വിന വിതക്കും എഫ്ബി ഫ്രണ്ട്സ്

വളരെ അധികം ഫേസ്ബുക്ക്‌ കൂട്ടുകാര്‍ നല്ല ഒരു കാര്യമായി നിങ്ങള്ക്ക് തോന്നി എന്ന് വരാം. എന്നാല്‍ കൂടുതല്‍ ഫ്രണ്ട്സ് ഫേസ് ബുക്കില്‍ ഉള്ളത് ഒരാളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും എന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തി. ഒരാള്‍ക്ക്‌ കൂടുതല്‍ കൂട്ടുകാര്‍ എഫ്ബിയില്‍ ഉണ്ടെങ്കില്‍ അയാളുടെ മനസ്സിന്റെ പിരിമുറുക്കം കൂടുമെന്നാണ് പറയപ്പെടുന്നത്‌. യു.കെ യിലെ എഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍ ആണ് ഈ പഠനം നടന്നത്.
ഒരാള്‍ക്ക് കൂടുതല്‍ കൂട്ടുകാര്‍ ഉണ്ടാവുന്നതനുസരിച്ച് അയാളുടെ പ്രവര്‍ത്തികളും ആളുകള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങുന്നു. പല കൂട്ടുകാര്‍ക്കും ചില പ്രവര്‍ത്തികള്‍ അത്ര കണ്ട് ഇഷ്ടപ്പെട്ടു എന്ന് വരില്ല. അതനുസരിച്ച് പലപ്പോഴും നെഗറ്റീവ് കമന്റുകളും മറ്റും ഇവര്‍ക്ക് ലഭിച്ചു എന്നും വരാം. ഇതൊക്കെ ഒരാളുടെ മനസ്സില്‍ പിരിമുറുക്കങ്ങള്‍ ഉണ്ടാക്കാം.
ഇക്കാലത്ത് നമ്മളെയൊക്കെ പണ്ടുമുതലേ അറിയാവുന്ന പലരും നമ്മുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടാവാമല്ലോ. അതുപോലെ മാതാ പിതാക്കന്മാര്‍, കൂടപ്പിറപ്പുകള്‍ , ഗുരുനാഥന്മാര്‍, നമ്മുടെ കൂടെ ജോലി ചെയ്യുന്നവരും മേലധികാരികളും ഒക്കെ പലപ്പോഴും നമ്മുടെ ഇത്തരത്തിലുള്ള ടെന്‍ഷന്‍ കൂട്ടുന്നതിനുള്ള കാരണം ആയി മാറുന്നു.

അവിശ്വാസികളെ വിശ്വാസമില്ല !ഈശ്വര വിശ്വാസമില്ലാത്തവരെ ആളുകള്‍ക്കും വിശ്വാസമില്ല  . ഒരു പഠനത്തിലാണ് രസകരമായ ഈ വിവരം വെളിപ്പെട്ടത്. ആര്‍ക്കും ഈശ്വരനില്‍ വിശ്വസിക്കാനും അവിശ്വസിക്കുവാനും ഉള്ള അവകാശമുണ്ട്‌. എന്നാല്‍ അവിശ്വാസികള്‍ ചില്ലറ കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും.
അമേരിക്കയില്‍ നടന്ന ഒരു പഠനത്തില്‍ ഒരു സാങ്കല്‍പ്പിക കഥ ആളുകളുടെ മുന്നില്‍ ഗവേഷകര്‍ അവതരിപ്പിച്ചു. പാര്‍ക്ക് ചെയ്തിരുന്ന ഒരു വാഹനത്തില്‍ വന്നിടിച്ചിട്ട് ഇന്ഷുറന്സ് രേഖകള്‍ നല്‍കാതെ മുങ്ങിയ ഒരാള്‍ ഏത് മതക്കാരനായിരിക്കാനാണ് സാധ്യത എന്നായിരുന്നു ചോദ്യം. മുസ്ലിം, ക്രിസ്ത്യാനി , ബലാല്‍സംഗം തൊഴിലാക്കിയ ഒരാള്‍ , പിന്നെ നിരീശ്വര വാദി എന്നിങ്ങനെ ആയിരുന്നു ഉത്തരങ്ങളിലെ ഓപ്ഷനുകള്‍.  വാഹനത്തില്‍ ഇടിച്ചിട്ടു മുങ്ങിയ ആള്‍ ഒരു നിരീശ്വര വാദിയോ ബലാല്‍സംഗക്കാരനോ ആവാം എന്നായിരുന്നു ആളുകളുടെ മറുപടി. അയാള്‍ ഒരിക്കലും ഒരു മുസ്ലീമോ ക്രിസ്ത്യാനിയോ (അല്ലെങ്കില്‍ ഒരു മത വിശ്വാസിയോ) ആയിരിക്കില്ല എന്ന് എല്ലാവരും വിശ്വസിച്ചു.
ഒരു ജോലിയില്‍ തിരഞ്ഞെടുക്കപ്പെടാനും നിരീശ്വര വാദികള്‍ക്ക് സാധ്യത കുറവാണെന്നും ഈ പഠനം കണ്ടെത്തി.  ദൈവ വിശ്വാസമില്ലാത്തവരെ  ഏതെങ്കിലും ജോലി എല്പിക്കുവാന്‍  ആളുകള്‍ മടിക്കുന്നു. സ്വന്തം കുഞ്ഞിനെ നോക്കുവാനായി താങ്കള്‍ ഒരു നിരീശ്വര വാദിയെ ഏല്പിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് ആളുകള്‍ നല്‍കിയത്.
ഈ പഠനത്തില്‍ പങ്കെടുത്ത ആളുകളൊന്നും കടുത്ത മത വിശ്വാസികള്‍ ആയിരുന്നില്ല എന്നത് കൂടുതല്‍ താത്പര്യമുളവാക്കുന്നു. യാതൊരു മതങ്ങളുമായും ബന്ധമില്ല എന്ന് ഇവര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുന്നതിനു മുമ്പ് വെളിപ്പെടുത്തിയിരുന്നു. ദൈവം തങ്ങളെ നിരീക്ഷിക്കുന്നു എന്ന വിചാരം നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അന്യര്‍ക്ക് ദ്രോഹകരമായ പ്രവര്‍ത്തികളില്‍ നിന്നും ദൈവ ചിന്ത മനുഷ്യനെ പിന്തിരിപ്പിക്കും.

