുറങ്ങി!

മസ്തിഷ്ക തരംഗങ്ങള്‍

തലച്ചോറിലൂടെ ഓടുന്ന
വൈദ്യുത തരംഗങ്ങളാണത്രേ
മനുഷ്യന്മാരുടെ ചിന്തകള്‍!
എന്റെയല്ല,ശാസ്ത്ര ചിന്തയാണിത്!

ഈ തരംഗങ്ങള്‍ ഒരു മനോഹരമായ
പൂന്തോട്ടത്തില്‍ വിഹരിക്കുമ്പോളാകുമോ
പ്രണയവും കാമവും ഉടലെടുക്കുക?
കല്ലും മുള്ളും നിറഞ്ഞ ഒരു
ഊടുവഴിയിലൂടെയീ തരംഗങ്ങള്‍
യാത്ര ചെയ്യുമ്പോളാകുമോ
ജാതി ചിന്ത, മതദ്വേഷം
തുടങ്ങിയ ഭാരത ചിന്തകള്‍
മനുഷ്യനില്‍ നാമ്പെടുക്കുക,
എന്നു മാത്രമല്ല,
അവന്റെ അന്തരാത്മാവിന്റെ
അടിവസ്ത്രത്തിന്റെയടിലും
ആജീവനാന്ത കാലത്തേക്കായി
അലിഞ്ഞു ചേരുക?

ഭാഷ

അറിയാത്ത ഭാഷയില്‍
എഴുതാന്‍ കഴിയില്ല,
കേള്‍ക്കാത്ത ഭാഷയില്‍
കരയാന്‍ കഴിയും!
അറിവിന്റെ ഭാഷയ്ക്കു
മതിലുകളില്ല,
മറവിക്കു മുന്നില്‍
ഒരുഭാഷ മാത്രം!
ലോകം ചുരുങ്ങുന്നു
ഭാഷ ഒന്നാകുന്നു,
പല ഭാഷ ജ്ഞാനിയോ
വിദ്വാനുമാകുന്നു!
അറിവാകും സൂര്യന്റെ
സൂര്യകാന്തിപ്പൂ
പ്രതിഭാഷ ലോകത്തെ
ഭാഷാ സമസ്തം!
ജന്മം തരുന്നവള്‍
മാതാവാണെങ്കില്‍,
മനനത്തിന്‍ ഭാഷയോ
മാതൃഭാഷ!

ലാഭവും നഷ്ടവും

ഒരിടത്തു ലാഭമുണ്ടാകുമ്പോള്‍
മറ്റൊരിടത്തു നഷ്ടം തീര്‍ച്ച!
നഷ്ടമില്ലാതെ ലാഭമില്ല,
ലാഭമില്ലാതെ നഷ്ടവുമില്ല!

ജീവിതം പുഷ്ടി പിടിച്ചുവെന്നു
തോന്നുമ്പോളായിരിക്കും
ചിലപ്പോള്‍ നാം ജന്മനാടിനെ
അവിചാരിതമായി ഓര്‍ക്കുന്നത്!
മനസ്സ് സമ്പന്നമായെന്ന്
കരുരുതുമ്പോളായിരിക്കും
നിഷ്കളങ്കതയെ പരിപൂര്‍ണ്ണമാ‍യി
നമുക്കു കൈമോശം വരുന്നത്!

കുടുംബങ്ങള്‍ ശിഥിലമാകുമ്പോള്‍
സമ്പത്തു നമുക്കു ലഭ്യമാകുന്നു!
കുടുംബമായി ജീവിക്കുമ്പോള്‍
പണത്തിനായി പലപ്പോഴും
നാം പരക്കം പായുന്നു!

കല തപസ്യയാക്കിയവന്
ജീവിതം തീര്‍ച്ചയായും നഷ്ടം!
തൊഴിലില്‍ ആത്മാര്‍തയുള്ളോനും
അതുതന്നെയാണു സ്ഥിതി!

ശൈശവവും ബാല്യവും
കൌമാരവുംനഷ്ടമായി
യുവത്വവും മധ്യവയസ്കത്വവും
വാര്‍ദ്ധക്യവും നമ്മെക്കടന്നു
പോകുമ്പോള്‍,അക്ഷരാര്‍ത്ഥത്തില്‍
നമുക്കെല്ലാം നഷ്ടപ്പെടുന്നു!

ജീവിതം നഷ്ടങ്ങളുടെ കഥയാണ്.
ഞാനതില്‍ വിശ്വസിക്കുന്നു!




