ദിവസങ്ങളും
മാസങ്ങളും
പിന്നെ വര്‍ഷങ്ങളും
നമ്മെ കടന്നു പോകുന്നു.
ആശംസകള്‍ നേരുന്നു
വീണ്ടും ഒരു
ക്രിസ്മസിന്..വീണ്ടും
മറ്റൊരു പുതു വര്‍ഷത്തിന്
മെറി ക്രിസ്മസ്
ജെയിംസ് ബ്രൈറ്റ് , Monday, December 24, 2007ജനുവരിയും ഡിസംബറും വേണ്ട..!
ജെയിംസ് ബ്രൈറ്റ് , Sunday, December 23, 2007ഡിസംബര്‍ കഴിഞ്ഞ്
ജനുവരി എന്തിനാണു
വരുന്നത്..?
അതെനിക്കിഷ്ടമല്ല..!
ജനുവരികളൊരിക്കലും
എന്നെ സന്തോഷിപ്പിക്കാറില്ല!
ക്രിസ്തുമസ്സും പുതു വര്‍ഷവും
നമ്മെ കടന്നു പോവുകയല്ലേ..?
നീണ്ട കാത്തിരിപ്പു വേണ്ടേ
അടുത്ത ഡിസംബറിനും
പിന്നെ മറ്റൊരു ജനുവരിക്കും..?
അതാണെനിക്കൊട്ടും ഇഷ്ടമല്ലാത്തത്..!
ഒന്നുമാത്രം
ജെയിംസ് ബ്രൈറ്റ് , Wednesday, December 19, 2007നിമിഷമായിരം
ദിവസമനേകം
വര്‍ഷങ്ങള്‍
എണ്ണാം നമുക്ക്!
സ്നേഹിക്കാം
നമുക്കന്യോന്യം..
ഈ ജീവിതം
നമുക്കൊന്നു മാത്രം!
രാത്രി ജോലി
ജെയിംസ് ബ്രൈറ്റ് , Monday, December 17, 2007രാത്രിയിലെ ജോലിക്കു
വരുമ്പോളെന്നും
മനസ്സയാള്‍ വീട്ടില്‍
പൂട്ടിവയ്ക്കുമായിരുന്നു!
പകലുകളിലയാള്‍
ജോലിചെയ്തപ്പോളോ..?
എന്നും മനസ്സ്
വീട്ടില്‍ക്കിടന്നുറങ്ങി!
നൊമ്പരക്കൂമ്പാരം
ജെയിംസ് ബ്രൈറ്റ് , Wednesday, December 5, 2007നൊമ്പരങ്ങളുടെ
ഒരു കൂമ്പാരം..!
അയാളതിനെ
നോക്കി ഇരുന്നു.
ഈയിടെ
അതാണയാളുടെ പണി!
രക്തം വാര്‍ന്നു
പോയിരുന്നാ
കണ്ണുകളില്‍ നിന്നും..
മരിച്ച കണ്ണുകള്‍ പോലെ
അവ നിര്‍ജ്ജീവങ്ങളായിരുന്നു!
കടന്നു പോയി
ജീവിതമാ
മുഖത്തില്‍ നിന്നും!
വിളറിയ മുഖം അതാണു
തോന്നിപ്പിച്ചത്!
ജീവിതവും
നൊമ്പരവും
ഏതാണാവോ
ആദ്യം ഉണ്ടായത്..?
അയാള്‍ സ്വയം ചോദിച്ചു!
ആത്മപരിശോധന
ജെയിംസ് ബ്രൈറ്റ് , Tuesday, December 4, 2007രാവിലെ തന്നെ
ഞാനെന്റെ
മനസ്സിന്റെ കൊടി
താഴ്ത്തിക്കെട്ടി.
എന്റെ മനസ്സിന്
ഒരു കൊടിയുടെ
ആവശ്യമുണ്ടോ.?
ഉന്നത മനസ്സുകള്‍
കൊടികള്‍ പാറിക്കുന്നു,
സാഫല്യമടയുന്നു.
എന്റെ കാര്യം
അങ്ങിനെയാണോ?
ഞാനെന്റെ കൊടി
മടക്കുന്നതല്ലേ നല്ലത്..?
സത്യം ഞാന്‍ പറയാം..
എല്ലാ ദിവസവും ഞാന്‍
ചെയ്യുന്നതെല്ലാം
എങ്ങിനെ ശരികളാകും..?
എന്റെ ചെയ്തികള്‍
മറ്റു പല മനുഷ്യര്‍ക്കും
തെറ്റുകളായി തോന്നിക്കൂടേ..?
ജീവപര്യന്തം തടവ്
ജെയിംസ് ബ്രൈറ്റ് , Monday, December 3, 2007മനസ്സാക്ഷിക്കോടതിയില്‍
എനിക്കെന്റെ
വിചാരണ ഇന്നലെയാണു
കഴിഞ്ഞു വിധിയായത്..!
കള്ളം നടിക്കുക,പ്രവര്‍ത്തിക്കുക,
കപടവര്‍ത്തമാനം പറയുക,
അത്യാഗ്രഹം, അമിതമോഹം
ഇതൊക്കെയാണെന്റെ കുറ്റങ്ങള്‍.
നിയമത്രാസിന്റെ സൂചി
അങ്ങോട്ടും ഇങ്ങോട്ടും
ആടുന്നതു ഞാന്‍
വീറയലോടെ കണ്ടു..!
നിനക്കെന്തെങ്കിലും
പറയാനുണ്ടോ..?
നിയിതെല്ലാം ചെയ്തോ..?
സത്യം മാത്രം പറയുക.
എല്ലാം സത്യമായിരുന്നു.
ഞാനതെല്ലാം സമ്മതിച്ചു.
ജീവപര്യന്തം തടവ്..
എനിക്കെതിരെ മനസ്സിന്റെ വിധി.!
കവികളുടെ ഒരു ഗതി
ജെയിംസ് ബ്രൈറ്റ് , Sunday, December 2, 2007കവികള്‍ കാവ്യം
രചിച്ചപ്പോള്‍
ഗഡികള് ശാകുന്തളം
മെനഞ്ഞു!
ഇന്റര്‍നെറ്റിലൂടെ
കവിതകള്‍ പാഞ്ഞു!
ആധുനിക കവികളുടെ
മാനസം കുളിര്‍ത്തു..!
പറയാതെ പോയ പ്രണയം
ജെയിംസ് ബ്രൈറ്റ് ,നിന്നെയെനിക്കന്തുമാത്രം
ഇഷ്ടമായിരുന്നുവെന്നോ,
നിനക്കു വേണ്ടി
നാളുകളെത്ര ഞാന്‍
കാത്തിരുന്നുവെന്നോ,
ജീവിതത്തിലൊരിക്കലും
നീ അറിഞ്ഞിരുന്നില്ല..!
എനിക്കന്നതു പറയാന്‍
കഴിയാതെ പോയി!
നീയും അതെന്നോട്
എന്തേ പറഞ്ഞില്ല..?
ഇന്നു രാവേറെയായി..!
ഇനി,നമുക്കത് നമ്മുടെ
മനസ്സുകളില്‍ സൂക്ഷിക്കാം!
വാക്കുകള്‍ നഷ്ടപ്പെടുമ്പോള്‍
ജെയിംസ് ബ്രൈറ്റ് , Saturday, December 1, 2007തെരുവിലൂടെ നടന്നു..
തെരുവിലകപ്പെട്ടു,
വാക്കുകള്‍ നഷ്ടപ്പെട്ട
നമ്മുടെ വാത്മീകി!
വചനം,വര്‍ത്തമാനം
പ്രവചനം,പ്രവാചകം
എല്ലാം മറന്നുപോയി
പാവം വാത്മീകി.!
മനസ്സും മനസ്സും
ജെയിംസ് ബ്രൈറ്റ് , Friday, November 30, 2007മനസ്സും മനസ്സും
ചേരുന്നിടത്താണോ
കരളും കരളും
പങ്കുവയ്ക്കപ്പെടുന്നത്..?
കാലം കഥ പറയുന്നു,
കാമം കണ്ണുപൂട്ടുന്നു
കാലം കഥയായിരിക്കാം.!
പക്ഷേ കഥയാണോ ജീവിതം?
അണിയറശില്‍പ്പികള്‍, മഞ്ഞുപോലെ ഒരു സ്വപ്നം
ജെയിംസ് ബ്രൈറ്റ് , Sunday, November 25, 2007പൂജയുടെ കൂടുതല്‍ ചിത്രങ്ങള്‍
ജെയിംസ് ബ്രൈറ്റ് ,മഞ്ഞുപോലെ ഒരു സ്വപ്നം..കഥാപാത്രങ്ങള്‍
ജെയിംസ് ബ്രൈറ്റ് , Saturday, November 24, 2007ടെലി ഫിലിം പൂജയുടെ ചിത്രങ്ങള്‍
ജെയിംസ് ബ്രൈറ്റ് ,ടെലി ഫിലിം- മഞ്ഞുപോലെ ഒരു സ്വപ്നം..തിരക്കഥ തുടങ്ങുന്നു.
ജെയിംസ് ബ്രൈറ്റ് , Friday, November 23, 2007മഞ്ഞുപോലെ ഒരു സ്വപ്നം എന്ന പേരില്‍ ഞാനെഴുതിയ ഒരു തിരക്കഥ ഇവിടെ ആരംഭിക്കുന്നു.
ഈ ടെലിഫിലിം സംവിധാനം ചെയ്യുന്നത് ജയറാമാണ്. ലണ്ടനില്‍ നിന്നും സംവിധാനം അഭ്യസിച്ച ആളാണ് അദ്ദേഹം.
ഇത് അദ്ദേഹത്തിന്റെ ആദ്യ സംരംഭമാണ്.
വധു ഡോക്ടറാണ് എന്ന സിനിമ നിര്‍മ്മിച്ച പരിചയം മാത്രമേ എനിക്ക് ഈ രംഗത്തുള്ളു.
ഇതിലെ പാട്ടുകള്‍ പാടുന്നത് ആരാണെന്നു നിങ്ങള്‍ക്കറിയാമോ..?
നമ്മുടെ പ്രിയ ഗായകന്
ജോസഫ് തോമസ്സ് എന്ന ജോ! ജയറാം
കഥാസാരം
ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം ചെയ്യുവാനായി വരുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണിത്..തോമസ്സങ്കിള്‍ ലണ്ടനില്‍ ജീവിക്കുന്ന ഒരു മലയാളിയാണ്..അദ്ദേഹത്തിന്റെ വീട്ടില്‍ കുറെ വിദ്യാര്‍ത്ഥികളായ ചെറുപ്പക്കാര്‍ താമസ്സിക്കുന്നുണ്ട്. അഭിലാഷ് അവിടെ പുതിയതായി താമസിക്കുവാന്‍ വരുന്നു.
ഇനി വായിക്കുക നായകന്
നായിക
സീന്‍ 1
പകല്‍
തോമസ്സിന്റെ വീട്
സന്തോഷ്, അഭിലാഷ്
സന്തോഷും അഭിലാഷും തോമസ്സിന്റെ വീടിനുമുമ്പില്‍ കാറില്‍ വന്നിറങ്ങുന്നു. രണ്ടുപേരും ലഗ്ഗേജുകളെടുത്ത് പുറത്തു വയ്ക്കുന്നു. അഭിലാഷ് ചുറ്റുപാടും നോക്കുന്നു.