Written By :James Bright

കൊളസ്റ്റെറോള്‍ എങ്ങിനെ കൂടുന്നു?


ശരീരത്തില്‍ കൊഴുപ്പ്  കൂടുന്നത് നല്ലതല്ല എന്ന് എല്ലാവര്ക്കും അറിയാം. ഒരുപാട് ആളുകള്‍ക്ക് ശരീരത്തില്‍ കൊഴുപ്പ് കൂടുതലായി കാണപ്പെടുന്നു. ആഹാര സാധനങ്ങള്‍, ജീവിത രീതി , ഫാമിലി ഹിസ്റ്ററി തുടങ്ങിയ കാര്യങ്ങള്‍ ഇക്കാര്യത്തില്‍ വളരെ പ്രധാനങ്ങളാണ്. ചില കാരണങ്ങള്‍ ഇവിടെ ലിസ്റ്റ് ചെയ്യുന്നു.
ആഹാരം
കൂടുതല്‍ കൊഴുപ്പ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. ഇറച്ചി , മുട്ട , പാല്‍ , ചീസ് , ബട്ടര്‍ , പാചകം ചെയ്യാനുപയോഗിക്കുന്ന എണ്ണ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയില്‍ ധാരാളം കൊഴുപ്പുള്ളതിനാല്‍ അവ മിതമായി കൊഴുപ്പിന്റെ അസുഖമുള്ളവര്‍ ഉപയോഗിക്കണം.
ശരീരത്തിന്റെ തൂക്കം.
അമിതമായി ഉള്ള വണ്ണം കുറയ്ക്കുവാന്‍ ശ്രദ്ധിക്കണം. മദ്യപാനം ഒഴിവാക്കണം.
വ്യായാമം
വേണ്ട വിധം വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂടും.
പ്രായം, ലിംഗ ഭേദം.
ആണുങ്ങളില്‍ ഇരുപതു വയസ്സ് കഴിയുമ്പോള്‍ കൊഴുപ്പിന്റെ അളവ് കൂടുവാന്‍ തുടങ്ങും. അമ്പതു വയസ്സ് ആകുമ്പോള്‍ ഇത് പതിയെ ക്രമീകൃതമാവും. സ്ത്രീകളില്‍ ആര്‍ത്തവം നിന്ന് കഴിയുമ്പോള്‍ കൊഴുപ്പിന്റെ അളവ് കൂടുവാന്‍ തുടങ്ങും. പിന്നീട് അത് പുരുഷന്റെ രീതിയില്‍ ആയിരിക്കും നില കൊള്ളുക.
ഫാമിലി ഹിസ്റ്ററി
കുടുംബ ചരിത്രം വളരെ പ്രധാനമാണ്. മാതാ പിതാക്കള്‍ക്ക് ഉള്ള പല അസുഖങ്ങളും മക്കള്‍ക്കും വരാം.
സിഗരറ്റുവലി
പുകവലി ശരീരത്തിലെ നല്ല കൊഴുപ്പിന്റെ അളവ് കുറയ്ക്കാം.

