അമ്മൂമ്മ (4) പഴയ നഗരത്തിലൂടെ

ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.
ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്
അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍
തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍
പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.
അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.
ഇമ്മാനുവേല്‍ പട്ടത്തെയും പിന്തുടര്‍ന്ന് ഒരു പുരാതന നഗരത്തില്‍ എത്തിച്ചേരുന്നു.
ആ നഗരസിരാകേന്ദ്രത്തില്‍ കാലത്തെയും അതിജീവിച്ച് നില്‍ക്കുന്ന ഒരമ്മൂമ്മയുടെ പ്രതിമയില്‍ പട്ടം ഉടക്കി നില്‍ക്ക്കുന്നു.
അതെടുക്കുവാനായി ഇമ്മാനുവെല്‍ ആ പ്രതിമയില്‍ കയറുന്നു. പ്രതിമയുടെ മുഖത്തില്‍ പറ്റിയിരുന്ന പട്ടം എടുക്കുന്നതിനു
തൊട്ടു മുമ്പേ അവന്‍ അമ്മൂമ്മയുടെ മടിയിലേക്ക് കാല്‍ വഴുതി വീഴുന്നു!

ഇമ്മാനുവെല്‍ ഒരു മയക്കത്തിലാണ്ടുപോകുന്നു. അമ്മൂമ്മക്ക് ജീവന്‍ കൈവരുന്നു. പഴയ ജന്മത്തില്‍ ഇമ്മാനുവേലൊരു രാജകുമാരനായിരുന്നുവെന്ന സത്യം അമ്മൂമ്മ അവനോട് പറയുന്നു. അവന്റെ അനുജത്തിയെ ദേവഗണങ്ങള്‍ അവരെ ജീവനോടു കണ്ടുവെന്നതിന്റെ പേരില്‍ ഒരു ശിലാപ്രതിമയാക്കിയെന്നും അറിയിക്കുന്നു.അനുജത്തിയെ തിരികെക്കിട്ടുവായി ആ പ്രതിമയെ അവന്‍ സ്പര്‍ശിക്കണം. അതായിരുന്നു ദേവന്മാര്‍ അവനന്നു നല്‍കിയ വരം!
ഇതെല്ലാം കേട്ട് അത്ഭുത പരതന്ത്രനായ ഇമ്മാനുവെല്‍ അമ്മൂമ്മയെ വീണ്ടും നോക്കുമ്പോഴേക്കും അവര്‍ വീണ്ടും ആ പഴയ പ്രതിമയായി മാറിക്കഴിഞ്ഞിരുന്നു!

ഇനി വീണ്ടും വായിക്കുക.

പഴയ നഗരത്തിലൂടെ

സീന്‍ 4

ഔട്ട് ഡോര്‍

പ്രഭാതം.

പഴയ നഗരം.

ഇമ്മാനുവെല്‍,
ചെരുപ്പു കുത്തി


അമ്മൂമ്മയുടെ മടിയില്‍ക്കിടന്ന് ഉറക്കമുണരുന്ന ഇമ്മാനുവെല്‍.
അവന്‍ കണ്ണുതിരുമ്മി വീണ്ടും,വീണ്ടും പ്രതിമയുടെ മുഖത്തേക്കു നോക്കുന്നു.

അമ്മൂമ്മയുടെ മുഖത്തുള്ള സ്ഥായിയായ സ്നേഹ സന്ദേശം മനസ്സിലാക്കിയതിനാലാണോ ആവോ, അവന്‍ ആത്മസംയമനം പ്രാപിക്കുന്നു.
പ്രതിമയുടെ മടിയില്‍ നിന്നും അവന്‍ മെല്ലെ എഴുന്നേല്‍ക്കുന്നു. എന്നിട്ട് ചുറ്റുപാടും കണ്ണോടിക്കുന്നു.
അത്ഭുതവും ഭീതിയും അവനില്‍ ഒരേ സമയത്തില്‍ ആവേശിക്കുന്നു.