പണി പൂര്‍ത്തിയാകുന്നു

ഒരിഷ്ടിക കൂടി ഇനി
ചേര്‍ത്തുവച്ചാള്‍ മതി,
എന്റെ വീടിന്റെ പണി
പൂര്‍ത്തിയാകുന്നു!

സ്വീകരണമുറിയിലെന്റെ
മനസ്സു ഞാന്‍ തുറന്നു വയ്ക്കും,
അടുക്കളയില്‍ ഞാനെന്റെ
ആത്മാവിനെ കുടിയിരുത്തും!
ആലസ്യവും ജീര്‍ണ്ണതകളും
ആസക്തികളും ഞാനെന്റെ
കിടപ്പു മുറികളില്‍ പൂട്ടിയിടും!

മനസ്സിന്റെ താഴ്വാരത്തിലെ
വികാര നദിയുടെ കരയിലായുള്ള
എന്റെ സ്വന്തം വീടിന്റെ
പണിപൂര്‍ത്തിയാകുവാനിനി
ഒരിഷ്ടിക കൂടി മാത്രം ബാക്കി!

അത്താഴം

ഇന്നലെകളില്‍
ജീവിച്ചിരുന്നവരും
ഇന്നുകളില്‍
വിരമിച്ചവരുമായിരുന്നു
അവിടെ അന്നേദിവസം
അത്താഴത്തിനായെത്തിയത്!

മനുഷ്യനെ നീരസത്തോടെ
നോക്കിക്കണ്ടവരും
വൈരുധ്യാത്മക ഭൌതിക വാദം
അറിഞ്ഞുകൂടാത്ത
സാധാരണ പ്രജകള്‍
ജീവിക്കുവാന്‍ യോഗ്യരല്ലെന്നു
വിശ്വസിച്ചു പോന്നിരുന്നവരും
വിരമിതന്മാരുടെ അത്താഴത്തിനായി
അന്നവിടെ സന്നിഹിതരായിരുന്നു!

പലിശ

അന്തിച്ചന്തയില്‍
സ്വപ്നം വില്‍ക്കുന്നയാള്‍
സന്ധ്യക്കുമുമ്പുതന്നെ
ഉറങ്ങിപ്പോയി!
ബൈക്കിലും കാറിലുമായി
വന്നയാളുകള്‍
സ്വപ്നവ്യാപാരിയുടെ
തലയും വെട്ടിയെടുത്തു,
പിന്നെ ഹൃദയവും
ചൂഴ്ന്നെടുത്തു കൊണ്ടു പോയി!
“വട്ടിപ്പലിശയില്‍
സ്വപ്നങ്ങള്‍ വാങ്ങി വിറ്റാല്‍
ഇതായിരിക്കും ഫലം!”
ചന്തയിലെ മറ്റു വ്യാപാരികള്‍
അന്യോന്യം രഹസ്യം പറഞ്ഞു!

ദുഃഖ വെള്ളിയാഴ്ച്ച

ഒരു ദുഃഖ വെള്ളിയാഴ്ച്ചയിലാണല്ലോ
സ്നേഹം മരിച്ചതും ആത്മാവ് നൊന്തതും!
അന്നു തന്നെയാണല്ലോ മനസ്സാക്ഷിയുടെ
കാവല്‍ക്കാരന്റെ കാലുകളില്‍
കാരിരുമ്പാണി തുളച്ചു കയറിയതും!

സ്നേഹമൂറിയ മനസ്സിന്റെ ഉള്ളറയില്‍
കാടത്തവും മണ്ടത്തരവും നിറഞ്ഞ
സുഖലോലുപതയുടെ പാനീയങ്ങള്‍
അല്പ ജ്ഞാനികളും അലസന്മാരും
പിന്നെ അധികാരലോലുപതയുടെ
കുറുക്കന്‍കണ്ണുകളുള്ള കാവല്‍ക്കാരും
ഒന്നുചേര്‍ന്ന്
അനായാസമായി ഇളുപ്പില്ലാത
നിരന്തരമായി നിറച്ചതും
അതിന്റെ ആലസ്യത്തില്‍
മദ്യപിച്ചു മദോന്മത്തരായതുമെല്ലാം
ഇതുപോലെയുള്ള മറ്റൊരു
വെള്ളിയാഴ്ച്ചയിലായിരുന്നല്ലോ!

കളവ്

കവിതയെഴുതിയ
കടലാസ്സുകള്‍
കളവുപോയി,
അല്ല,
കളഞ്ഞു പോയി!
കഴമ്പില്ലാത്ത
ചിന്തകളുടെ
കാമ്പുകള്‍
കരിഞ്ഞുപോയി
അല്ല,
ഒടിഞ്ഞുപോയി!