സന്തോഷ്:“അക്കാണുന്നതാണ് നമ്മുടെ..അല്ല തോമസ്സങ്കിളിന്റെ വീട്.”
അഭിലാഷ്:“ഇതെന്താടാ ഇങ്ങിനെ..ഇവിടുത്തെ വീടുകളെല്ലാം ഇങ്ങിനെയാണോ..?”
സന്തോഷ്:“അതെ.. നിനക്കെങ്ങിനെ..ഇഷ്ടമായോ?”
അഭിലാഷ്:“കണ്ടിട്ട് കുഴപ്പമില്ല..”
സന്തോഷ്:“വാ.. നമുക്ക് ഐശ്വര്യമായി വീട്ടിലേക്ക് കയറാം..പിന്നെ ഞാന്‍ തോമസ്സങ്കിളിനെപ്പറ്റി പറഞ്ഞിരുന്നതെല്ലാം
നിനക്കോര്‍മ്മയുണ്ടെല്ലോ..പഴയ കോളേജു പ്രൊഫസ്സറാ..സൈക്കോളജി ആയിരുന്നു സബ്ജക്ട്..”
രണ്ടുപേരും വിട്ടിലേക്കു നടക്കുന്നു.
അഭിലാഷ്:“ എല്ലാം എനിക്കോര്‍മ്മയുണ്ട്..പുള്ളിക്കാരന് ഇപ്പോള്‍ ഇവിടെയുണ്ടോ..?”
സന്തോഷ്:“പുള്ളിക്കാരന് മാത്രമല്ല..എല്ലാവരും ഇവിടെ കാണണം..നിന്നെ നോക്കിയിരിക്കുകയായിരിക്കും അവരെല്ലാം..!”
സന്തോഷ് പോക്കറ്റില്‍ നിന്നും താക്കോലെടുത്ത് വീടു തുറക്കുന്നു.
രണ്ടുപേരും സ്വീകരണമുറിയില്‍ കയറുന്നു. അഭിലാഷ് മുറിയാകമാനം ശ്രദ്ധയോടെ നോക്കുന്നു.
അഭിലാഷ്:“ഇവിടെ ആരെയും കാണാനില്ലല്ലോ..!”
സന്തോഷ്:“എല്ലാവരും ചിലപ്പോള്‍ അവരവരുടെ മുറികളില്‍ ആയിരിക്കും. നമുക്കൊരു കാര്യം ചെയ്യാം..
ഇതെല്ലാം കൊണ്ടുമുറിയില്‍ വച്ചിട്ട് താഴേക്കു വരാം..”
അഭിലാഷ്:“ശരി..”
രണ്ടു പേരും സാധനങ്ങളുമായി മുറിയിലേക്കു പോകുന്നു.
മുനിസ്വാമിയുടെ നഷ്ടം
ജെയിംസ് ബ്രൈറ്റ് , Friday, November 2, 2007മുനിസ്വാമിയെന്ന തമിഴ് നാട്ടില്‍ നിന്നും വന്ന ഭിക്ഷക്കാരന് തന്റെ അന്നത്തെ കളക്ഷന്‍ എണ്ണി നോക്കി.
നൂറ്റി അറുപത്തിയഞ്ചു രൂപാ ഇരുപത്തിയഞ്ചു പൈസ!
‘കൊളപ്പം ഇല്ലൈ..’
പണ്ട് വളരെ കുറച്ച് കാശേ കിട്ടുമായിരുന്നുള്ളു. ഇന്ന് കാലം മാറിയില്ലേ...!
“ഇന്ത മാതിരി കാശു കെടച്ചാല്‍ എനക്ക് എന്‍ ഊരില്‍ ശീഘ്രമാ ഒരു വീടു വാങ്കലാം..!”
മുനിസ്വാമിയുടെ ചിന്തകള്‍ക്ക് ചീറകുവയ്ക്കുകയായിരുന്നില്ല, പകരം അതൊരു റോക്കറ്റില്‍ കയറിയിരുന്നു പായുകയായിരുന്നു!
കാശുമായി മുനിസ്വാമി കൊച്ചി മത്തായിയുടെ ചായക്കടയിലേക്ക് നടന്നു.
എന്തിന്..?
അതൊരു കഥയാണ് (ഇതും ഒരു കഥയാണ്)!
കഴിഞ്ഞ നീണ്ട പത്തു വര്‍ഷക്കാലമായി മുനിസ്വാമി ആഹാരം കഴിച്ചിരുന്നതും ഇപ്പോള്‍ കഴിച്ചു കൊണ്ടിരിക്കുന്നതുമെല്ലാം ഈ കൊച്ചി മത്തായിയുടെ കടയില്‍ നിന്നുമാണെന്നു നാം മനസ്സിലാക്കണം.
“എട മുനിച്ചാമീ..നീ നിനക്കു കിട്ടുന്ന കാശെല്ലാം എന്തു ചെയ്യുവാ..?”
മത്തായി ഒരിക്കല്‍ ചോദിച്ചു.
“അത് വന്ത് നാന് മണ്ണുക്ക് അടിയില്‍ താന്‍ കാപ്പാത്തിറുക്ക്.. എങ്കെയെന്ന് യാര്ക്കും മട്ടും തെരിയാത്...!”
“എട മണ്ടാ..നീ കാശ് എന്റെ കയ്യില്‍ താ..ഞാനതു സൂക്ഷിച്ചു വച്ചോളാം. നിനക്കെപ്പോഴാ വേണ്ടുന്നതെന്നു വച്ചാല്‍ ഞാന്‍ പലിശ സഹിതം തിരികെ തന്നോളാം”
“എനക്കു പലിശ വേണ്ട മൊതലാളീ..നീങ്കെ എന്‍ കാശ് കാപ്പാത്തുങ്കോ..”
“എന്നാ നീ പലിശക്കു പകരം ഫ്രീയായി എന്റെ കടയില്‍ നിന്നും ആഹാരം കഴിച്ചോ..”
മുനിസ്വാനിക്കതു സ്വീകാര്യമായിത്തോന്നി.
“പിന്നെ നീ ഈ വിവരം ആരോടും പറയണ്ട”
“ഇല്ലൈ”
“അപ്പോള്‍ നമ്മള് രണ്ടുപേരും മാത്രമേ ഇതറിയുന്നുള്ളൂ..നിനക്കതു സമ്മതമാണോ..?”
“അതേ..”
അങ്ങിനെ ഏതാണ്ട് പത്തു വര്‍ഷക്കാലമായി കിട്ടുന്ന കാശെല്ലാം മുനിസ്വാമി മത്തായിയെ ഏല്‍പ്പിച്ചു പോന്നു.
അന്ന് മുനിസ്വാമി മത്തായിയുടെ കടയിലേക്കു പോയപ്പോള്‍ ഇടി വെട്ടി മഴ പെയ്യുവാന്‍ തുടങ്ങിയിരുന്നു.
കടയുടെ അടുത്തെത്തിയപ്പോള്‍ അവിടെയാകമാനം ഒരാള്‍ക്കൂട്ടം.
കടയുടെ ഉള്ളില്‍ നിന്നും ആരുടെയൊക്കെയോ കരച്ചില് മുനിച്ചാമി കേട്ടു.
“എന്നാച്ച്...?”
“നീ അറിഞ്ഞില്ലേ മുനിച്ചാമീ..മത്തായി മരിച്ചു പോയി..ഒരു നെഞ്ചരപ്പു വന്നെന്നു പറഞ്ഞു. ദാ അതിനകം ആളു മരിച്ചു..ഇത്രയെക്കെയേയുള്ളു മനുഷ്യന്മാരുടെ ജീവിതം..!”
അവിടെ നിന്ന ചുമട്ടുകാരന് നാണു പറഞ്ഞു.
മുനിച്ചാമിയവിടെ സ്തംഭിച്ചു നിന്നു.
അവന്റെ മനസ്സില്‍ ഒരായിരം ഇടികള്‍ വെട്ടി മറ്റൊരു മഴ തിമിര്‍ത്തു പെയ്യുവാന്‍ തുടങ്ങി.
പരിണാമം
ജെയിംസ് ബ്രൈറ്റ് , Thursday, November 1, 2007പഠിച്ചു, പഠിച്ചു
ഞാന്‍ റാങ്കു നേടും,
റാങ്കുകള്‍ നേടി
മിടുക്കനാകും!
പഠിത്തം മുടക്കി
ഞാന്‍ നേതാവാകും
നേതാവു മൂത്തു
ഞാന്‍ മന്ത്രിയാകും!
പേരിടാത്ത ഒരു കഥ
ജെയിംസ് ബ്രൈറ്റ് , Wednesday, October 31, 2007“അങ്ങിനെ പോകുന്നു മദ്യപാനത്തിന്റെ വിപത്തുകള്‍..! ഈ സാമൂഹ്യ തിന്മയീല്‍ നിന്നും നമ്മുടെ സമൂഹം മോചനം നേടിയെങ്കില്‍ മാത്രമേ നല്ലൊരു നാളെയെ നമുക്കു വാര്‍ത്തെടുക്കുവാന്‍ കഴിയുകയുള്ളു. അതിനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ എല്ലാവരേയും ആഹ്വാനം ചെയ്തുകൊള്ളുന്നു.”
അഖില കേരള മദ്യനിരോധന സമിതി താലൂക്ക് ട്രെഷറര്‍ ശ്രീമാന്‍ മുടന്തന്‍ കുഴി നാണു തന്റെ സുദീര്‍ഘമായ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ഇടിവെട്ടാം കോട് എല്‍. പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ തടിച്ച് കൂടിയിരുന്ന ബഹുപൂരിപക്ഷം ജനങ്ങളില്‍ നിന്നും ആശ്വാസ സൂചകമായ ഒരു നെടുവീര്‍പ്പുയര്‍ന്നു!
മദ്യപാനം ഒരു സാമൂഹ്യവിപത്താണെന്ന് ചിത്രീകരിക്കുന്നതില്‍ നാണു ഏതാണ്ട് വിജയിച്ചു എന്നുതന്നെ കരുതാം. “യുവാക്കള്‍ക്ക് അകാലത്തില്‍ മരണം വരുത്തിവക്കുന്ന ഒരു സാത്താനാണ് മദ്യം...“ അതായിരുന്നു ആ പ്രസംഗത്തിന്റെ സാരം.
“ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ ഇവിടെ പറയുവാനുള്ള ഒരവസരം ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് മുന്നോട്ട് വരാം” നാണു അനൌണ്സ് ചെയ്തു.
സ്തീകളായിരുന്നു അവിടെകൂടിയിരുന്നതില്‍ കൂടുതലും.
ആദ്യം മുന്നോട്ടുവന്നത് ഓട്ടോ തങ്കച്ചന്റെ കെട്ടിയവളായിരുന്നു. തങ്കച്ചന് ആക്സിഡന്റില്‍ പെട്ടതും ഒടുവില്‍ ഓട്ടോയുടെ ബുക്കും പേപ്പറും പണയം വെക്കേണ്ടി വന്നതുമെല്ലാം കുടി മൂലമാണെന്ന് അവര്‍ സമര്‍ത്ഥിച്ചു.
അതിനു ശേഷം രണ്ടു മൂന്നു സ്ത്രീകളും കൂടി മുന്നോട്ടു വന്ന് ഭര്ത്താക്കന്മാരുടെ കുടി മൂലം തങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ സദസ്സിനെ അറിയിച്ചു.
ഇതെല്ലാം കെട്ടിരുന്ന പെണ്ണുങ്ങള് കരഞ്ഞും മൂക്കുചീറ്റിയും തങ്ങളുടെ സഹതാപവും സങ്കടവും അന്യോന്യം പങ്കുവച്ചു.