അമ്മൂമ്മയുടെ പ്രതിമയ്ക്ക് ഏതാണ്ടൊരു രണ്ടു നിലക്കെട്ടിടത്തിന്റെയത്രയും ഉയരമുണ്ടായിരുന്നു!
അതിന്റെ മുകളില്‍ നിന്നും ചുറ്റുപാടും നോക്കിയ ഇമ്മാനുവേലിന്റെ മുമ്പില്‍ ആ പഴയ നഗരം പതിയെ തെളിഞ്ഞു വരുന്നു.
പ്രതിമ നിന്നിരുന്ന സ്ഥലം നാലുറോഡുകള്‍ ചേര്‍ന്നിരുന്ന ഒരു സ്ഥലത്തായിരുന്നു. പ്രതിമക്കു ചുറ്റും ഒരു കുഞ്ഞു ജലാശയം ഉണ്ടായിരുന്നിരിക്കണം. ജലാശയത്തിനു ചുറ്റും നിലനിന്നിരുന്ന ഒരു വൃത്താകൃതിയിലുള്ള മതിലിന്റെ അവശിഷ്ടങ്ങള്‍ അവിടെ കാണാമായിരുന്നു.

അവിടെ നിന്നും നോക്കിയാല്‍ക്കാണുന്ന നഗരമാകട്ടെ, പൂര്‍ണ്ണമായും ഇടിഞ്ഞു പൊളിഞ്ഞ ഒരു പ്രേത നഗരത്തിന്റെ പ്രതീതിയാണ് തോന്നിപ്പിച്ചത്! ഒരു യുദ്ധം കഴിഞ്ഞാല്‍ എങ്ങിനെയിരിക്കും...അങ്ങിനെ തോന്നി ആ സ്ഥലം.

അവിടവിടെയായി ചില മരങ്ങള്‍ കാലത്തിന്റെ മുന്നില്‍ ചോദ്യഛിഹ്നങ്ങളായി നിന്നിരുന്നു.ഇലകള്‍ കൊഴിഞ്ഞു പോയിരുന്ന ആ വൃക്ഷങ്ങളില്‍ വവ്വാലുകള്‍ ഞാന്നു കിടന്നു!

ഇമ്മാനുവെല്‍ പതിയെ പ്രതിമയില്‍ നിന്നും താഴേക്ക് ഇറങ്ങുന്നു.

താഴെയിറങ്ങി നിന്ന് അവന്‍ പ്രതിമയെ നോക്കുന്നു.

ഭൂമിയില്‍ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജീവികളായിരുന്നു പ്രതിമയിരുന്ന പീഠം താങ്ങിയിരുന്നത്. ചുറ്റുപാടുമുള്ള എല്ലാ വസ്തുക്കള്‍ക്കും നാശം സംഭവിച്ചിരുന്നുവെങ്കിലും അമ്മൂമ്മ മാത്രം കാലത്തെ അതിജീവിച്ചു! ഒരത്ഭുത പ്രതിഭാസം പോലെ തോന്നുന്നതായിരുന്നു ആ പ്രതിമ. അതിനുള്ളില്‍ ജീവന്‍ തുടിച്ചു നിന്നു!

അമ്മൂമ്മയെ കുറെയലെനിന്നും ഇമ്മാനുവല്‍ നോക്കിക്കാണുന്നു.

ഇനിയെന്ത് എന്നാലോചിക്കാതെ അവനൊരു വഴിയിലൂടെ നടക്കാന്‍ തുടങ്ങുന്നു.

ആരും താമസിക്കാത്ത തെരുവുകളിലൂടെ അവന്‍ നടക്കുന്നു. നശിച്ചു നമാവശേഷമായ തെരുവുകള്‍!
മനുഷ്യന്മാരവിടെ ജീവിക്കുവാനുള്ള ഒരു സാദ്ധ്യതയും കാണുന്നില്ല.

ഒരു തെരുവിന്റെ മൂലയില്‍ നിന്നും പുകയുയരുന്നത് ഇമ്മാനുവേല്‍ കാണുന്നു.

അവനങ്ങോട്ടേക്ക് ചെല്ലുന്നു.

ഒരു തെരുവിന്റെ മൂലയിലായുള്ള ഒരു നശിച്ച കെട്ടിടം.
അതിന്റെ മുന്നില്‍ ഒരായിരം ചെരുപ്പുകള്‍ കൂട്ടിയിട്ടിരിക്കുന്നു.
ഒരാ‍ള്‍ അതിന്റെ മുന്നിലിരുന്ന് ടയറുകള്‍ കത്തിച്ച് തണുപ്പകറ്റി ഇരിക്കുന്നു.
നരച്ചു നീണ്ട തലമുടി അവനു കാണാം. ഒരു പഴയ കീറിത്തുടങ്ങിയിരുന്ന കമ്പിളി അയാള്‍ പുതച്ചിരുന്നു.

ഇമ്മാനുവേല്‍ ആ രൂപത്തിന്റെ തൊട്ടു പിറകിലെത്തുന്നു.

