ഉറങ്ങിക്കിടന്ന മനസ്സിനെ
ചന്നം പിന്നം പെയ്തു വന്ന
ഓര്‍മ്മകളാണ്
വിളിച്ചുണര്‍ത്തിയത്.
മനസ്സിനു മുറിവേറ്റ
അഞ്ചുപേരെ
ഞാനന്നേരം കണ്ടു.
മനോസഞ്ചാരത്തിനിടെ
എന്തോ അപകടം
പിണഞ്ഞു പോലും!
മനസ്സിനു മരണമില്ലത്രേ..
അതിനാലാവാം
മുറിവോടെ രക്ഷപെട്ടത്!
മുറിവേറ്റ മനസ്സുകള്‍
ജെയിംസ് ബ്രൈറ്റ് , Monday, October 12, 2009ഏതു കിളി..?
ജെയിംസ് ബ്രൈറ്റ് , Thursday, March 12, 2009
മനസ്സിനിഷ്ടം ഏതു കിളി..?
മഞ്ഞയുള്ളൊരു മഞ്ഞക്കിളി.
ചുണ്ടില്‍ ചോപ്പുള്ളതേതു കിളി..?
പച്ചയുള്ളൊരു പച്ചക്കിളി.
തന്ത്രം മെനയുന്നതേതു കിളി..?
കാക്ക നിറമുള്ള കാക്കക്കുയില്‍.
രാഗമോതുന്നതേതു കിളി..?
മന്ത്രം മൂളുന്ന മൈനക്കിളി.
അമ്മൂമ്മ (8)
ജെയിംസ് ബ്രൈറ്റ് , Tuesday, February 10, 2009കഥ ഇതുവരെ.
ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.
അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.
ഇമ്മാനുവേല്‍ പട്ടത്തെയും പിന്തുടര്‍ന്ന് ഒരു പുരാതന നഗരത്തില്‍ എത്തിച്ചേരുന്നു.
ആ നഗരസിരാകേന്ദ്രത്തില്‍ കാലത്തെയും അതിജീവിച്ച് നില്‍ക്കുന്ന ഒരമ്മൂമ്മയുടെ പ്രതിമയില്‍ പട്ടം ഉടക്കി നില്‍ക്കുന്നു.അതെടുക്കുവാനായി ഇമ്മാനുവെല്‍ ആ പ്രതിമയില്‍ കയറുന്നു.
പ്രതിമയുടെ മുഖത്തില്‍ പറ്റിയിരുന്ന പട്ടം എടുക്കുന്നതിനുതൊട്ടു മുമ്പേ അവന്‍ അമ്മൂമ്മയുടെ മടിയിലേക്ക് കാല്‍ വഴുതി വീഴുന്നു!
ഇമ്മാനുവെല്‍ ഒരു മയക്കത്തിലാണ്ടുപോകുന്നു.
അമ്മൂമ്മക്ക് ജീവന്‍ കൈവരുന്നു.
പഴയ ജന്മത്തില്‍ ഇമ്മാനുവേലൊരു രാജകുമാരനായിരുന്നുവെന്ന സത്യം അമ്മൂമ്മ അവനോട് പറയുന്നു.
അവന്റെ അനുജത്തിയെ ദേവഗണങ്ങള്‍ അവരെ ജീവനോടു കണ്ടുവെന്നതിന്റെ പേരില്‍ ഒരു ശിലാപ്രതിമയാക്കിയെന്നും അറിയിക്കുന്നു.
അനുജത്തിയെ തിരികെക്കിട്ടുവായി ആ പ്രതിമയെ അവന്‍ സ്പര്‍ശിക്കണം. അതായിരുന്നു ദേവന്മാര്‍ അവനന്നു നല്‍കിയ വരം!
ഇതെല്ലാം കേട്ട് അത്ഭുത പരതന്ത്രനായ ഇമ്മാനുവെല്‍ അമ്മൂമ്മയെ വീണ്ടും നോക്കുമ്പോഴേക്കും അവര്‍ വീണ്ടും ആ പഴയ പ്രതിമയായി മാറിക്കഴിഞ്ഞിരുന്നു!
ഇമ്മാനുവല്‍ രാവിലെ അമ്മൂമ്മയുടെ മടിയില്‍ ഉറക്കമുണരുന്നു.
അവിടെനിന്നും എഴുന്നേറ്റ് അവന്‍ പഴയ നഗരത്തിലൂടെ നടക്കുന്നു.
ചെരുപ്പുകുത്തിയുമായി അവന്‍ സംസാരിക്കുന്നു.
അയാളവനെ തന്റെ വീട്ടിനുള്ളിലേക്കു ക്ഷണിക്കുന്നു.