അതുവരെ ഓഡിറ്റോറിയത്തിന്റെ മൂലയില്‍ ഒരു മിനറല്‍ വാട്ടര്‍ ബോട്ടിലും പിടിച്ചുകൊണ്ടു നിന്നിരുന്ന കുഞ്ഞപ്പനാണ് അടുത്തതായി പ്രസംഗ വേദിയിലേക്ക് കടന്നു വന്നത്.
“മാന്യ നാട്ടുകാരെ.“
കുഞ്ഞപ്പന് ആരംഭിച്ചു.
“കഴിഞ്ഞ ചിങ്ങത്തില് എന്റെ ഭാര്യ മാത്തന്റെ മകള്‍ കൊച്ചുമറിയ വയറ്റോപ്പറേഷനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്ന വിവരം ഇവിടെ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെല്ലോ. ഓപ്പറേഷന്റന്നു രാവിലെ സകലദൈവങ്ങളേയും വിളിച്ചുംകൊണ്ട് ഞാന്‍ മെഡിക്കല്‍ കോളേജില്‍ പോകാനായി കൊല്ലം ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്‍ഡില്‍ ചെന്നു. അവിടെ തിരുവനന്തപുരഠ്തേക്കു പോകാനായി പാര്‍ക്കുചെയ്തിരുന്ന ബസ്സില്‍ ഞാന്‍ കയറിയിരുന്നു. ബസ്സിന്റെ ഏറ്റവും പുറകിലെ മൂലയിലായിരുന്നു എനിക്ക് സീറ്റ് കിട്ടിയത്. അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ വന്ന് , ടയര്‍ പഞ്ചറായതിനാല്‍ അതുമാറ്റുവാന്‍ വേണ്ടി് ബസ്സ് അര മണിക്കൂര്‍ കഴിഞ്ഞുമാത്രമേ പുറപ്പെടുകയുള്ളുവെന്ന് അറിയിച്ചു. എന്റെ കയ്യിലിരുന്ന ന്യൂസ്സ് പേപ്പര്‍ സീറ്റില്‍ വച്ച് അതു ബുക്കു ചെയ്തതിനു ശേഷം ഞാന്‍ പുറത്തിറങ്ങി. ഭാര്യയുടെ കാര്യമാലോചിച്ചുള്ള ടെന്ഷനില് അടുത്തുള്ള ബാറില്‍ക്കയറി രണ്ടു മൂന്നു സ്മാളും വിട്ട് പുറത്തുവന്നു നോക്കിയപ്പോള്‍ ആ ബസ്സ് പൊയ്ക്കഴിഞ്ഞിരുന്നു.
പിന്നെ വന്ന സൂപ്പര്‍ ഫാസ്റ്റില്‍ക്കയറി ഞാന്‍ തിരുവനന്തപുരത്തേക്കു യാത്രയായി. ഏതാണ്ട് ആറ്റിങ്ങലിനടുത്തെത്തിയപ്പോല്‍ ഞങ്ങളുടെ വണ്ടി ഒന്നു സ്ലോ ചെയ്തു. പ്രിയമുള്ളവരേ അവിടെക്കണ്ട കാഴ്ച്ച കണ്ട് ഞാന്‍ മരവിച്ചിരുന്നു പോയി. ഞാന്‍ ആദ്യം കയരിയ ബസ്സ് ഒരപകടത്തില്‍പ്പെട്ട് റോഡിന്റെ സൈഡില്‍ കിടപ്പുണ്ടായിരുന്നു. ഞാനിരുന്നിരുന്ന സീറ്റിന്റെ ഭാഗം, അതായത് ബസ്സിന്റെ പുറകുവശം മൊത്തം തകര്‍ന്നു പോയി. അവിടെയിരുന്ന പത്തു പേര് അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചു പോയി!
അന്നു മദ്യം എന്നെ രക്ഷിച്ചു. മദ്യപിക്കാതെ ബസ്സില്‍ത്തന്നെ ഇരുന്നിരുന്നുവെങ്കില്‍ ഇന്ന് നിങ്ങളുടെ മുമ്പില്‍ ഇതു പറയുവാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല. അതിനാല്‍ പ്രിയമുള്ളവരേ ഞാനിനിയും കുടിക്കും!”
കുഞ്ഞപ്പന് കയ്യിലിരുന്ന മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ നിന്നു വീണ്ടും കുടിച്ചു.
“ഇത് മിനറല്‍ വാട്ടറല്ല. വോഡ്ക്കയും സ്പ്രിന്റുമാണ്”
മദ്യനിരോധന സമിതി താലൂക്ക് ട്രഷറര്‍ ശ്രീമാന്‍ മുടന്തന്‍ കുഴി നാണു മൈക്ക് ഓഫു ചെയ്യുവാന്‍ ഓപ്പറേറ്ററോട് ആവശ്യപ്പെടും മുമ്പ് കുഞ്ഞപ്പന് തന്റെ പ്രസംഗവും അവസാനിപ്പിച്ച് പുറത്തിറങ്ങി.
മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ നിന്നും വീണ്ടും വീണ്ടും കുടിച്ചും കൊണ്ട് നടന്നുപോയ കുഞ്ഞപ്പനേയും നോക്കി ജനം ഉത്തരം മുട്ടി നിന്നു
ജനാധിപത്യം
ജെയിംസ് ബ്രൈറ്റ് , Tuesday, October 30, 2007സത്യം പറഞ്ഞവന്
ചത്തതിന് പിറ്റേന്ന്
കള്ളം പറഞ്ഞവന്
മുഖ്യനായി...!
പാതകം ധാരാളം
മഴപോലെ പെയ്തപ്പോള്‍
പാതി കുടിച്ചവന്
മന്ത്രിയായി..!
ഓര്‍മ്മകള്‍
ജെയിംസ് ബ്രൈറ്റ് , Sunday, October 21, 2007ഓര്‍മ്മകള്‍..ഇതാ
ചിറകേറിവരുന്നു..
മനസ്സിന്റെ മച്ചില്‍
കുടിയിരിക്കുവാനായി..!
മധുരമുണ്ടെങ്കിലും
അതിലുമധികമായ്
വേദനയേകുന്നീ
ഓര്‍മ്മകളില്‍ പലതും..!
ആത്മാവിനെന്നും
നൊമ്പരം നല്കുവാന്
എന്തിനു നിങ്ങളീ
വിരുന്നായി വരുന്നു..?
ചിന്ത
ജെയിംസ് ബ്രൈറ്റ് , Friday, October 19, 2007
ചിന്തകള്‍ വെടിയുവിന്‍
ചന്തയില്‍ പോകുവിന്‍
ചന്തത്തില്‍ ചിന്തകള്‍
ചന്തമായ് മെനയുവിന്‍..!
വിഷക്കാറ്റ്
ജെയിംസ് ബ്രൈറ്റ് , Friday, October 12, 2007മഹാമാരികളും
പേറി വന്ന
വിഷക്കാറ്റിന്
മരണത്തിന്റെ
മണമുണ്ടായിരുന്നു
പോലും!
ആ വായു
ശ്വസിച്ചതിനാലാണോ
അങ്ങേലെ
വാസുവേട്ടന്
ഇന്നലെ മരിച്ചത്...?
ഒരെത്തും പിടിയും
എന്നത്തെയും
പോലെ
ഇന്നും കിട്ടുന്നില്ല..!
കാലം കൈപ്പിടിയില്‍
ഒരിക്കലെങ്കിലും
ഒതുങ്ങിയിരുന്നിട്ടുണ്ടോ..?
ജീവന് സമ്മാനിക്കുന്ന
വായു ഇന്നിതാ
നമുക്കെല്ലാം
മരണവും വിധിക്കുന്നു..!
കളവ്
ജെയിംസ് ബ്രൈറ്റ് , Thursday, October 11, 2007സ്വര്ണ്ണപ്പണിക്കാരന്
സ്വര്‍ണ്ണം കട്ടു,
ഫണ്ടു പിരിച്ചവന്‍
കാശു കട്ടു
കൊടിവച്ച മന്ത്രീടെ
ടയറു കട്ടു,
നാടു ഭരിച്ചവന്
നാണം കെട്ടു!
പിന്നെ..
കവിത രചിച്ചവന്
കനവു കട്ടു..!
സ്വപ്ന നാട്
ജെയിംസ് ബ്രൈറ്റ് , Wednesday, October 10, 2007സ്വപ്ന നാട്,
സ്വപ്നത്തെരുവ്..,
സ്വപ്നങ്ങള്‍ വില്‍ക്കുന്ന
നാട്..!
കാപട്യ ചിന്തയും
കപട മോഹങ്ങളും
കലപില കൂട്ടുന്ന
നാട്..!
ജാതിമത ചിന്തയും
ചാതുര്‍വര്‍ണ്ണീകവും
ചിന്തയിലേറ്റിയ
നാട്..!
മനസ്സിന്റെ മനസ്സിലെ
നാട്..!
ഏതൊരു
ഭാരതീയന്റെയും
സ്വന്തം നാട്..!
ആനപ്പശു
ജെയിംസ് ബ്രൈറ്റ് , Monday, October 8, 2007കാശില്ലാത്തവന്
അശു..!
കാശുള്ളവനോ
പശു..!
അശുവിനു
കാശുണ്ടായാല്
അവനും പശു,
ആനപ്പശു..!
കൂട്ടുകാരന്
ജെയിംസ് ബ്രൈറ്റ് , Sunday, October 7, 2007എന്റെ കൂട്ടുകാരന്
എന്നോടന്നു പറഞ്ഞു,
സ്നേഹവും മധുരവുമൊരിക്കല്‍
പകയായും കയ്പ്പായും മാറാം..!
സന്തോഷകാലത്തൊരിക്കലും
തൈ പത്തു വയ്ക്കാത്ത
നിനക്കു ആപത്തു കാലത്ത്
എന്താണു പ്രതീക്ഷിക്കാന്‍
കഴിയുക എന്റെ മകനേ..?
ആപത്തു കാലം എന്നാണു
വരുന്നതെന്നു നിനക്കു പറയാമോ?
ഞാനവനോടു ചോദിച്ചു.
പിന്നെന്താ പറയാം..,
എന്റെയും നിന്റെയും
മകനും ഭാര്യയും
പിന്നെ സ്വന്തം അമ്മയും
നമ്മളെ തള്ളിപ്പറയുന്ന
കാലത്തിനായി
ഞാനും നീയും കാതോര്‍ക്കണം..!
അതായിരുന്നു അവന്റെ
അവസാനത്തെ ഉത്തരം!
മറന്നുപോയി
ജെയിംസ് ബ്രൈറ്റ് , Saturday, October 6, 2007മറന്നുപോയി..
ഞാനന്നുറങ്ങിപ്പോയി..!
എന്റെ ആത്മാവിനുള്ളിലെ
മൈനയെന്തേ അന്ന്
ആരോടും ചൊല്ലാതെ
എന്നോടും മിണ്ടാതെ
പറന്നുപൊയി..,
എങ്ങോ മറഞ്ഞു പോയി..!
മഞ്ഞുപോലെ ഒരു സ്വപ്നം
ജെയിംസ് ബ്രൈറ്റ് , Sunday, September 16, 2007മഞ്ഞുപോലെ ഒരു സ്വപ്നം
മനസ്സിലെങ്ങോ ഒരു ദുഃഖം!