അയാള്‍:“അപ്പോള്‍ നീ വന്നു അല്ലേ..? മടിക്കേണ്ട..മുന്നിലേക്കു വന്നോളൂ..”

ഇമ്മാനുവേല്‍ അനുസരണയോടെ അയാളുടെ മുന്നിലേക്കു ചെല്ലുന്നു.
അയാളെ അവന്‍ നോക്കിക്കാണുന്നു, അയാളവനെയും. നരച്ച താടിയും മുടിയുമുള്ള ഒരു മുത്തച്ഛന്‍! ഒരു കമ്പിളി ഷാള്‍ അദ്ദേഹം പുതച്ചിരുന്നു.
കണ്ണുകളില്‍ നിന്നും ഒരനിയന്ത്രിതമായ പ്രഭ ചുറ്റുപാടും പ്രവഹിക്കുന്നതുപോലെ തോന്നുമായിരുന്നു!!
പ്രപഞ്ച രഹസ്യങ്ങളെപ്പറ്റിയുള്ള ജ്ഞാനം അദ്ദേഹത്തിനു സ്വന്തമായിരുന്നുവെന്ന് നാമെല്ലാം ചിലപ്പോള്‍ വിചാരിച്ചു പോകാം!

ഇമ്മാനുവെല്‍:“അതെ ഞാന്‍ വന്നു..ഞാന്‍ വന്നുവെന്ന് അപ്പൂപ്പനെങ്ങിനെ മനസ്സിലായി..? അപ്പൂപ്പനാരാണ്..ഞാനെവിടെയാണ്..?”

അപ്പൂപ്പന്‍:“ഞാനാരുമല്ല കുട്ടീ..ഞാനൊരു ചെരുപ്പുകുത്തിയാണ്..നീ കാണുന്നില്ലേ ഈ ചെരുപ്പുകളുടെ കൂനകള്‍..?”

ഇമ്മാനുവെല്‍:“കണ്ടു..എന്നിരുന്നാലും അപ്പൂപ്പനെങ്ങിനെയാണ് ഞാന്‍ വരുന്നതറിഞ്ഞത്..?”

അപ്പൂപ്പന്‍:“നീ വളരെ ബുദ്ധിയുള്ളവനാണു കുട്ടീ..അമ്മൂമ്മ നിന്നോടെല്ലാം പറഞ്ഞിട്ടുണ്ടാവണം..അല്ലേ..?”

ഇമ്മാനുവെല്‍ അപ്പൂപ്പനെ അത്ഭുതത്തോടെ നോക്കുന്നു.

ഇമ്മാനുവെല്‍:“അതെ.. അമ്മൂമ്മ എന്നോട് എല്ലാം പറഞ്ഞു..! അതിനെപ്പറ്റിയെന്തെങ്കിലും അപ്പൂപ്പനറിയാമോ..?”

അപ്പൂപ്പന്‍:“നീയെന്നെ കുഴപ്പത്തിലാക്കുമോ എന്റെ കുട്ടീ..? നീ ചോദിച്ചാല്‍ ഒന്നുമെനിക്ക് ഒളിക്കാന്‍ പറ്റില്ല..നിന്നോട് ഞാന്‍ എല്ലാം പറയാം..അതിരിക്കട്ടെ നിനക്കു വിശക്കുന്നുണ്ടോ..??

ഉണ്ട് എന്ന മട്ടില്‍ ഇമ്മാനുവെല്‍ തലയാട്ടുന്നു.

അപ്പൂപ്പന്‍:“വാ മോനേ..അകത്തേക്കു വാ..”

ചെരുപ്പുകുത്തി ഇമ്മാനുവേലിനെയും കൂട്ടി തന്റെ വീടിനകത്തേക്കു പോകുന്നു.


(തുടരും)

Comments :

4 comments to “അമ്മൂമ്മ (4) പഴയ നഗരത്തിലൂടെ”
കാപ്പിലാന്‍ said...
on 

interesting

ജെയിംസ് ബ്രൈറ്റ് said...
on 

നന്ദി കാപ്പിത്സ്.

ഗിരീഷ്‌ എ എസ്‌ said...
on 

ഹൃദ്യം
ഫോണ്ട്‌ സൈസ്‌ ചെറുതായത്‌ കൊണ്ട്‌
വായിക്കാനേറെ പ്രയാസം....


ആശംസകള്‍...

ജെയിംസ് ബ്രൈറ്റ് said...
on 

നന്ദി ഗിരീഷ്.
ഫോണ്ടു സൈസ് ഇനി വലുതാക്കാന്‍ നോക്കാം.