അമ്മൂമ്മ പഴയ നഗരത്തെ തന്റെ കണ്ണുനീരുകൊണ്ടു ശത്രുസൈന്യത്തില്‍ നിന്നും രക്ഷിച്ചെന്നും അവരുടെ പ്രതിമ ദേവലോകത്തുള്ള ശില്പികളാണ് നിര്‍മ്മിച്ചതെന്നുമുള്ള സത്യം ചെരുപ്പുകുത്തി ഇമ്മാനുവേലിനെ അറിയിക്കുന്നു.
മുണ്ടനെന്ന കുട്ടിയെ ഇമ്മാനുവേല്‍ പരിചയപ്പെടുന്നു.
അവന്‍ ചെരുപ്പുകുത്തിയുടെ വീട്ടില്‍ കഴിയുന്നുവെന്ന കാര്യം ഇമ്മാനുവേലിനോട് പറയുന്നു.
പ്രേതപ്പട്ടിയെ അവനു പേടിയാണെന്നും, എന്നാല്‍ ചെരുപ്പുകുത്തിയെ ഏതു പ്രേതവും പേടിക്കുമെന്നും മുണ്ട്ന്‍ ഇമ്മാനുവേലിനെ അറിയിക്കുന്നു.
ഇനി വായിക്കുക.
ഇറച്ചിക്കട
പകല്‍
ഔട്ട് ഡോര്‍
ഇറച്ചിവെട്ടുകാരന്‍
ഇറച്ചി പൊതിയുന്നവന്‍
ഇമ്മാനുവേല്‍
മുണ്ടന്‍
പഴയ നഗരത്തിന്റെ ഒരു കോണില്‍ സ്ഥിതിചെയ്യുന്ന ഇറച്ചിക്കട. ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടത്തിലാണ് അതു സ്ഥിതിചെയ്യുന്നത്. പൊക്കമുള്ളതും വട്ടത്തിലുള്ളതുമായ ഒരു തടിമുട്ടത്തില്‍ വച്ച് ഇറച്ചി വെട്ടുന്ന ഇറച്ചിവെട്ടുകാരന്‍. തിളങ്ങുന്ന ഭീമാകാരമായ കത്തി ഇറച്ചിക്കഷണങ്ങളില്‍ വീഴുമ്പോള്‍ അയാളുടെ മസിലുകള്‍ തുടിക്കുന്നതു നമുക്ക് കാണാം!
അയാളുടെ താഴെയായി ഒരു സ്റ്റൂളിലിരിക്കുന്ന ഇറച്ചിപൊതിയുന്നയാള്‍. അയാളുടെ മുഖത്ത് ഒരു ഭീതി നമുക്കു കാണാം. ഇറച്ചി വെട്ടുകാരന്റെ ഓരോ വെട്ടിലും ഭീതിയാല്‍ ഞെട്ടുന്ന ഇറച്ചി പൊതിയുന്നവന്‍.
അവരുടെ തലക്കുമുകളില്‍ തൂങ്ങിയാടുന്ന കൂട്ടിലിരുന്ന് അവരെ വീക്ഷിക്കുന്ന തത്തമ്മ.
ദൂരെ, ഒരു മതിലിന്റെ പിറകില്‍ നിന്നും ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന മുണ്ടനും ഇമ്മാനുവേലും.
ഇമ്മാനുവേല്‍:“മുണ്ടാ...നിനക്കറിയാമോ..ഇതെന്താന്ന്..?”
മുണ്ടന്‍:“ഇതോ..ഇറച്ചിക്കട..”
ഇമ്മാനുവേല്‍:“ഓ..!”
മുണ്ടന്‍:“ആ കാണുന്ന തടിയനാ ഇറച്ചിവെട്ടുകാരന്‍..ക്രൂരനാ..പേടിക്കണം..!”
ഇമ്മാനുവേല്‍:“ആ താഴെയിരിക്കുന്ന ആ പാവം ഏതാ..?”
മുണ്ടന്‍:“അതാ ഇറച്ചി പൊതിയുന്നവന്‍..!”
ഇമ്മാനുവെല്‍:“പാവം..!”
മുണ്ടന്‍:“അതേ..!”
ഇമ്മാനുവേല്‍:“നമുക്കവിടുന്ന് കുറച്ച് ഇറച്ചി വാങ്ങിയാലോ..?”
മുണ്ടന്‍:“അയ്യോ..അവിടുന്നാരും ഇറച്ചി വാങ്ങാറില്ല...!”
ഇമ്മാനുവെല്‍:“അതെയോ..?”
മുണ്ടന്‍:“അതേ..!”