മലരായ് മധുവായ്
മാറുവാനൊരു മോഹം..!
സ്വപ്നത്തിലന്നൊരു സന്ധ്യയില്‍
കണ്ടു ഞാന്‍ നിന്നെയൊരുനാള്‍
മോഹങ്ങള്‍ പൂവിട്ട വേളയില്‍
ആത്മാവിന് ദാഹമായി നീ..
അരുതെന്നറിയാത്തയെന്റെയീ
അന്തരാത്മാവിലെന്നുമായ്
കെടാവിളക്കുമായ് വന്നു നീ
സുപ്രഭാതമായ് മാറി നീ..!
ആലിപ്പഴം
ജെയിംസ് ബ്രൈറ്റ് , Saturday, September 8, 2007ആലിപ്പഴം പൊഴിഞ്ഞു,
അന്നേരം
ആമിനയും മൊഴിഞ്ഞു
അക്കരെ നിന്നൊരാമ്പല്‍
തഞ്ചത്തില്‍
കൊണ്ടുതാ എന്റെ മാരാ..
അത്തിമരം പൂത്തു
കണ്ടോ നീ
പൂത്തിരിപ്പൂമാല
കണ്ടു രസിച്ചുവല്ലോ
മൊഞ്ചുള്ള
പുഞ്ചിരി പഞ്ചസാര..!
വിഷക്കാറ്റ്
ജെയിംസ് ബ്രൈറ്റ് , Friday, July 13, 2007മഹാമാരികളും പേറി വന്ന
വിഷക്കാറ്റിന് മരണത്തിന്റെ
മണമുണ്ടായിരുന്നു പോലും!
ആ വായു ശ്വസിച്ചതിനാലാണോ
അങ്ങേലെ വാസുവേട്ടന്
ഇന്നലെ മരിച്ചത്...?
ഒരെത്തും പിടിയും
എന്നത്തെയും പോലെ
ഇന്നും കിട്ടുന്നില്ല..!
കാലം കൈപ്പിടിയില്‍
ഒരിക്കലെങ്കിലും
ഒതുങ്ങിയിരുന്നിട്ടുണ്ടോ..?
ജീവന് സമ്മാനിക്കുന്ന
വായു ഇന്നിതാ നമുക്കെല്ലാം
മരണവും വിധിക്കുന്നു..!
മൌനം
ജെയിംസ് ബ്രൈറ്റ് , Sunday, June 24, 2007കടലുകള്‍ താണ്ടി
പറക്കാന്‍ കഴിയുന്ന
കാറ്റിനു മൌനം!
തിരകളെ താണ്ടി
തീരത്തണയുന്ന
കടലിനും മൌനം!
ഗോളത്തില്‍നിന്നും
ഗോളത്തിലെത്തുന്ന
വെയിലിനും മൌനം!
കാലങ്ങള്‍ പിന്നിട്ട്
കാലത്തിലെത്തുന്ന
മനസ്സിനും മൌനം!
പൊട്ടിച്ചിരിയെല്ലാം
പൂത്തിരിയാക്കുമെന്‍
കണ്മണിക്കും എന്തേ
മൌനം?
എന്റെ സ്വപ്നങ്ങള്‍ക്കെന്താണു
മൌനം?
മിണ്ടരുത്..!
ജെയിംസ് ബ്രൈറ്റ് , Wednesday, June 13, 2007ഒന്നും മിണ്ടരുത്,
എന്നാല്‍ നമുക്കു
സന്തുഷ്ടരാകാം!
ചിരിക്കരുത്
എങ്കില്‍ നമ്മള്
സ്വീകാര്യരാകാം!
കലികാലം നമ്മെ
കാര്‍ന്നുതിന്നുന്നു!
അതുകൊണ്ട് നമുക്ക്
അറ്റകൈ പ്രയോഗിക്കാം!
എങ്ങിനെ?
ഇതാ ഇങ്ങിനെ...
എന്തു കണ്ടാലും
ഒരിക്കലും മിണ്ടരുത്...!
എന്നിട്ട്,
ചിരിയും സന്തോഷവും
പൂഴ്ത്തിവയ്ക്കുക!
അതുപയോഗിക്കുവാന്
കഴിയുന്ന കാലത്തിനായി
നാമെല്ലാം കാതോര്‍ക്കുക!
അഭ്യാസി
ജെയിംസ് ബ്രൈറ്റ് , Tuesday, June 12, 2007അഭ്യാസി തലകുത്തി
മറിഞ്ഞു.
അവന്റെ തല നേരെ
തന്നെ നിന്നു.
ഒരിക്കലവന്‍
കാല് തെറ്റി വീണു,
തല ചെന്ന് പാറയില്‍
തട്ടി മുറിഞ്ഞു.
എന്താണതില്‍
നിന്നുമുള്ള കാര്യം?
അടി തെറ്റിയാല്‍
അഭ്യാസിക്കും
മുറിവു പറ്റാം!
ചാക്രിക ചരിത്രം
ജെയിംസ് ബ്രൈറ്റ് , Tuesday, June 5, 2007ചരിത്രം ചാക്രികമാണ്
അതെന്നും ,എപ്പോഴും
എന്നത്തെയും പോലെ
ചരിത്ര സംഭവങ്ങളാണ്!
വിദ്വാന്റെ പിന്മുറക്കാര് നാളെ
അക്ഷര വിരോധികളായേക്കാം!
സമ്പന്നന്മാര് പില്ക്കാലത്ത്
ദാരിദ്ര്യത്തിന്റെ
കയ്പ്പനുഭവിച്ചേക്കാം!
ഞാനും, നിങ്ങളും പിന്നെ
നമ്മളുടെ മക്കളും
നമ്മളുടെയെല്ലാം മരണത്തിനുശേഷം
എന്തായാലും,
എങ്ങിനെ ജീവിച്ചാലും
ഒരു കാര്യമോര്‍ക്കാം
നമുക്കെല്ലാം ഒരുമിച്ചായി..
ചരിത്രം ചാക്രികമാണ്
നാമെല്ലാം അതിലൂടെ
തിരിയുന്ന കണികകള്‍
മാത്രമാണ്!
പ്രതീക്ഷയും അസ്തമനവും
ജെയിംസ് ബ്രൈറ്റ് , Monday, June 4, 2007പ്രതീക്ഷകളൊരിക്കലും
അസ്തമിക്കാറില്ല!
അസ്തമിച്ചുവെന്നു
കരുതുമ്പോഴാകും
അതു വീണ്ടും ഉദിച്ചുയരുക!
പലപ്പോഴും..
അവസാനിച്ചുവെന്നു
വിചാരിച്ചു വിഷമിക്കുമ്പോള്‍
അവയ്ക്കു പുതിയ ചിറകു മുളയ്ക്കും,
എന്നിട്ടു വീണ്ടും പറന്നുയരും!
നഗ്ന സത്യം
ജെയിംസ് ബ്രൈറ്റ് ,നഗ്ന നേത്രങ്ങള്ക്കുമുന്നില്
കാപട്യങ്ങള്‍ക്കു പ്രസക്തിയില്ല!
നഗ്ന സത്യങ്ങൊളൊരിക്കലും
കാമ്പില്ലാതെ നിലനില്‍ക്കാറുമില്ല!
കുടുംബശോകം
ജെയിംസ് ബ്രൈറ്റ് , Monday, May 28, 2007ശോക ഗാനം ശ്രവിച്ച
ഭാര്യ കരഞ്ഞു,
ഭാര്യയുടെ സങ്കടം കണ്ട
ഭര്‍ത്താവും കരഞ്ഞു!
മാതാ പിതാക്കളോടൊപ്പം
മകനും കരഞ്ഞു,
കരയുന്ന കുടുംബത്തെക്കണ്ട
മകളും കരഞ്ഞു!
പെരുമഴയും കുഴിമടിയും
ജെയിംസ് ബ്രൈറ്റ് , Sunday, May 27, 2007മഴ പെയ്തപ്പോള്‍
മടിയുമുണ്ടായി.
പെരുമഴക്കാലത്തു
കുഴിമടിയന്മാരുണ്ടായി
പെരുമഴ, കുഴിമടി,
കുഴി മട, പെരുമഴ!
ആക്രാന്തതന്ത്രം
ജെയിംസ് ബ്രൈറ്റ് , Friday, May 25, 2007ആക്രാന്തമുള്ളവന്‍
തന്ത്രം മെനഞ്ഞു!
തന്ത്രിയുടെ തന്ത്രം
തന്ത്രത്തില്‍ കവര്‍ന്നു!
തന്ത്രം മഹാ തന്ത്രം
തന്ത്രം, ആക്രാന്തതന്ത്രം!
കള്ളു മൈന!
ജെയിംസ് ബ്രൈറ്റ് ,നാട്ടു മൈനകള്‍
കൂടണഞ്ഞപ്പോള്‍
കാട്ടു മൈനകള്‍
കാടിറങ്ങി!
തൊട്ടാവാടിയുടെ
പൂക്കളൊരിക്കലും
തൊട്ടപ്പോള്‍
വാടാന്‍ കൂട്ടാക്കിയില്ല!
കള്ളു കലത്തിലെ
മട്ടിയില്‍ ഷാപ്പുകാരന്
മായം ചേര്‍ത്ത്
മധുരക്കള്ളുണ്ടാക്കി!
ചാരായം കുടിച്ചതിനു ശേഷം
കള്ളു നുണഞ്ഞവരെല്ലാം
മധുരക്കള്ളാല്
മധുപാനരായി!
ആരെടാ നീ?
ജെയിംസ് ബ്രൈറ്റ് , Thursday, May 24, 2007ആരെടാ നീ?
നീയെടാ ഞാന്‍!
ഓഹോ..
എന്തെടാ പേര്?
പേരോ..?
അതു പേരക്ക!
നാളോ?
നാളു നാരങ്ങ!
ജാതിയോ?
അതു ജാതിക്ക!
നിന്റെ നാടോ?
അതു നാട്ടുമ്പുറം!
അപ്പം നീയോ?
ഞാന്‍ കാട്ടുമ്പുറം!
നിന്റപ്പനോ?
അപ്പന് തട്ടുമ്പുറം!
ഉപ്പും പുട്ടും
ജെയിംസ് ബ്രൈറ്റ് , Wednesday, May 16, 2007ഉപ്പു തിന്നവന്‍
വെള്ളം കുടിച്ചു,
പുട്ടു തിന്നവന്‍
മലയാളം മൊഴിഞ്ഞു!
വെള്ളം കുടിക്കുവാനായി
ഉപ്പു തിന്നുവിന്,
മലയാളം മൊഴിയുവാന്‍
പുട്ടു തിന്നുവിന്!
രാജ്യദ്രോഹിയും പിതാരഹിതനും
ജെയിംസ് ബ്രൈറ്റ് , Tuesday, May 15, 2007രാജ്യത്തിലെ ദ്രോഹികളെ
വെറുത്തവനൊരിക്കലും
രാജ്യദ്രോഹിയാകുന്നില്ല!
പിതാവു മരിച്ചവനെന്നെങ്കിലും
പിതാരഹിതനാകുമോ?
ചുവരെഴുത്ത്
ജെയിംസ് ബ്രൈറ്റ് , Saturday, May 12, 2007ചുവരില്‍ എഴുതരുതെന്നായിരുന്നു
ആ ചുവരില്‍ എഴുതിയിരുന്നത്!
കൈക്കൂലി വാങ്ങിയതിനായിരുന്നു
ജനസേവകനെ കോടതിയന്ന്
വെറുതെ വിടുവാന്‍ തീരുമാനിച്ചത്!
