തണുപ്പ്




തണുപ്പ് ഒരുതരം
അരപ്പു പോലെ
അരിച്ചരിച്ചുവന്നു.
തടാകം ഉറഞ്ഞു.
മീനുകളെല്ലാം
ചത്തുപോയി.
ചൂടും വെയിലും
ഇനിയെന്നുവരും?
ചൂണ്ടക്കടക്കാരന്‍
കടയടച്ച് ഉറങ്ങാന്‍
പോയിക്കഴിഞ്ഞിരുന്നു!

വിഷാദ മേഘങ്ങള്‍

കറുത്ത വാവിന്റെ
കരിമഷിയിരുട്ടും
കദനം പൊട്ടിക്കും
കതിനയാം വിങ്ങലും
ഒരു തുണിസഞ്ചിയില്‍
ചുമലില്‍ താങ്ങി
വിളിക്കാതെ
വിരുന്നുവന്ന
വിഷാദ മേഘങ്ങള്‍
നിസ്സഹായനായ
മനസ്സിനെ ഞെരിച്ചു
ശ്വാസം മുട്ടിച്ചു!
ഇടനെഞ്ചിന്റെ
ഭാരമകറ്റാന്‍
മനസ്സാഗ്രഹിച്ചെങ്കിലും
കരഞ്ഞൊഴിയാന്‍
മേഘങ്ങള്‍ കൂട്ടാക്കിയില്ല.

ചൂണ്ട

ജീവിതപ്പുഴ നിറഞ്ഞൊഴുകി.
അയാളുടെ ചൂണ്ടയിലന്നും
ദുഃഖങ്ങള്‍ മാത്രം
പതിവുപോലെ കുടുങ്ങി!


വിശന്നു വലഞ്ഞിരുന്ന
ഭാര്യയും കുഞ്ഞുങ്ങളും
അതു കറിവെച്ചു തിന്നു!
അയാളിരുന്ന് കരഞ്ഞു!