ഇമ്മാനുവേല്‍:“പിന്നെ ആര്‍ക്കുവേണ്ടിയാ അവരാ ഇറച്ചി വെട്ടുന്നത്..?”
മുണ്ടന്‍:“എന്നും രാവിലെമുതല്‍ അവരിതു ചെയ്യാന്‍ തുടങ്ങും!
രാത്രിയായാല്‍പ്പിന്നെ ഇറച്ചിവെട്ടുകാരനെങ്ങോട്ടോ പോകും...! പിന്നെയാ ഇറച്ചി പൊതിയുന്നയാളും തത്തമ്മയും മാത്രമേ അവിടെയുണ്ടാവൂ..!”
ഇമ്മാനുവേല്‍:“അതെയോ..?”
മുണ്ടന്‍:“ആ ഇറച്ചിപൊതിയുന്നവനൊരു പേടിത്തൊണ്ടനാ..എങ്ങിനെ അയാളവിടെ കഴിയുന്നുവോ ആവോ..?”
ഇമ്മാനുവെല്‍:“എനിക്കാണെങ്കില്‍ ഇപ്പോള്‍ത്തന്നെ പേടിയാവുന്നു..!”
മുണ്ടന്‍:“നീയെന്തിനാ പേടിക്കുന്നെ..?”
ഇമ്മാനുവെല്‍:“പിന്നെ പേടിക്കണ്ടെ. ?”
മുണ്ടന്‍:“നമ്മുടെ അപ്പൂപ്പനുള്ളടുത്തോളം കാലം നമുക്കു പേടിക്കണ്ട..!”
ഇമ്മാനുവെല്‍:“എന്റെ പേടി അതല്ല..!”
മുണ്ടന്‍:“പിന്നെന്താ..?”
ഇമ്മാനുവെല്‍:“ഒരിക്കലീ ഇറച്ചിയെല്ലാം തീരുമ്പം ആ ഇറച്ചിവെട്ടുകാരന്‍ ആ തത്തമ്മയെ ഇറച്ചിക്കു വേണ്ടി കൊല്ലുമോ മുണ്ടാ..?”
മുണ്ടന്‍ ഒന്നും മിണ്ടാതെ ആലോചിച്ചുനില്‍ക്കുന്നു. അവന്റെ മുഖത്തും പതിയെ ഒരു ഭീതി പടരുന്നു.
(തുടരും)
അമ്മൂമ്മ(7)
ജെയിംസ് ബ്രൈറ്റ് , Monday, January 5, 2009കഥയെപ്പറ്റി അറിയുവാന്‍ ദയവായി മുന്‍ഭാഗങ്ങള്‍ വായിക്കുക.
സീന്‍ (7)
ഔട്ട് ഡോര്‍
രാത്രി
ഇമ്മാനുവെല്‍
മുണ്ടന്‍.
മുണ്ടനും ഇമ്മാനുവേലും ചെരുപ്പുകുത്തിയുടെ വീടിനു മുമ്പിലായി കട്ടിലില്‍ കിടക്കുന്നു. അവര്‍ ഒരു കട്ടില്‍ വീടിനു പുറത്ത് പിടിച്ചിട്ട് കിടക്കുകയാണ്. ആകാശം പ്രകാശമാനമായതിനാല്‍ അമ്പിളിയമ്മാവന്‍ അവിടെ നില്‍ക്കുന്നതവര്‍ക്കു കാണാമായിരുന്നു. രണ്ടുപേരും കട്ടിലില്‍ മലര്‍ന്നു കിടക്കുന്നു.
മുണ്ടന്‍:“നീ വന്നെതെനിക്കെന്തുമാത്രം സന്തോഷമായെന്നു നിനക്കറിയാമോ..? ഞാനിവിടെയിക്കാലമേല്ലാം ഒറ്റക്കായിരുന്നു..!”
ഇമ്മാനുവെല്‍:“ഞാനിപ്പം എന്തായാലും നിന്റെയടുത്ത് വന്നില്ലെ..?”
മുണ്ടന്‍:“നീ വരുന്നെന്ന് അമ്മൂമ്മ എന്നോട് പറഞ്ഞിരുന്നു..!”
ഇമ്മാനുവെല്‍:“അമ്മൂമ്മ എന്നോടും പല കാര്യങ്ങളും പറഞ്ഞു..!”
മുണ്ടന്‍:“നീ എവിടൂന്നാ വരുന്നെ..?”
ഇമ്മാനുവെല്‍:“അനാഥാലയത്തീന്ന്..”
മുണ്ടന്‍:“ഞാനും അനാഥനാ..എന്റെ അമ്മയും അപ്പനും തമിഴ്നാട്ടുകാരാണെന്നാ അപ്പൂപ്പന്‍ എന്നോടു പറഞ്ഞത്..ഞാനവരെ ഒരിക്കലും കണ്ടിട്ടില്ല..!”