എന്നിരുന്നാലും,
തേങ്ങ,കോഴി തുടങ്ങിയ വസ്തുക്കള്‍
മോഷ്ടിച്ചു കള്ളു കുടിച്ചവരെയെല്ലാം
കറുത്ത പട്ടികയില്‍പ്പെടുത്തി
കാരഗ്രഹങ്ങളിലടയ്ക്കാന് എന്നും,
എല്ലാവരും ഒന്നുപോലെ ഒരുമിച്ചു!
സന്താപചിന്തകള്‍
ജെയിംസ് ബ്രൈറ്റ് , Sunday, May 6, 2007സമാനഹൃദയന്മാര്‍
ഹൃദയങ്ങള്‍ പങ്കുവച്ചു!
സങ്കുചിതമനസ്കന്മാര്‍
സന്താപചിന്തകള്‍
സദ്യകളില്‍ വിളമ്പി!
ലോലങ്ങളായ മനസ്സിന്റെ
ഉടമകള്‍ പ്രേമസല്ലാപങ്ങളില്‍
മുഴുവനുമായി മുഴുകി!
പക്ഷേ, ഭീകരചിന്തകരോ?
അവര്‍ കാട്ടാളന്മാരെപ്പോലെ
നിരന്തരം വേഷം മാറി!
നാട്ടുകാരെ വിറപ്പിക്കുവാനവര്‍
രാഷ്ട്രീയക്കാരായി!
നാടിന്റെ നട്ടെല്ലിലെ മജ്ജയവര്‍
ഊറ്റിക്കുടിച്ചതിനാല്‍
നാടും തളര്‍ന്നു, നാട്ടാരും തളര്‍ന്നു!
കുട്ടികളേ ഉറങ്ങൂ
ജെയിംസ് ബ്രൈറ്റ് , Saturday, May 5, 2007കുട്ടികളേ ഉറങ്ങൂ
കണ്ണടച്ചുറങ്ങൂ
നാളയെഓര്‍ത്തുറങ്ങൂ
നന്മകണികണ്ടുണരൂ!
സ്വര്‍ണ്ണമുത്തുകള്‍
ജെയിംസ് ബ്രൈറ്റ് , Thursday, May 3, 2007സ്വര്‍ണ്ണമുത്തുകള്‍
പൊഴിയുന്ന സ്വപ്നങ്ങളുമായി
കരിമ്പാറക്കൂട്ടങ്ങല്‍
കടന്നുകയറിയവന്റെ
മനസ്സ് കരിമ്പാറപോലെ
ആയില്ലെന്നു മാത്രമല്ല
അതു പാലപ്പം പോലെ
മാര്‍ദ്ദവമുള്ള, വായില്‍
വെള്ളമൂറുവാന്‍ പര്യാപ്തമായ
ആഗ്രഹിക്കുന്ന സ്വപ്നമായും
അതിനുശേഷം സ്വപ്നം
കാണുന്ന ആഗ്രഹമായും
കാലക്രമേണ മറിഞ്ഞുമാറി!
വെളുത്ത സ്മരണകള്‍
ജെയിംസ് ബ്രൈറ്റ് , Sunday, April 29, 2007മനസ്സില്‍ പതിയാത്ത
വരികളില്‍ പലപ്പോഴും
അനുഭവങ്ങളുടെ കുറവു കാണും!
വെള്ളി മേഘങ്ങള്‍ക്ക്
എങ്ങിനെ മഴയായി
മാറുവാന്‍ കഴിയും?
ഒരിക്കലും അസ്തമിക്കാത്ത
സൂര്യന്മാര് ഭൂമിക്കു ഭാരമാക്കും!
പക്ഷേ ഒരു കാര്യമോര്‍ക്കുക,
കറുത്ത അനുഭവങ്ങള്‍
നമുക്ക് തീര്‍ച്ചയായും
പില്ക്കാലങ്ങളില് ചിലപ്പോള്‍
വെളുത്ത സ്മരണകളാകാം!
എല്ലാവരും ഉറങ്ങി!
ജെയിംസ് ബ്രൈറ്റ് , Saturday, April 21, 2007നാടുറങ്ങി, നാട്ടാരുറങ്ങി
നാടുകാക്കും നായ്ക്കളുമുറങ്ങി!
ഞാനുറങ്ങി, നീയുമുറങ്ങി,
നമ്മുടെയിടയിലെ കുഞ്ഞുമുറങ്ങി!
മസ്തിഷ്ക തരംഗങ്ങള്‍
ജെയിംസ് ബ്രൈറ്റ് , Thursday, April 19, 2007തലച്ചോറിലൂടെ ഓടുന്ന
വൈദ്യുത തരംഗങ്ങളാണത്രേ
മനുഷ്യന്മാരുടെ ചിന്തകള്‍!
എന്റെയല്ല,ശാസ്ത്ര ചിന്തയാണിത്!
ഈ തരംഗങ്ങള്‍ ഒരു മനോഹരമായ
പൂന്തോട്ടത്തില്‍ വിഹരിക്കുമ്പോളാകുമോ
പ്രണയവും കാമവും ഉടലെടുക്കുക?
കല്ലും മുള്ളും നിറഞ്ഞ ഒരു
ഊടുവഴിയിലൂടെയീ തരംഗങ്ങള്‍
യാത്ര ചെയ്യുമ്പോളാകുമോ
ജാതി ചിന്ത, മതദ്വേഷം
തുടങ്ങിയ ഭാരത ചിന്തകള്‍
മനുഷ്യനില്‍ നാമ്പെടുക്കുക,
എന്നു മാത്രമല്ല,
അവന്റെ അന്തരാത്മാവിന്റെ
അടിവസ്ത്രത്തിന്റെയടിലും
ആജീവനാന്ത കാലത്തേക്കായി
അലിഞ്ഞു ചേരുക?
ഭാഷ
ജെയിംസ് ബ്രൈറ്റ് , Wednesday, April 11, 2007അറിയാത്ത ഭാഷയില്‍
എഴുതാന്‍ കഴിയില്ല,
കേള്‍ക്കാത്ത ഭാഷയില്‍
കരയാന്‍ കഴിയും!
അറിവിന്റെ ഭാഷയ്ക്കു
മതിലുകളില്ല,
മറവിക്കു മുന്നില്‍
ഒരുഭാഷ മാത്രം!
ലോകം ചുരുങ്ങുന്നു
ഭാഷ ഒന്നാകുന്നു,
പല ഭാഷ ജ്ഞാനിയോ
വിദ്വാനുമാകുന്നു!
അറിവാകും സൂര്യന്റെ
സൂര്യകാന്തിപ്പൂ
പ്രതിഭാഷ ലോകത്തെ
ഭാഷാ സമസ്തം!
ജന്മം തരുന്നവള്‍
മാതാവാണെങ്കില്,
മനനത്തിന് ഭാഷയോ
മാതൃഭാഷ!
ലാഭവും നഷ്ടവും
ജെയിംസ് ബ്രൈറ്റ് , Tuesday, April 10, 2007ഒരിടത്തു ലാഭമുണ്ടാകുമ്പോള്‍
മറ്റൊരിടത്തു നഷ്ടം തീര്‍ച്ച!
നഷ്ടമില്ലാതെ ലാഭമില്ല,
ലാഭമില്ലാതെ നഷ്ടവുമില്ല!
ജീവിതം പുഷ്ടി പിടിച്ചുവെന്നു
തോന്നുമ്പോളായിരിക്കും
ചിലപ്പോള്‍ നാം ജന്മനാടിനെ
അവിചാരിതമായി ഓര്‍ക്കുന്നത്!
മനസ്സ് സമ്പന്നമായെന്ന്
കരുരുതുമ്പോളായിരിക്കും
നിഷ്കളങ്കതയെ പരിപൂര്‍ണ്ണമായി
നമുക്കു കൈമോശം വരുന്നത്!
കുടുംബങ്ങള്‍ ശിഥിലമാകുമ്പോള്‍
സമ്പത്തു നമുക്കു ലഭ്യമാകുന്നു!
കുടുംബമായി ജീവിക്കുമ്പോള്‍
പണത്തിനായി പലപ്പോഴും
നാം പരക്കം പായുന്നു!
കല തപസ്യയാക്കിയവന്
ജീവിതം തീര്‍ച്ചയായും നഷ്ടം!
തൊഴിലില്‍ ആത്മാര്തയുള്ളോനും
അതുതന്നെയാണു സ്ഥിതി!
ശൈശവവും ബാല്യവും
കൌമാരവുംനഷ്ടമായി
യുവത്വവും മധ്യവയസ്കത്വവും
വാര്‍ദ്ധക്യവും നമ്മെക്കടന്നു
പോകുമ്പോള്‍,അക്ഷരാര്‍ത്ഥത്തില്‍
നമുക്കെല്ലാം നഷ്ടപ്പെടുന്നു!
ജീവിതം നഷ്ടങ്ങളുടെ കഥയാണ്.
ഞാനതില്‍ വിശ്വസിക്കുന്നു!
പണി പൂര്‍ത്തിയാകുന്നു
ജെയിംസ് ബ്രൈറ്റ് ,ഒരിഷ്ടിക കൂടി ഇനി
ചേര്ത്തുവച്ചാള് മതി,
എന്റെ വീടിന്റെ പണി
പൂര്‍ത്തിയാകുന്നു!
സ്വീകരണമുറിയിലെന്റെ
മനസ്സു ഞാന്‍ തുറന്നു വയ്ക്കും,
അടുക്കളയില്‍ ഞാനെന്റെ
ആത്മാവിനെ കുടിയിരുത്തും!
ആലസ്യവും ജീര്‍ണ്ണതകളും
ആസക്തികളും ഞാനെന്റെ
കിടപ്പു മുറികളില്‍ പൂട്ടിയിടും!
മനസ്സിന്റെ താഴ്വാരത്തിലെ
വികാര നദിയുടെ കരയിലായുള്ള
എന്റെ സ്വന്തം വീടിന്റെ
പണിപൂര്ത്തിയാകുവാനിനി
ഒരിഷ്ടിക കൂടി മാത്രം ബാക്കി!
അത്താഴം
ജെയിംസ് ബ്രൈറ്റ് , Monday, April 9, 2007ഇന്നലെകളില്‍
ജീവിച്ചിരുന്നവരും
ഇന്നുകളില്‍
വിരമിച്ചവരുമായിരുന്നു
അവിടെ അന്നേദിവസം
അത്താഴത്തിനായെത്തിയത്!
മനുഷ്യനെ നീരസത്തോടെ
നോക്കിക്കണ്ടവരും
വൈരുധ്യാത്മക ഭൌതിക വാദം
അറിഞ്ഞുകൂടാത്ത
സാധാരണ പ്രജകള്‍
ജീവിക്കുവാന്‍ യോഗ്യരല്ലെന്നു
വിശ്വസിച്ചു പോന്നിരുന്നവരും
വിരമിതന്മാരുടെ അത്താഴത്തിനായി
അന്നവിടെ സന്നിഹിതരായിരുന്നു!
പലിശ
ജെയിംസ് ബ്രൈറ്റ് , Sunday, April 8, 2007അന്തിച്ചന്തയില്‍
സ്വപ്നം വില്ക്കുന്നയാള്
സന്ധ്യക്കുമുമ്പുതന്നെ
ഉറങ്ങിപ്പോയി!