മഞ്ചൌസന്‍ സിണ്ട്രോം
മഞ്ചൌസന്‍ സിണ്ട്രോം എന്ന അസുഖത്തെപ്പറ്റി നിങ്ങള്‍ക്കറിയുമോ? നമുക്ക് ഇല്ലാത്ത അസുഖങ്ങള്‍ ഉണ്ടെന്ന് ഭാവിച്ച് അതിനു വേണ്ടി അനാവശ്യമായി ടെസ്റ്റുകള്‍ നടത്തുകയും ചികിത്സകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്. ഇതുള്ളവര്‍ ചിലപ്പോള്‍ അനാവശ്യമായി ഓപ്പറേഷന് വിധേയരായി എന്ന് പോലും വരാം. ഈ അപൂര്‍വ മാനസിക രോഗത്തിന്റെ ഓണ്‍ലൈന്‍ രൂപം ഉണ്ടെന്ന് മാനസിക ചികിത്സകര്‍ ഈയിടെ കണ്ടുപിടിച്ചു.  അസുഖങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ചില ആളുകള്‍ മാരകങ്ങളായ ക്യാന്‍സര്‍ പോലെയുള്ള അസുഖങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്‌ ബ്ലോഗു ചെയ്യുവാന്‍ തുടങ്ങിയതായി കണ്ടെത്തി. ഇത്തരത്തിലുള്ള പല ബ്ലോഗുകളും കണ്ടെത്തുകയുണ്ടായി.
വാലറി എന്ന ബ്ലോഗര്‍ തനിക്കു വന്ന സ്തനാര്‍ബുദത്തെപ്പറ്റി ആയിരുന്നു എഴുതിയിരുന്നത്. നല്ലവരായ ഓണ്‍ലൈന്‍ സുഹൃത്തുക്കളില്‍ നിന്നും മാനസികമായി ഉള്ള സംരക്ഷണം ആയിരുന്നു തനിക്ക് വേണ്ടിയിരുന്നത് എന്ന് അവര്‍ അവകാശപ്പെട്ടു. ഏതാണ്ട് ഒരു വര്‍ഷത്തോളം ചികിത്സയുടെ വിശദാംശങ്ങളും മറ്റും പ്രതിപാദിക്കുന്ന  വിശദങ്ങളായ  പോസ്റ്റുകള്‍ ഇവര്‍ എഴുതുകയുണ്ടായി. അവരുടെ മുറിച്ചു മാറ്റപ്പെട്ട സ്തനങ്ങളുടെ അന്ത്യകൂദാശ വരെ ഇവര്‍ നടത്തി.
ബെത്ത് എന്ന മറ്റൊരു യുവതി തനിക്ക് ലിംഫോമ എന്ന ക്യാന്‍സര്‍ ഉണ്ടെന്നു പറഞ്ഞാണ് ബ്ലോഗു ചെയ്യാന്‍ തുടങ്ങിയത്. അവരുടെ അമ്മാവന്‍ തന്നെ ഈ രോഗത്തിന്റെ ചികിത്സയില്‍ ഇരിക്കുമ്പോള്‍ തന്നെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണി ആക്കി എന്നും ഇവര്‍ അവകാശപ്പെട്ടു. അനേകം വായനക്കാരെ വിഷമത്തില്‍ ആഴ്തുവാന്‍ ഇതില്‍ കൂടുതല്‍ ആയി എന്തെങ്കിലും ആവശ്യമുണ്ടോ?
ഇത്തരത്തിലുള്ള മറ്റനേകം ബ്ലോഗുകളും ഒരു ഇന്റെനെറ്റ് സെര്‍ച്ച് നടത്തിയാല്‍നിങ്ങള്ക്ക് ലഭിക്കുന്നതാണ്.
ഈ അസുഖത്തെ ഇന്റര്‍നെറ്റ്‌ മഞ്ചൌസന്‍സ് എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്‌. ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായമുള്ള യുവതികളില്‍ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്‌. ഇവര്‍ക്ക് സ്വഭാവ വൈകല്യം ഉണ്ടാവും. മെഡിക്കല്‍ പ്രൊഫഷനില്‍ ജോലി ചെയ്യുന്നവരിലും ഇത് കൂടുതലായി കണ്ടുവരുന്നുണ്ട്.