ഇമ്മാനുവെല്‍:“നീയെങ്ങിനെ ഇവിടെ വന്നു..?”
മുണ്ടന്‍:“അതെനിക്കറിയില്ല..എനിക്കോര്‍മ്മയായ കാലം മുതല്‍ ഞാന്‍ അപ്പൂപ്പന്റെ കൂടെയാ..!”
ഇമ്മാനുവെല്‍:“നിനക്കിവിടെ പേടി തോന്നുന്നുണ്ടോ..?”
മുണ്ടന്‍:“അങ്ങിനെയൊന്നും ഇല്ല..പക്ഷേ..ആ പ്രേതപ്പട്ടിയെ എനിക്കു പേടിയാണ്..!”
ഇമ്മാനുവെല്‍:“പ്രേതപ്പട്ടിയോ..? അതെന്താ..?”
മുണ്ടന്‍:“അതൊരു ഭയാനകമായ പട്ടിയുടെ പ്രേതമാ..! അതിനെ കണ്ടാല്‍ ലോകമാകെ പേടിക്കും!”
ഇമ്മാനുവെല്‍:“അതെങ്ങാനം ഇപ്പോളിങ്ങോട്ട് വരുമോ..?”
മുണ്ടന്‍:“ഇവിടെ അവന്‍ വരില്ല..!”
ഇമ്മാനുവേല്‍:“അതെന്താ..?”
മുണ്ടന്‍:“അപ്പൂപ്പനെ അവനു പേടിയാ..!”
ഇമ്മാനുവെല്‍:“ഈ അപ്പൂപ്പന്‍ ആരാ..?”
മുണ്ടന്‍:“അപ്പൂപ്പന്‍ എന്റെ എല്ലാമാ..!”
ഇമ്മാനുവേല്‍:“അന്നേരം അമ്മൂമ്മയോ..?”
മുണ്ടന്‍:“അമ്മൂമ്മ ഒരു പ്രതിമയായി ഇരിക്കുമെങ്കിലും അവര്‍ക്കു ജീവനുണ്ട്..അവരു നമ്മളോട് പലതും പറയും..! അവരു പറയുന്നതില്‍ സത്യമുണ്ട്..കാരണം നീ വരുമെന്നെന്നോടവരു പറഞ്ഞിരുന്നതല്ലേ..?”
ഇമ്മാനുവെല്‍:“അതേ അമ്മൂമ്മ ഒരു സത്യമാണ്..!”
കുട്ടികള്‍ രണ്ടും പതിയെ ഉറങ്ങുന്നു.
(തുടരും)
അമ്മൂമ്മ(6) മുണ്ടന്‍ വരുന്നു!
ജെയിംസ് ബ്രൈറ്റ് , Sunday, January 4, 2009കഥ ഇതുവരെ
ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്അന്തരീക്ഷം കലുഷിതമാകുന്നു.ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.ഇമ്മാനുവേല്‍ പട്ടത്തെയും പിന്തുടര്‍ന്ന് ഒരു പുരാതന നഗരത്തില്‍ എത്തിച്ചേരുന്നു.ആ നഗരസിരാകേന്ദ്രത്തില്‍ കാലത്തെയും അതിജീവിച്ച് നില്‍ക്കുന്ന ഒരമ്മൂമ്മയുടെ പ്രതിമയില്‍ പട്ടം ഉടക്കി നില്‍ക്ക്കുന്നു.അതെടുക്കുവാനായി ഇമ്മാനുവെല്‍ ആ പ്രതിമയില്‍ കയറുന്നു. പ്രതിമയുടെ മുഖത്തില്‍ പറ്റിയിരുന്ന പട്ടം എടുക്കുന്നതിനുതൊട്ടു മുമ്പേ അവന്‍ അമ്മൂമ്മയുടെ മടിയിലേക്ക് കാല്‍ വഴുതി വീഴുന്നു!
ഇമ്മാനുവെല്‍ ഒരു മയക്കത്തിലാണ്ടുപോകുന്നു. അമ്മൂമ്മക്ക് ജീവന്‍ കൈവരുന്നു. പഴയ ജന്മത്തില്‍ ഇമ്മാനുവേലൊരു രാജകുമാരനായിരുന്നുവെന്ന സത്യം അമ്മൂമ്മ അവനോട് പറയുന്നു. അവന്റെ അനുജത്തിയെ ദേവഗണങ്ങള്‍ അവരെ ജീവനോടു കണ്ടുവെന്നതിന്റെ പേരില്‍ ഒരു ശിലാപ്രതിമയാക്കിയെന്നും അറിയിക്കുന്നു.അനുജത്തിയെ തിരികെക്കിട്ടുവായി ആ പ്രതിമയെ അവന്‍ സ്പര്‍ശിക്കണം. അതായിരുന്നു ദേവന്മാര്‍ അവനന്നു നല്‍കിയ വരം!