ബൈക്കിലും കാറിലുമായി
വന്നയാളുകള്‍
സ്വപ്നവ്യാപാരിയുടെ
തലയും വെട്ടിയെടുത്തു,
പിന്നെ ഹൃദയവും
ചൂഴ്ന്നെടുത്തു കൊണ്ടു പോയി!
“വട്ടിപ്പലിശയില്‍
സ്വപ്നങ്ങള്‍ വാങ്ങി വിറ്റാല്‍
ഇതായിരിക്കും ഫലം!”
ചന്തയിലെ മറ്റു വ്യാപാരികള്‍
അന്യോന്യം രഹസ്യം പറഞ്ഞു!
ദുഃഖ വെള്ളിയാഴ്ച്ച
ജെയിംസ് ബ്രൈറ്റ് , Friday, April 6, 2007ഒരു ദുഃഖ വെള്ളിയാഴ്ച്ചയിലാണല്ലോ
സ്നേഹം മരിച്ചതും ആത്മാവ് നൊന്തതും!
അന്നു തന്നെയാണല്ലോ മനസ്സാക്ഷിയുടെ
കാവല്‍ക്കാരന്റെ കാലുകളില്‍
കാരിരുമ്പാണി തുളച്ചു കയറിയതും!
സ്നേഹമൂറിയ മനസ്സിന്റെ ഉള്ളറയില്‍
കാടത്തവും മണ്ടത്തരവും നിറഞ്ഞ
സുഖലോലുപതയുടെ പാനീയങ്ങള്‍
അല്പ ജ്ഞാനികളും അലസന്മാരും
പിന്നെ അധികാരലോലുപതയുടെ
കുറുക്കന്കണ്ണുകളുള്ള കാവല്‍ക്കാരും
ഒന്നുചേര്‍ന്ന്
അനായാസമായി ഇളുപ്പില്ലാത
നിരന്തരമായി നിറച്ചതും
അതിന്റെ ആലസ്യത്തില്‍
മദ്യപിച്ചു മദോന്മത്തരായതുമെല്ലാം
ഇതുപോലെയുള്ള മറ്റൊരു
വെള്ളിയാഴ്ച്ചയിലായിരുന്നല്ലോ!
കളവ്
ജെയിംസ് ബ്രൈറ്റ് , Sunday, April 1, 2007കവിതയെഴുതിയ
കടലാസ്സുകള്‍
കളവുപോയി,
അല്ല,
കളഞ്ഞു പോയി!
കഴമ്പില്ലാത്ത
ചിന്തകളുടെ
കാമ്പുകള്‍
കരിഞ്ഞുപോയി
അല്ല,
ഒടിഞ്ഞുപോയി!
ആളൊഴിഞ്ഞ വീട്
ജെയിംസ് ബ്രൈറ്റ് , Sunday, March 11, 2007ആളൊഴിഞ്ഞ വീടിനോരു
കുമിഞ്ഞ മണമുണ്ടായിരുന്നു!
ഇടനാഴികളില്‍ തങ്ങിനിന്ന
നിശ്ശബ്ദതയില്‍
കദനമുണ്ടായിരുന്നു!
പിതാവിനെ എതിരേല്ക്കുന്ന
മകളുടെ ശാഠ്യം അവിടെ
കാതോര്‍ത്താല്‍
കേള്‍ക്കാമായിരുന്നു!
പരിഭവിക്കുന്ന ഭാര്യയുടെ
തേങ്ങലും വിഷാദവും
പിന്നെയും അവിടെ
ബാക്കി നില്പുണ്ടായിരുന്നു!
അര്‍ദ്ധരാത്രിയിലെ കുട
ജെയിംസ് ബ്രൈറ്റ് , Thursday, March 8, 2007ജനിച്ചു വീണപ്പോള്‍
മനസ്സൊന്നും അറിഞ്ഞില്ല,
മരിച്ചു വീണപ്പോഴും
അതൊന്നും അറിഞ്ഞില്ല!
ജീവിച്ചിരുന്ന കാലമെല്ലാം
അഹങ്കരിക്കുവാനതു മറന്നില്ല,
അര്‍ദ്ധരാത്രികളിലെല്ലാമോ
കുട ചൂടാനും മറന്നില്ല!
മന്ദ മനസ്സ്
ജെയിംസ് ബ്രൈറ്റ് , Wednesday, March 7, 2007മന്ദമാരുതന്
ഒരു മാര്‍ജ്ജാരനെപ്പോലെ
മന്ദനായി വന്നെന്റെ
മന്ദബുദ്ധി മനസ്സിലെ
മന്ദതയെ വീണ്ടും
മന്ദീഭവിപ്പിച്ചു!
കനലെരിഞ്ഞടങ്ങിയ
കവിതയൊരു
കുളിര്‍കാറ്റായി വന്നെന്റെ
കുളിരലമര്ന്നിരുന്ന
ചിന്തകളെ
വീണ്ടും ഘനീഭവിപ്പിച്ചു!
എന്റെ വിധി
ജെയിംസ് ബ്രൈറ്റ് , Tuesday, March 6, 2007മനസ്സില്‍ തോന്നിയതെല്ലാം
വാരി വലിച്ചെഴുതിത്തിന്നെന്റെ
മൌഠ്യ മനസ്സിന്റെ
വായും വലിഞ്ഞു കീറി
വയറ് പെരുവയറുമായി!
ഏനക്കേടു മാറ്റുവാനായി
കാള വൈദ്യന് കനിഞ്ഞു തന്ന
കുറിപ്പടിയുമായി,
കാരണവന്മാര് കുടിച്ചു വറ്റിച്ച
ദശമൂലാരിഷ്ടത്തിന്റെ
ഉറവകള്‍ തേടിയലഞ്ഞ
എന്റെ മുന്നില്‍
ഉണങ്ങിയ കലങ്ങള്‍ മാത്രം
ചോദ്യങ്ങളായി അവശേഷിച്ചു!
ഉറക്ക മരുന്നുകള്‍
ചേര്ത്തലിച്ചു വില്‍ക്കുന്ന
ആനമയക്കി അരിഷ്ടങ്ങള്‍
ആജീവനാന്തകാലം സേവിച്ച്
അനന്തമഞ്ജാതമവര്‍ണ്ണനീയ
മായിത്തീരാനാവും എന്റെ വിധി!
കുരു
ജെയിംസ് ബ്രൈറ്റ് , Monday, March 5, 2007ഒരുത്തന് രാവിലെ
എഴുന്നേറ്റു,
എന്നിട്ട്
കാരസ്കരത്തിന്റെ
കുരുവെടുത്തു
തേനിലിട്ടു!
പിന്നെ
ഒരുപാടു കാലം
കാത്തിരുന്നു!
അവസാനം
ഫല പ്രഖ്യാപനം
ടെലിവിഷനില്‍ വന്നു,
കുരുവിന്റെ കയ്പ്പു ശമിച്ചു,
പക്ഷേ
കാലം മാത്രം മാറിയില്ല!
ആശംസകള്‍
ജെയിംസ് ബ്രൈറ്റ് , Sunday, March 4, 2007നാളത്തെ പ്രതിഷേധങ്ങള്‍ക്ക്
ഇന്നിന്റെ ആശംസകള്‍!
ഭാരതപ്പുഴയില്‍ ചെറു നദികള്‍
ചെന്നു ചേരും പോലെ,
സമുദ്രത്തില്‍ എല്ലാ നദികളും
അന്ത്യത്തില്‍ സംഗമിക്കുന്നതു പോലെ,
മലയാള ബ്ലോഗര്‍മാര്‍
ഒന്നു ചേര്‍ന്നു പ്രതിഷേധിക്കുന്നു!
പ്രതിഷേധ മനസ്സുകള്‍
ഒരുമയുടെ പ്രതീകങ്ങളാണ് !
ഒരുമയിലെന്നും ഭാവുകങ്ങള്‍
വിരിയുന്നു!
നന്മയുടെ മണിനാദം
നമുക്കു കേട്ടാസ്വദിക്കാം!
നല്ലൊരു നാളേക്കായി
നമുക്കെല്ലാം കാത്തിരിക്കാം!
ഒരു യാഹൂ ഗീതം
ജെയിംസ് ബ്രൈറ്റ് , Saturday, March 3, 2007യാഹുവാണല്ലോ
എന്‍ പേര്,
ഭൂലോക
ഇന്റര്‍നെറ്റാണെന്റെ ലോകം!
അപ്പന്റെയപ്പന്റെ
മാതുലനും
പിന്നെ ബൂലോകരും
തന്ന പേര്!
മലയാളമേതാണീ ഭാഷ?
അതില്‍ മോഷ്ടിച്ചാല്‍
ആര്‍ക്കാണു ചേതം?
കൊന്നാലും വേണ്ടില്ല
ചത്താലും വേണ്ടില്ല
യാഹൂ വളരേണ്ട വേണം!
യാഹുവാണല്ലോ
എന്‍ പേര്
ഭൂമിയില്‍
ഇന്റെര്‍നെറ്റാണെന്റെ
ലോകം!
യാഹുവിനെതിരെ
ജെയിംസ് ബ്രൈറ്റ് ,ആലിന്റെ തണലില്‍
ജെയിംസ് ബ്രൈറ്റ് , Thursday, March 1, 2007ഖല്ബില് നീയാണെന്റെ
ഫാത്തിമയുടെ അനിന്തരവന്
കപ്യാര് മത്തായിയുടെ
അളിയന്റെ മകന്
തച്ചോളി മരുമക്കത്തായ
മരുമകനായ ചന്തു
തന്റെ ആസ്ഥാനത്തു
കുരുത്ത ആലൊരു
തണലാക്കേണ്ടതിനു
പകരം ആ തണലില്‍
വിവിധ തരം
മത സ്ഥാപനങ്ങള്‍
പണിഞ്ഞു!
എന്നിട്ട്
വെറുപ്പും വിദ്വേഷവും
ചായയായും ഓംലറ്റായും വിറ്റു!
കാലവും കോലവും
ജെയിംസ് ബ്രൈറ്റ് ,കാലവും മാറി
കോലവും മാറി
പക്ഷേ,
മനസ്സിലെ
കോമരങ്ങള്‍
മാത്രം മാറിയില്ല!
അസൂയയും
കുശുമ്പും
കണ്ണുകളെയും
ചെവികളേയും
ഉപേക്ഷിച്ചിട്ട്
ഇന്ന്
കാറിലും വീടിലും
ഫ്ലാറ്റിലും മാത്രമല്ല
എന്തിന്
ഇന്റര്‍നെറ്റിലും വരെ
എത്തിനില്‍ക്കുന്നു!
ദുഃഖത്തീവണ്ടി
ജെയിംസ് ബ്രൈറ്റ് , Wednesday, February 28, 2007ദുഃഖങ്ങള്‍ സഞ്ചരിച്ചിരുന്ന
തീവണ്ടിയിലെ യാത്ര
എല്ലാവര്ക്കും
സൌജന്യമായിരുന്നു!
രക്തത്തിന്റെയും
കണ്ണുനീരിന്റെയും
നിറങ്ങള്‍ എല്ലാ മനുഷ്യരിലും
ഒന്നായിരുന്നതിനാല്‍
ദുഃഖങ്ങളിലടങ്ങിയിരുന്ന
വികാരങ്ങളും
എല്ലാവരിലും
ഒന്നു തന്നെയായിരുന്നു!
മണ്ടത്തരങ്ങള്‍
ജെയിംസ് ബ്രൈറ്റ് , Tuesday, February 27, 2007മനസ്സില്‍ തൊന്നുന്ന
മണ്ടത്തരങ്ങള്‍
മരത്തോടു പറയാതെ
ജനത്തോടു പറയുക!
