ബൂലോക ഉല്‍പ്പത്തി


ദൈവം ബൂലോകത്തിനെ ഒരു കുന്നിന്റെ രൂപത്തില്‍ ഉണ്ടാക്കിയതിനു ശേഷം ഉറങ്ങുവാന്‍ പോയി.
പിറ്റേന്നു രാവിലെ ആ കുന്ന് മൊട്ടയാണെന്നു ദൈവം കണ്ടു..!
അവിടെ ഏകാന്തതയും വിരഹവും വിളയാന്‍ പോകുന്നുവെന്നു മനസ്സിലാക്കിയ ദൈവം അഞ്ജലി ഓള്‍ഡ് ലിപി, യൂണി കോഡ്,
വരമൊഴി, ഇളമൊഴി തുടങ്ങിയ മാരികളെയും മന്ത്രങ്ങളെയും ആ കുന്നിലേക്ക് അഴിച്ചുവിട്ടു..!
എന്നിട്ട് വീണ്ടും ദൈവം പോയിക്കിടന്ന് നല്ലതുപോലെ ഉറങ്ങി!
കുന്നില്‍ കുഞ്ഞു,കുഞ്ഞു ബോഗുകള്‍ മുളച്ചുവരുന്ന കാഴ്ച്ച കണ്ട് പിറ്റേന്ന് ദൈവത്തിന്റെ മനസ്സു കുളിര്‍ത്തു.
ബ്ലോഗുകളുടെ ഉടമസ്ഥാവകാശം അന്നുതന്നെ ദൈവം മനുഷ്യര്‍ക്കു കൈമാറുകയും ചെയ്തു!

******************************************************************************
അങ്ങിനെയാണത്രേ ബ്ലോഗുകള്‍ ഉണ്ടായത്! പിന്നീട് എന്തൊക്കെയാണു സംഭവിച്ചു കൊണ്ടിരിക്കുന്നെന്ന് അറിയുവാന്‍ ദിവസവും മൂന്നു നേരം വീതം ബ്ലോഗുകള്‍ വായിക്കുക!
മലയാളം കമ്പ്യൂട്ടര്‍ ലിപികള്‍ വികസിപ്പിച്ചെടുത്തവര്‍ ദയവുചെയ്ത് ക്ഷമിക്കണം(ദൈവം നിങ്ങളിലൂടെ പ്രവര്‍ത്തിച്ചുവെന്നു കരുതുക)

സത്യം പറഞ്ഞവനെ കൊന്നു..!


സത്യം പറഞ്ഞോനെ
കൊന്നതിന്‍
പിറ്റേന്നോ,
കള്ളം പറഞ്ഞവന്‍
രാജാവായി!

പാതകം ധാരാളം
മഴപോലെ
പെയ്തപ്പോള്‍
പാതി കുടിച്ചോനോ
മന്ത്രിയായി!

ആനപ്പശു


കാശില്ലാത്തവന്‍
അശു!
കാശുള്ളവനോ
പശു!
അശുവിനു
കാശുണ്ടായാല്‍
അവനും പശു,
ആനപ്പശു!

മനസ്സ്


മനസ്സെന്നും
മന്ത്രിക്കുന്നു
മധുരമെന്നും
മത്തേകുന്നു!

കദനമെന്നും
കരയിക്കുന്നു
കാമിനിയെ
കാമിക്കുന്നു!

സുന്ദരി കരയുന്നു..!


സുന്ദരി കരഞ്ഞു..!
മനസ്സു തേങ്ങി കരഞ്ഞു!
കരയുമ്പോളവളില്‍
ശാകുന്തളം വിരിയും പോലും!
ആസ്വാദക ചെങ്ങാതിമാര്‍
കവിതകള്‍ രചിച്ചു!

കണ്ണുനീര്‍ത്തുള്ളികള്‍
മുത്തുമണികളാണത്രേ!
കരയുന്ന സുന്ദരികളില്‍
കവിതയുണ്ടു പോലും!
ശാകുന്തളങ്ങളെല്ലാം
അങ്ങിനെയുണ്ടായി!

അമ്മയെനിക്കു തരുന്നത്..!


അമ്മയെനിക്ക്
എന്തെല്ലാമോ
തിന്നുവാനും
കുടിക്കുവാനും
എന്നുമെന്നും
തരുന്നു.
അതു ഞാന്‍
കഴിക്കാഞ്ഞെന്നാല്‍,
അവര്‍ക്കു
ദേഷ്യം വരുന്നു!
എന്തിനാണവര്‍ക്കു
ദേഷ്യം വരുന്നത്?
എനിക്കൊന്നും
മനസ്സിലാവുന്നില്ല!
കാര്യമെന്താണെന്ന്
അറിയുമോ..?
ഞാനിന്നും എന്റെ
പിതാവിനൊപ്പം
വലുതായിട്ടില്ല പോലും..!