ഇതെല്ലാം കേട്ട് അത്ഭുത പരതന്ത്രനായ ഇമ്മാനുവെല്‍ അമ്മൂമ്മയെ വീണ്ടും നോക്കുമ്പോഴേക്കും അവര്‍ വീണ്ടും ആ പഴയ പ്രതിമയായി മാറിക്കഴിഞ്ഞിരുന്നു!
ഇമ്മാനുവല്‍ രാവിലെ അമ്മൂമ്മയുടെ മടിയില്‍ ഉറക്കമുണരുന്നു. അവിടെനിന്നും എഴുന്നേറ്റ് അവന്‍ പഴയ നഗരത്തിലൂടെ നടക്കുന്നു. ചെരുപ്പുകുത്തിയുമായി അവന്‍ സംസാരിക്കുന്നു. അയാളവനെ തന്റെ വീട്ടിനുള്ളിലേക്കു ക്ഷണിക്കുന്നു.
അമ്മൂമ്മ പഴയ നഗരത്തെ തന്റെ കണ്ണുനീരുകൊണ്ടു ശത്രുസൈന്യത്തില്‍ നിന്നും രക്ഷിച്ചെന്നും അവരുടെ പ്രതിമ ദേവലോകത്തുള്ള ശില്പികളാണ് നിര്‍മ്മിച്ചതെന്നുമുള്ള സത്യം ചെരുപ്പുകുത്തി ഇമ്മാനുവേലിനെ അറിയിക്കുന്നു.
ഇനി തുടര്‍ന്നു വായിക്കുക.
സീന്‍ 6
വൈകുന്നേരം.
ഔട്ട് ഡോര്‍
പഴയ നഗരം
മുണ്ടന്‍
ഇമ്മാനുവെല്‍
ചെരുപ്പുകുത്തി
പഴയ നഗരം. നഗരകവാടം കാണുമാറാകുന്നു. പത്തു വയസ്സു തോന്നിക്കുമെങ്കിലും ഉയരം താരതമ്യേന കുറഞ്ഞ ഒരു കുട്ടി കവാടം കടന്ന് ഉള്ളിലേക്ക് വരുന്നു. ഒരു പഴയ സൈക്കിളിന്റെ ടയര്‍ അവനൊരു കമ്പു കൊണ്ട് അടിച്ചുരുട്ടിക്കൊണ്ടാണു വരുന്നത്! ഇടത്തോട്ടും വലത്തോട്ടും ആ ടയറിനെ അവന്‍ അത്ഭുതകരമായി തിരിക്കുന്നു. അമ്മൂമ്മയുടെ പ്രതിമയുടെ മുമ്പില്‍ അവനെത്തുന്നു. അവന്‍ പ്രതിമയെ വലം വയ്ക്കുന്നു.
അതിനുശേഷം പ്രതിമയുടെ മുന്നില്‍ വന്ന് നില്‍കുന്നു. പ്രതിമയെ അവന്‍ സൂഷ്മമായി നോക്കുന്നു.
കുട്ടി:“അമ്മൂമ്മേ..എന്നെ ഇന്നീം കളിപ്പിക്കുകയാ..അല്ലേ..?..ഞാനൊന്നും കാര്യമാക്കീട്ടില്ല..കേട്ടോ..! എന്നോടെന്തിനാ ഇങ്ങിനെ ചെയ്യുന്നത്?..ഞാനൊരു പാവമായോണ്ടാണോ..? ഒരു കൂട്ടുകാരനെ തരാമെന്നു പറഞ്ഞപ്പോള്‍ ഞാനങ്ങു വിശ്വസിച്ചു. എത്ര നാളായി ഞാന്‍ കത്തിരിക്കുന്നെന്നറിയാമല്ലോ..!”
അവന്‍ അമ്മൂമ്മയെ വീണ്ടും നോക്കിയിട്ട് തന്റെ യാത്ര തുടരുന്നു.
ടയറുമുരുട്ടി ഓടുന്ന അവന്‍ ചെരുപ്പുകുത്തിയുടെ വീടിനടുത്തുവന്ന് അത്ഭുതത്താല്‍ ഒരു പ്രതിമപോലെ നില്‍ക്കുന്നു!
ചെരുപ്പുകുത്തിയുടെ വീടിനുമുമ്പില്‍ നില്‍ക്കുന്ന ഇമ്മാനുവെല്‍!