സത്യം
ജെയിംസ് ബ്രൈറ്റ് , Sunday, February 25, 2007മനസ്സിനെ
മറക്കുവാനും
ഹൃദയത്തിനെ
കരയുവാനും
ആരും
പഠിപ്പിക്കേണ്ടതില്ല!
കാലവും കോലവും
ജെയിംസ് ബ്രൈറ്റ് ,കാലവും മാറി
കോലവും മാറി
പക്ഷേ,
മനസ്സിലെ
കോമരങ്ങള്‍
മാത്രം മാറിയില്ല!
അസൂയയും
കുശുമ്പും
കണ്ണുകളെയും
ചെവികളേയും
ഉപേക്ഷിച്ചിട്ട്
ഇന്ന്
കാറിലും വീടിലും
ഫ്ലാറ്റിലും മാത്രമല്ല
എന്തിന്
ഇന്റര്‍നെറ്റിലും വരെ
എത്തിനില്‍ക്കുന്നു!
ചന്തയില്‍ നിന്നും വാങ്ങിയ ചിന്ത
ജെയിംസ് ബ്രൈറ്റ് , Saturday, February 24, 2007ചിന്തകളെ വില്‍ക്കുന്ന
ചന്തയിലെവിടെയും
വെള്ളം ചേര്‍ത്ത
ജീവിതവും
വില്‍ക്കുവാനായി
വച്ചിരുന്നു!
പുറം മിനുക്കിയ
യോഗ്യതകളും
കപടത മൂടിവച്ച
ആഡംബരങ്ങളും
ചൂടപ്പം പോലെ
വിറ്റഴിഞ്ഞു!
ആത്മാര്‍ദ്ധതയും
ദുഃഖവും പ്രണയവും
ആരും
വാങ്ങിയില്ല!
ലോക നിയമം
ജെയിംസ് ബ്രൈറ്റ് , Friday, February 23, 2007ആരാച്ചാരെ കൊലപാതകിയെന്ന്
എന്തുകൊണ്ടു വിളിക്കുന്നില്ല?
ജപ്തിക്കാരനെ ആരും
മോഷ്ടാവെന്ന് എന്തുകൊണ്ടാണ്
വിളിക്കാത്തത്?
ആരുടെ നിയമമാണിവിടെ?
കള്ളന്റെ കഞ്ഞി കുടിക്കാത്തവന്
കാരാഗ്രഹമാണ്
കലികാല നിയമം!
ദാഹജലം
ജെയിംസ് ബ്രൈറ്റ് , Thursday, February 22, 2007ഉപ്പു തിന്നുന്നവനെല്ലാം
വെള്ളം കുടിക്കുമെന്നു
കേട്ടുവളരേണ്ടിവന്ന
പൊതുജനം
വെള്ളം കുടിച്ചു.
അധികം ഉപ്പ് അവരാരും
തിന്നില്ല.
ജീവിതം അവരെ ഉപ്പു
തീറ്റിക്കാതെ തന്നെ
ധാരാളമായി വെള്ളം
കുടിപ്പിച്ചു!
നരകത്തിന്റെ അടിയിലെ സ്വര്‍ഗ്ഗം
ജെയിംസ് ബ്രൈറ്റ് , Friday, February 9, 2007പണം വെറും
പിണമാണെന്ന്
പറഞ്ഞവനെ
നാട്ടുകാര്‍ പിടികൂടി!
എന്നിട്ട്,
പൊതിരെ തല്ലി!
നരകത്തിന്റെയും
അടിയിലാണ്
സ്വര്‍ഗ്ഗമെന്നു
പറഞ്ഞവനെയവര്‍
തല്ലാതെ
വെറുതെവിട്ടു!
അവനാകട്ടെ
മത നേതാക്കളോടും
രാഷ്ട്രീയക്കാരോടും
സംഘംചേര്‍ന്ന്
ജനത്തെപ്പിടിച്ച്
കുഴികളിലേക്ക് തള്ളി!
നരികളും നാരികളും പിന്നെ നരന്മാരും
ജെയിംസ് ബ്രൈറ്റ് ,നരികള്‍ ഓരിയിട്ടു
സംവദിച്ചു,
നാരികള്‍ നുണകള്‍
പറഞ്ഞു ചിരിച്ചു!
നരന്മാര്‍ നാടുതോറും
തെണ്ടി,
അവരെക്കൊണ്ടു
നാടുകളും തെണ്ടി!
മുനിസ്വാമിയുടെ നഷ്ടം
ജെയിംസ് ബ്രൈറ്റ് , Thursday, February 8, 2007മുനിസ്വാമിയെന്ന തമിഴ് നാട്ടില്‍ നിന്നും വന്ന ഭിക്ഷക്കാരന് തന്റെ അന്നത്തെ കളക്ഷന്‍ എണ്ണി നോക്കി.
നൂറ്റി അറുപത്തിയഞ്ചു രൂപാ ഇരുപത്തിയഞ്ചു പൈസ!
‘കൊളപ്പം ഇല്ലൈ..’
പണ്ട് വളരെ കുറച്ച് കാശേ കിട്ടുമായിരുന്നുള്ളു. ഇന്ന് കാലം മാറിയില്ലേ...!
“ഇന്ത മാതിരി കാശു കെടച്ചാല്‍ എനക്ക് എന്‍ ഊരില്‍ ശീഘ്രമാ ഒരു വീടു വാങ്കലാം..!”
മുനിസ്വാമിയുടെ ചിന്തകള്‍ക്ക് ചീറകുവയ്ക്കുകയായിരുന്നില്ല, പകരം അതൊരു റോക്കറ്റില്‍ കയറിയിരുന്നു പായുകയായിരുന്നു!
കാശുമായി മുനിസ്വാമി കൊച്ചി മത്തായിയുടെ ചായക്കടയിലേക്ക് നടന്നു.
എന്തിന്..?
അതൊരു കഥയാണ് (ഇതും ഒരു കഥയാണ്)!
കഴിഞ്ഞ നീണ്ട പത്തു വര്‍ഷക്കാലമായി മുനിസ്വാമി ആഹാരം കഴിച്ചിരുന്നതും ഇപ്പോള്‍ കഴിച്ചു കൊണ്ടിരിക്കുന്നതുമെല്ലാം ഈ കൊച്ചി മത്തായിയുടെ കടയില്‍ നിന്നുമാണെന്നു നാം മനസ്സിലാക്കണം.
“എട മുനിച്ചാമീ..നീ നിനക്കു കിട്ടുന്ന കാശെല്ലാം എന്തു ചെയ്യുവാ..?”
മത്തായി ഒരിക്കല്‍ ചോദിച്ചു.
“അത് വന്ത് നാന് മണ്ണുക്ക് അടിയില്‍ താന്‍ കാപ്പാത്തിറുക്ക്.. എങ്കെയെന്ന് യാര്ക്കും മട്ടും തെരിയാത്...!”
“എട മണ്ടാ..നീ കാശ് എന്റെ കയ്യില്‍ താ..ഞാനതു സൂക്ഷിച്ചു വച്ചോളാം. നിനക്കെപ്പോഴാ വേണ്ടുന്നതെന്നു വച്ചാല്‍ ഞാന്‍ പലിശ സഹിതം തിരികെ തന്നോളാം”
മുനിസ്വാനിക്കതു സ്വീകാര്യമായിത്തോന്നി.
“പിന്നെ നീ ഈ വിവരം ആരോടും പറയണ്ട”
“ഇല്ലൈ”
അങ്ങിനെ ഏതാണ്ട് പത്തു വര്‍ഷക്കാലമായി കിട്ടുന്ന കാശെല്ലാം മുനിസ്വാമി മത്തായിയെ ഏല്‍പ്പിച്ചു പോന്നു.
അന്ന് മുനിസ്വാമി മത്തായിയുടെ കടയിലേക്കു പോയപ്പോള്‍ ഇടി വെട്ടി മഴ പെയ്യുവാന്‍ തുടങ്ങിയിരുന്നു.
കടയുടെ അടുത്തെത്തിയപ്പോള്‍ അവിടെയാകമാനം ഒരാള്‍ക്കൂട്ടം.
കടയിടെ ഉള്ളില്‍ നിന്നും ആരുടെയൊക്കെയോ കരച്ചില് മുനിച്ചാമി കേട്ടു.
“എന്നാച്ച്...?”
“നീ അറിഞ്ഞില്ലേ മുനിച്ചാമീ..മത്തായി മരിച്ചു പോയി..ഒരു നെഞ്ചരപ്പു വന്നെന്നു പറഞ്ഞു. ദാ അതിനകം ആളു മരിച്ചു..ഇത്രയെക്കെയേയുള്ളു മനുഷ്യന്മാരുടെ ജീവിതം..!”
അവിടെ നിന്ന ചുമട്ടുകാരന് നാണു പറഞ്ഞു.
മുനിച്ചാമിയവിടെ സ്തംഭിച്ചു നിന്നു.
അവന്റെ മനസ്സില്‍ ഒരായിരം ഇടികള്‍ വെട്ടി മറ്റൊരു മഴ തിമിര്‍ത്തു പെയ്യുവാന്‍ തുടങ്ങി.
ലോക വിനാശക ശക്തികള്‍
ജെയിംസ് ബ്രൈറ്റ് , Wednesday, February 7, 2007ലോകത്തിലെ വന്‍ സൈനിക ശക്തികളുടെ സ്ഥിതിവിവരക്കണക്കാണ്
ഈ വെബ് സൈറ്റിലുള്ളത് .
ശില്‍പ്പ വിജയിച്ചു.......പാശ്ചാത്യമനസ്സുകള്‍ കീഴടക്കിയ പൌരസ്ത്യ സുന്ദരി- അവസാന ഭാഗം
ജെയിംസ് ബ്രൈറ്റ് , Sunday, January 28, 2007
അങ്ങിനെ ഓരോരുത്തരും വോട്ടിംഗിലൂടെ പുറത്താവുകയായിരുന്നു.
അവസാനം ശില്‍പ്പ ജയിച്ചു.
ബ്രിട്ടീഷ് ടെലിവിഷനില്‍ ആദ്യമായാണ് ഒരിന്ത്യക്കാരി ഇത്തരത്തിലുള്ള ടെലിവിഷന്‍ പരിപാടിയില്‍ വിജയിയാവുന്നത്. അസംഭവ്യമായകാര്യങ്ങള്‍ സംഭവിക്കുന്നു!
സിനിമാ ഡയലോഗുകളിലൂടെ നാം കേട്ടു വളര്‍ന്ന ഭിക്ഷക്കാരുടെയും തെണ്ടികളുടേയും മാത്രം ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ..!
ഇതു കടിഞ്ഞാടിണാന്‍ പ്രയാസമുള്ള യാഗാശ്വങ്ങളുടെ ഇന്ത്യയാണ്.
ഇനിയും ശില്‍്പ്പാ ഷെട്ടിമാര് നമുക്കുണ്ടാകട്ടെ!
ഇത് പുതിയ ഇന്ത്യയുടെ വിജയമാണ്.
അതില്‍ നമുക്കെല്ലാം അഭിമാനിക്കാം.
അവസാനിച്ചു.