ഇമ്മാനുവേലിനെക്കണ്ട കുട്ടി വിശ്വസിക്കാനാവാതെ അവനെ നോക്കുന്നു.
രണ്ടുപേരും പരസ്പരം കാണുന്നു.
ഇമ്മാനുവേലിന്റെ മുഖത്തും അത്ഭുതം.
ഇമ്മാനുവെല്‍::“നീയാരാ..?”
കുട്ടി:“ഞാന്‍ മുരുകന്‍..പക്ഷേ എല്ലാരും എന്നെ മുണ്ടനെന്നാ വിളിക്കുന്നത്..! കുട്ടിയേതാ..? എന്നിവിടെ വന്നു..?”
ഇമ്മാനുവെല്‍:“ഞാന്‍ ഇമ്മാനുവെല്‍...ഇന്നിവിടെ വന്നു എന്നു പറയാം...ഇന്നലെ ഞാന്‍ അമ്മൂമ്മയുടെ അടുത്തായിരുന്നു!”
അതുകേട്ട് മുണ്ടന്‍ ഒരു നിമിഷം ആലോചനയില്‍ മുഴുകുന്നു. അമ്മൂമ്മ പറഞ്ഞിരുന്ന കൂട്ടുകാരന്‍ ഇമ്മാനുവേലാണെന്നവന്‍ കരുതുന്നു.
മുണ്ടന്‍:“അതു ശരി...അമ്മൂമ്മ നിന്നെപ്പറ്റി എന്നോട് പറഞ്ഞിരുന്നു..”
ഇമ്മാനുവെല്‍:“എന്നെപ്പറ്റി നിന്നോട് അമ്മൂമ്മ പറഞ്ഞിരുന്നെന്നോ..?”
മുണ്ടന്‍:“അതേ..സ്വപ്നത്തില്‍ അമ്മൂമ്മ എന്നോട് നീ വരുമെന്ന് പറഞ്ഞിരുന്നു. നീ വരുന്നതും കാത്തിരിക്കുകയായിരുന്നു ഞാന്‍..!”
ഇമ്മാനുവെല്‍:“അതെയോ..?ഞാനാരാണെന്നു നിനക്കറിയാമോ...?”
മുണ്ടന്‍:“അറിയാം..നീ എന്റെ കൂട്ടുകാരന്‍...നിന്നെയും കാത്താണീ നാളുകളൊക്കെയും ഞാന്‍ കഴിച്ചു കൂട്ടിയത്..!”
ഇമ്മാനുവെല്‍ മുണ്ടനെ സ്നേഹത്തോടെ നോക്കുന്നു.
രണ്ടുപേരുടെയും സംഭാഷണം കേട്ടുകൊണ്ടു നില്‍ക്കുന്ന ചെരുപ്പുകുത്തി.
ചെരുപ്പുകുത്തി:“എന്താണു കൂട്ടുകാര്‍ തമ്മില്‍ പറയുന്നത്...!”
ഇമ്മാനുവേല്‍ രണ്ടു പേരെയും മാറി, മാറി നോക്കുന്നു.
ചെരുപ്പുകുത്തി:(ഇമ്മാനുവേലിനോടായി):“ഇവന്‍ മുണ്ടന്‍...ഇവനെന്റെ കൂടെ താമസിക്കുന്നു..ഇവനിത്രയും കാലം നിന്നെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു..!”
മുണ്ടന്‍ ഇമ്മാനുവേലിനെ പ്രതീക്ഷയോടെ നോക്കിനില്‍ക്കുന്നു. ഇമ്മാനുവേലാകട്ടെ ഒന്നും മനസ്സിലാകാത്ത രീതിയില്‍ രണ്ടു പേരെയും നോക്കുന്നു.
(തുടരും)
അമ്മൂമ്മ(5) ചെരുപ്പുകുത്തിയുടെ വീട്.
ജെയിംസ് ബ്രൈറ്റ് , Friday, January 2, 2009ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.
ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്
അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍
തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍
പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.
അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.
ഇമ്മാനുവേല്‍ പട്ടത്തെയും പിന്തുടര്‍ന്ന് ഒരു പുരാതന നഗരത്തില്‍ എത്തിച്ചേരുന്നു.
ആ നഗരസിരാകേന്ദ്രത്തില്‍ കാലത്തെയും അതിജീവിച്ച് നില്‍ക്കുന്ന ഒരമ്മൂമ്മയുടെ പ്രതിമയില്‍ പട്ടം ഉടക്കി നില്‍ക്ക്കുന്നു.