പാശ്ചാത്യ മനസ്സുകള്‍ കീഴടക്കാന്‍ വന്ന പൌരസ്ത്യ സുന്ദരി -രണ്ടാം ഭാഗം
ജെയിംസ് ബ്രൈറ്റ് , Friday, January 26, 2007എല്ലാ വര്‍ഷവും എന്തെങ്കിലും പുതുമയോടെ ആയിരിക്കും ബിഗ് ബ്രദര്‍ പ്രോഗ്രാം തുടങ്ങുക. ഈ വര്‍ഷം ആ പുതുമ ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടി ആയിരുന്നു. ശില്‍പ്പ പങ്കെടുക്കുന്നതു വഴി ഈ പ്രോഗ്രാമിനോട് പൊതുവെ ഉപേക്ഷ കാണിച്ചിരുന്ന ഇന്‍ഡ്യന്‍ വംശജരായ കാണീകളെക്കൂടി ആകര്‍ഷിക്കാന്‍ കഴിയുമെന്ന് അവര്‍ക്കറിയാമായിരുന്നു.
അങ്ങിനെ പരിപാടി തുടങ്ങി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പഴയ ബിഗ് ബ്രദര്‍ ഫേവറിറ്റ് ജേഡും കുടുംബവും പുതിയ താമസക്കാരായി ഷോയിലെത്തി.
പക്ഷേ പ്രോഗ്രാം പൊതുവേ ബോറാവുകയായിരുന്നു! കാണികള്‍ കുറഞ്ഞു. ബെറ്റുകള്‍ വക്കാന്‍ ആര്‍ക്കും താത്പര്യം ഇല്ലാതെയായി! പരിപാടി പൊളിഞ്ഞോ എന്ന് എല്ലാവരും സംശയിച്ചു തുടങ്ങി!
പക്ഷേ മറ്റൊരുകാര്യം ബിഗ് ബ്രദര്‍ ഹൌസില്‍ അരങ്ങേറുണ്ടായിരുന്നു. അത് മറ്റൊന്നുമായിരുന്നില്ല..ചില്ലറ അസൂയകള്..! അതും ശില്‍പ്പയോട്! വെള്ളക്കാരികള്‍ക്ക് ശില്‍പ്പയെക്കണ്ടപ്പോള്‍ത്തന്നെ അതു തോന്നിത്തുടങ്ങിയിരുന്നിരിക്കാം! ജേഡിന്റെ കൂടെച്ചേര്‍ന്ന് ഡാനിയേലും ജോയും തൊട്ടതിനും പിടിച്ചതിനുമെല്ലാം വാക്കുകള്‍ കൊണ്ട് ശില്‍പ്പയെ ആക്രമിക്കുവാന്‍ തുടങ്ങി.
സൌന്ദര്യം, അറിവ്, പെരുമാറ്റ മര്യാദകള്‍ ഇവയെല്ലാം ഒരു വ്യക്തിയില്‍ ഒരുമിച്ചു ചേര്‍ന്നതിലാവണം അവര്‍ക്കങ്ങനെ തോന്നുവാന്‍ കാരണം! ഈ വിക്രിയകള്‍ സദാചാരത്തിന്റെ സീമകള്‍ കടന്നു കയറിയപ്പോള്‍ ആളുകള്‍ പരാതിപ്പെടുവാന്‍ തുടങ്ങി. അതുവഴി പെരുവഴിയിലെത്തി നിന്ന ഈ പ്രോഗ്രാം വീണ്ടും ആളുകളുടെ സൂഷ്മ നിരീക്ഷണത്തില്‍ വന്നു.
ആരോപണത്തില്‍ കഴമ്പുണ്ടെന്നു ജനത്തിനു ബോധ്യമായി. ജനം പതിയെ ശില്‍പ്പയെ വീക്ഷിക്കാന്‍ തുടങ്ങി. കുട്ടിപ്പത്രങ്ങള്‍ ശില്‍പ്പയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. എല്ലാ ദിവസങ്ങളിലും പത്രങ്ങളില്‍ ശില്‍പ്പ നിറഞ്ഞു നിന്നു. ടെലിവിഷനിലും റേഡിയോയിലും വാര്‍ത്തകള്‍ മുറയ്ക്ക് വന്നു കൊണ്ടേയിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റ്, ടോണി ബ്ലയര്‍, ഗോര്‍ഡണ്‍ ബ്രൌണ്‍, ലണ്ടണ്‍ മേയര്‍ തുടങ്ങിയവര്‍ ശില്‍പ്പക്ക് പിന്തുണയുമായി രംഗത്തു വന്നതോടെ ഇംഗ്ലണ്ടിലെ പ്രധാന സംസാരവിഷയമായി മാറുകയായിരുന്നു ശില്‍പ്പാ ഷെട്ടി.
തുടരും.....
പാശ്ചാത്യ മനസ്സുകള്‍ കീഴടക്കാന്‍ വന്ന പൌരസ്ത്യ സുന്ദരി
ജെയിംസ് ബ്രൈറ്റ് ,ബ്രിട്ടീഷ് ടെലിവിഷനില്‍ ന്യൂനപക്ഷ രാജ്യക്കാരുടെ താത്പര്യ സംരക്ഷണത്തിനായി സ്ഥാപിതമായ ഒരു ചാനലാണ് ചാനല്‍ 4. ഗവണ്മെന്റാണ് ഈ ചാനലിന്റെ സ്പോണ്‍സര്‍മാര്‍. ഈ ചാനലിലെ പ്രോഗ്രാമുകളൊന്നും ബ്രിട്ടീഷ് ജന ജീവിതത്തിലെ പ്രാധാന്യ പരിപാടികളേ അല്ല. എന്നാല്‍ ഒരു പ്രോഗ്രാം അതില്‍ നിന്നും എപ്പോഴും വേര്‍പെട്ട് നിന്നിരുന്നു! അത് ബിഗ് ബ്രദര്‍ ആയിരുന്നു!
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വെള്ളക്കാരന്റെ മനസ്സില്‍ കടന്നു കയറാന്‍ ഈ പ്രോഗ്രാമിനു കഴിഞ്ഞു. അഭൂതപൂര്‍വമായ വരവേല്‍പ്പ് ഇതിലെ കളിക്കാര്‍ക്ക് എല്ലായ്പ്പോഴും നേടാനായി!
രണ്ടു വിഭാഗത്തിലുള്ള ബിഗ് ബ്രാദര്‍ നിലവിലുണ്ട്. പ്രശസ്തരുടെ വിഭാഗവും അപ്രശസ്തരുടെ വിഭാഗവും.
രണ്ടു വിഭാഗക്കാരുടെയും ബിഗ് ബ്രദര്‍ ഷോകള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബ്രിട്ടണില്‍ നടന്നു വരുന്നു. ടെലിവിഷന്‍ ചരിത്രത്തിലെ റെക്കാര്‍ഡ് വ്യൂവര്‍ഷിപ്പുമായി ബിഗ് ബ്രദര്‍ തിളങ്ങി നിന്നപ്പോള്‍ മറ്റു പ്രോഗ്രാം നിര്‍മ്മാതാക്കള്‍ എല്ലായ്പ്പോഴും ഇതിന്റെ ശില്‍പ്പികളെ അസൂയയോടു കൂടി മാത്രം നോക്കിക്കാണേണ്ടുന്ന ഒരു സ്ഥിതി തന്നെ നിലവില്‍ വന്നു.
എല്ലാ വര്‍ഷങ്ങളിലും ലാഭത്തില്‍ നിന്നും ലാഭത്തിലേക്ക് കുതിച്ച ഈ പ്രോഗ്രാം ചാനല്‍ 4 ന്റെ തന്നെ അന്നദാതാവായി മാറി! ഇതില്‍ പങ്കെടുത്ത സാധാരണക്കാരില്‍ പലരും പ്രശസ്തരും പണക്കാരുമായി പില്ക്കാലത്ത് മാറിത്തീര്‍ന്നു.
അതിലൊരാളായിരുന്നു ജേഡ് ഗുഡി എന്നു പേരുള്ള കറുത്ത വര്ഗ്ഗക്കാരന്റെ പിന്മുറക്കാരിയായ ഡെന്റല്‍ നേഴ്സ്. ഈ പ്രോഗ്രാമില്‍ പങ്കെടുത്തതിനു ശേഷം ദാരിദ്ര്യത്തില്‍ നിന്നും ഈ ബ്രിട്ടീഷ് അടിസ്ഥാനവര്‍ഗ്ഗക്കാരി പണത്തിന്റെയും പ്രശസ്തിയുടെയും പടവുകള്‍ ചവിട്ടിക്കയറിയപ്പോള്‍ ബ്രിട്ടീഷ് സമൂഹം വളരെയേറെ സന്തോഷിച്ചു. അടിസ്ഥാനവര്‍ഗ്ഗ മനസ്സാഷി അവളെ നെഞ്ചിലേറ്റി!
എന്നാല്‍ അതൊന്നും അധികനാള്‍ നീണ്ടു നിന്നില്ല.
അകാലത്തില്‍ അതിന്റെയെല്ലാം അവസാനം അപ്രതീക്ഷിതമായി വരാന്‍ പോകുന്നുവെന്ന് ആരു കരുതി?
പടിഞ്ഞാറന്‍ മനസ്സുകള്‍ കീഴടക്കുവാനായി ഒരു കിഴക്കന്‍ സുന്ദരി വരാന്‍ പോകുന്നുവെന്ന് പ്രവചിക്കുവാന്‍ ഒരു പ്രവാചകനും കഴിഞ്ഞില്ല.
തുടരും........
മഞ്ഞു മഴ
ജെയിംസ് ബ്രൈറ്റ് , Thursday, January 25, 2007മനസ്സൊന്നു തണുക്കണം.
മനസ്സിന്റെ ചൂടേറ്റ് അവനെഴുതിയ കടലാസ്സിലെ അക്ഷരങ്ങളെല്ലാം ആവിയായി പൊയ്ക്കൊണ്ടേയിരുന്നു.
സ്മാളടിച്ചാല്‍ ഫലമുണ്ടാകുമെന്നു കരുതി അടിച്ചു തീര്‍ത്ത ഒഴിഞ്ഞ കുപ്പികള്‍ അവനെ നോക്കി പല്ലിളിച്ചു കാണിച്ചു!
സ്മാളടിച്ചപ്പോള്‍ മനസ്സിന്റെ ചൂട് കൂടിയതേയുള്ളു!
ദേഷ്യം വരാതെ എന്തു ചെയ്യും?
‘സ്മാളുകള്‍ കണ്ടൂപിടിച്ചവനെ കണ്ടിരുന്നെങ്കില്‍ കശാപ്പു ചെയ്യാമായിരുന്നു!’ അവന് ചിന്തിച്ചു!
അങ്ങിനെ നിരാശനായ അവന്റെ തുണക്കായി ദൈവമെത്തി!
ഒരു മഞ്ഞുമഴ പെയ്യുന്നത് ജനലിലൂടെ അവന് കണ്ടു!
അവന്റെ മനസ്സ് തണുത്തു.
തണുക്കുക മാത്രമല്ല, തണുത്തുറഞ്ഞു.
ഉറഞ്ഞുറഞ്ഞ്, അവനും അവന്റെ ഉറഞ്ഞ മനസ്സും ഒരൈസു കട്ടയായി.
അവന്റെ സഹമുറിയന് ജോലികഴിഞ്ഞു വന്ന്, ആ ഐസുകട്ട സ്മാളിലിട്ട് ഒറ്റ വലിപ്പിനു കുടിച്ചു!
അപ്പോഴും ജനലിലൂടെ മഞ്ഞു പെയ്യുന്നതു കാണാമായിരുന്നു.