അതെടുക്കുവാനായി ഇമ്മാനുവെല്‍ ആ പ്രതിമയില്‍ കയറുന്നു. പ്രതിമയുടെ മുഖത്തില്‍ പറ്റിയിരുന്ന പട്ടം എടുക്കുന്നതിനു
തൊട്ടു മുമ്പേ അവന്‍ അമ്മൂമ്മയുടെ മടിയിലേക്ക് കാല്‍ വഴുതി വീഴുന്നു!
ഇമ്മാനുവെല്‍ ഒരു മയക്കത്തിലാണ്ടുപോകുന്നു. അമ്മൂമ്മക്ക് ജീവന്‍ കൈവരുന്നു. പഴയ ജന്മത്തില്‍ ഇമ്മാനുവേലൊരു രാജകുമാരനായിരുന്നുവെന്ന സത്യം അമ്മൂമ്മ അവനോട് പറയുന്നു. അവന്റെ അനുജത്തിയെ ദേവഗണങ്ങള്‍ അവരെ ജീവനോടു കണ്ടുവെന്നതിന്റെ പേരില്‍ ഒരു ശിലാപ്രതിമയാക്കിയെന്നും അറിയിക്കുന്നു.അനുജത്തിയെ തിരികെക്കിട്ടുവായി ആ പ്രതിമയെ അവന്‍ സ്പര്‍ശിക്കണം. അതായിരുന്നു ദേവന്മാര്‍ അവനന്നു നല്‍കിയ വരം!
ഇതെല്ലാം കേട്ട് അത്ഭുത പരതന്ത്രനായ ഇമ്മാനുവെല്‍ അമ്മൂമ്മയെ വീണ്ടും നോക്കുമ്പോഴേക്കും അവര്‍ വീണ്ടും ആ പഴയ പ്രതിമയായി മാറിക്കഴിഞ്ഞിരുന്നു!
ഇമ്മാനുവല്‍ രാവിലെ അമ്മൂമ്മയുടെ മടിയില്‍ ഉറക്കമുണരുന്നു. അവിടെനിന്നും എഴുന്നേറ്റ് അവന്‍ പഴയ നഗരത്തിലൂടെ നടക്കുന്നു. ചെരുപ്പുകുത്തിയുമായി അവന്‍ സംസാരിക്കുന്നു. അയാളവനെ തന്റെ വീട്ടിനുള്ളിലേക്കു ക്ഷണിക്കുന്നു.
സീന്‍ 5
ഇന്‍ഡോര്‍
പ്രഭാതം
ചെരുപ്പുകുത്തിയുടെ വീട്.
ഇമ്മാനുവല്‍
ചെരുപ്പുകുത്തി
ചെരുപ്പുകുത്തിയുടെ വീടിനകം. ഒരുപയോഗശൂന്യമായ കെട്ടിടം അയാള്‍ തന്റെ വീടാക്കി മാറ്റിയിരിക്കുന്നു. ഒരു മുറി മാത്രമേയുള്ളു വീടിനുള്ളില്‍. അത്യാവശ്യത്തിനുള്ള ഫര്‍ണിച്ചറുകള്‍ കാണാം. ഒരു തീന്‍ മേശയും നാലു കസേരകളും മുറിയുടെ നടുവില്‍. രണ്ടു കട്ടിലുകള്‍ മുറിയുടെ രണ്ടു വശങ്ങളിലായി. എല്ലാം വളരെ പഴക്കം തോന്നിക്കുന്നവ. മുറിയുടെ മൂലയില്‍ അടുപ്പു കൂട്ടിയിരിക്കുന്നു. കുറെ പഴയ പാത്രങ്ങള്‍ അവിടെയുണ്ട്.
ഇമ്മാനുവേലും ചെരുപ്പുകുത്തിയും തീന്‍ മേശക്ക് ഇരുവശവുമായി ഇരിക്കുന്നു.
ഇമ്മാനുവേലിന്റെ മുന്നിലായി ഒരു ഞണുങ്ങിയ അലുമിനിയം പാത്രത്തില്‍ ആവി പൊങ്ങുന്ന കഞ്ഞി.
ചെരുപ്പുകുത്തി:“കഞ്ഞി കുടിക്ക്..”
ഇമ്മാനുവേല്‍ ആര്‍ത്തിയോടെ കഞ്ഞി പാത്രത്തില്‍ നിന്നും നേരിട്ടു തന്നെ കുടിക്കുന്നു. അവന്റെ ആര്‍ത്തി ചെരുപ്പുകുത്തി ഒരു വാത്സല്യത്തോടെ നോക്കിയിരിക്കുന്നു. കഞ്ഞി കുടിച്ചു തീര്‍ന്ന ഇമ്മാനുവേല്‍ ചെരുപ്പു കുത്തിയെ നോക്കുന്നു.
ചെരുപ്പുകുത്തി:“എന്താ നിനക്ക് അറിയേണ്ടത്..?”
ഇമ്മാനുവേല്‍:“എനിക്കെല്ലാം അറിയണം..അപ്പൂപ്പന്‍ ആരാണ്..?”
ചെരുപ്പുകുത്തി:“ഞാനൊരു ചെരുപ്പുകുത്തി..കാലങ്ങളായി അതാണെന്റെ തൊഴില്‍..!”
ഇമ്മാനുവേല്‍:“അപ്പോള്‍ അമ്മൂമ്മ..?”
ചെരുപ്പുകുത്തി:“അമ്മൂമ്മയോ..? അതൊരു പഴയ കഥയാണു കുട്ടീ..ഈ നഗരം നീ കണ്ടുവല്ലോ..? ഇതൊരുകാലത്ത് ഒരു സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു. ഇന്നെല്ലാം നശിച്ചു പോയി..എന്നിരുന്നാലും ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല!”
ഇമ്മാനുവെല്‍:“എന്താണുണ്ടായത്..?”
ചെരുപ്പുകുത്തി:“ഒരു യുദ്ധം ഇവിടെയുണ്ടായി. ഈ നഗരത്തിനെ ശത്രുക്കള്‍ കീഴ്പ്പെടുത്തി..ഇവിടുത്തെ ഓരോ കുഞ്ഞും ശത്രു സൈന്യത്തിന്റെ വാളിനിരയായി..ആര്‍ക്കും ഈ നഗരത്തിനെ രക്ഷിക്കാന്‍ കഴിയാത്ത ഒരു നില വന്നു..!”
ഇമ്മാനുവേല്‍:“എന്നിട്ട്..?”
ചെരുപ്പുകുത്തി:“എവിടുന്നാണെന്നറിയില്ല...അമ്മൂമ്മ അവിടെയെത്തി. അവരുടെ കണ്ണുകളില്‍ രോഷാഗ്നി ആളിക്കത്തി.. കണ്ണുനീര്‍ അവരില്‍നിന്നും ഒരു ലാവയായി പ്രവഹിച്ചു..ആ ലാവയില്‍ എല്ലാ ശത്രു സൈന്യങ്ങളും കരിഞ്ഞു ചാമ്പലായി..!”
ഇമ്മാനുവെല്‍ അത്ഭുത്തത്തോടെ ആതു കേട്ടിരിക്കുന്നു.
ഇമ്മാനുവേല്‍:“വിശ്വസിക്കാനാവുന്നില്ല..!”
ചെരുപ്പുകുത്തി:“അതേ കുട്ടീ..നീയിന്നു കാണുന്ന ആ പ്രതിമയില്ലേ..? അത് ദേവലോകത്തു നിന്നും വന്ന ശില്പികളാണു നിര്‍മ്മിച്ചത്..! ലോകത്തിലെ ഏതു വസ്തു നശിച്ചാലും അതു നശിക്കില്ല കുട്ടീ..!”
ഇമ്മാനുവെല്‍:“അമ്മൂമ്മയെന്നോടു പറഞ്ഞകാര്യങ്ങള്‍ അപ്പൂപ്പനറിയാമോ..?”
ചെരുപ്പുകുത്തി ചിരിക്കുന്നു.
ചെരുപ്പുകുത്തി:“എല്ലാമെനിക്കറിയാംകുട്ടീ..നിന്നെ ഞങ്ങള്‍ സഹായിക്കാം...അതായത് നീ ആ പ്രതിമയെ കണ്ടെത്തണം..അതീ നഗരത്തിലെവിടെയോ ഉണ്ട്..! നിന്റെ സ്വന്തം അനിയത്തിക്കുട്ടിയാണത്...!”
ഇമ്മാനുവെല്‍:“എനിക്കു പക്ഷേ ഒന്നും ഓര്‍മ്മ വരുന്നില്ലല്ലോ അപ്പൂപ്പാ..”
ചെരുപ്പുകുത്തി എഴുന്നേറ്റ് ഇമ്മാനുവേലിനടുത്തേക്കു വരുന്നു. അയാളവനെ തലോടുന്നു. ഇമ്മാനുവേല്‍ സ്നേഹത്തോടെ ചെരുപ്പുകുത്തിയെ നോക്കുന്നു.
ചെരുപ്പുകുത്തി:“നീ ഒന്നു കൊണ്ടും വിഷമിക്കേണ്ട കുട്ടീ..നിനക്കെല്ലാം വഴിയേ മനസ്സിലാകും..”
(തുടരും)