ആളൊഴിഞ്ഞ വീട്

ആളൊഴിഞ്ഞ വീടിനോരു
കുമിഞ്ഞ മണമുണ്ടായിരുന്നു!
ഇടനാഴികളില്‍ തങ്ങിനിന്ന
നിശ്ശബ്ദതയില്‍
കദനമുണ്ടായിരുന്നു!

പിതാവിനെ എതിരേല്‍ക്കുന്ന
മകളുടെ ശാഠ്യം അവിടെ
കാതോര്‍ത്താല്‍
കേള്‍ക്കാമായിരുന്നു!
പരിഭവിക്കുന്ന ഭാര്യയുടെ
തേങ്ങലും വിഷാദവും
പിന്നെയും അവിടെ
ബാക്കി നില്പുണ്ടായിരുന്നു!

അര്‍ദ്ധരാത്രിയിലെ കുട

ജനിച്ചു വീണപ്പോള്‍
മനസ്സൊന്നും അറിഞ്ഞില്ല,
മരിച്ചു വീണപ്പോഴും
അതൊന്നും അറിഞ്ഞില്ല!

ജീവിച്ചിരുന്ന കാലമെല്ലാം
അഹങ്കരിക്കുവാനതു മറന്നില്ല,
അര്‍ദ്ധരാത്രികളിലെല്ലാമോ
കുട ചൂടാനും മറന്നില്ല!

മന്ദ മനസ്സ്

മന്ദമാരുതന്‍
ഒരു മാര്‍ജ്ജാരനെപ്പോലെ
മന്ദനായി വന്നെന്റെ
മന്ദബുദ്ധി മനസ്സിലെ
മന്ദതയെ വീണ്ടും
മന്ദീഭവിപ്പിച്ചു!

കനലെരിഞ്ഞടങ്ങിയ
കവിതയൊരു
കുളിര്‍കാറ്റായി വന്നെന്റെ
കുളിരലമര്‍ന്നിരുന്ന
ചിന്തകളെ
വീണ്ടും ഘനീഭവിപ്പിച്ചു!

എന്റെ വിധി

മനസ്സില്‍ തോന്നിയതെല്ലാം
വാരി വലിച്ചെഴുതിത്തിന്നെന്റെ
മൌഠ്യ മനസ്സിന്റെ
വായും വലിഞ്ഞു കീറി
വയറ് പെരുവയറുമായി!

ഏനക്കേടു മാറ്റുവാനായി
കാള വൈദ്യന്‍ കനിഞ്ഞു തന്ന
കുറിപ്പടിയുമായി,
കാരണവന്മാര്‍ കുടിച്ചു വറ്റിച്ച
ദശമൂലാരിഷ്ടത്തിന്റെ
ഉറവകള്‍ തേടിയലഞ്ഞ
എന്റെ മുന്നില്‍
ഉണങ്ങിയ കലങ്ങള്‍ മാത്രം
ചോദ്യങ്ങളായി അവശേഷിച്ചു!

ഉറക്ക മരുന്നുകള്‍
ചേര്‍ത്തലിച്ചു വില്‍ക്കുന്ന
ആനമയക്കി അരിഷ്ടങ്ങള്‍
ആജീവനാന്തകാലം സേവിച്ച്
അനന്തമഞ്ജാതമവര്‍ണ്ണനീയ
മായിത്തീരാനാവും എന്റെ വിധി!

കുരു

ഒരുത്തന്‍ രാവിലെ
എഴുന്നേറ്റു,
എന്നിട്ട്
കാരസ്കരത്തിന്റെ
കുരുവെടുത്തു
തേനിലിട്ടു!
പിന്നെ
ഒരുപാടു കാലം
കാത്തിരുന്നു!
അവസാനം
ഫല പ്രഖ്യാപനം
ടെലിവിഷനില്‍ വന്നു,
കുരുവിന്റെ കയ്പ്പു ശമിച്ചു,
പക്ഷേ
കാലം മാത്രം മാറിയില്ല!

ആശംസകള്‍

നാളത്തെ പ്രതിഷേധങ്ങള്‍ക്ക്
ഇന്നിന്റെ ആശംസകള്‍!
ഭാരതപ്പുഴയില്‍ ചെറു നദികള്‍
ചെന്നു ചേരും പോലെ,
സമുദ്രത്തില്‍ എല്ലാ നദികളും
അന്ത്യത്തില്‍ സംഗമിക്കുന്നതു പോലെ,
മലയാള ബ്ലോഗര്‍മാര്‍
ഒന്നു ചേര്‍ന്നു പ്രതിഷേധിക്കുന്നു!

പ്രതിഷേധ മനസ്സുകള്‍
ഒരുമയുടെ പ്രതീകങ്ങളാണ് !
ഒരുമയിലെന്നും ഭാവുകങ്ങള്‍
വിരിയുന്നു!
നന്മയുടെ മണിനാദം
നമുക്കു കേട്ടാസ്വദിക്കാം!
നല്ലൊരു നാളേക്കായി
നമുക്കെല്ലാം കാത്തിരിക്കാം!

ഒരു യാഹൂ ഗീതം

യാഹുവാണല്ലോ
എന്‍ പേര്,
ഭൂലോക
ഇന്റര്‍നെറ്റാണെന്റെ ലോകം!
അപ്പന്റെയപ്പന്റെ
മാതുലനും
പിന്നെ ബൂലോകരും
തന്ന പേര്!

മലയാളമേതാണീ ഭാഷ?
അതില്‍ മോഷ്ടിച്ചാല്‍
ആര്‍ക്കാണു ചേതം?
കൊന്നാലും വേണ്ടില്ല
ചത്താലും വേണ്ടില്ല
യാഹൂ വളരേണ്ട വേണം!

യാഹുവാണല്ലോ
എന്‍ പേര്
ഭൂമിയില്‍
ഇന്റെര്‍നെറ്റാണെന്റെ
ലോകം!




യാഹുവിനെതിരെ



എല്ലാ ബ്ലോഗര്‍മാരോടുമൊപ്പം ഞാനും യാഹുവിനെതിരെ പ്രതിഷേധിക്കുന്നു.
ഇനി ആരും ഇത്തരത്തില്‍ പ്രവര്‍ത്തിക്കില്ല എന്നു നമുക്കാശിക്കാം!

ആലിന്റെ തണലില്‍

ഖല്‍ബില്‍ നീയാണെന്റെ
ഫാത്തിമയുടെ അനിന്തരവന്‍
കപ്യാര്‍ മത്തായിയുടെ
അളിയന്റെ മകന്‍
തച്ചോളി മരുമക്കത്തായ
മരുമകനായ ചന്തു
തന്റെ ആസ്ഥാനത്തു
കുരുത്ത ആലൊരു
തണലാക്കേണ്ടതിനു
പകരം ആ തണലില്‍
വിവിധ തരം
മത സ്ഥാപനങ്ങള്‍
പണിഞ്ഞു!
എന്നിട്ട്
വെറുപ്പും വിദ്വേഷവും
ചായയായും ഓം‌ലറ്റായും വിറ്റു!

കാലവും കോലവും

കാലവും മാറി
കോലവും മാറി
പക്ഷേ,
മനസ്സിലെ
കോമരങ്ങള്‍
മാത്രം മാറിയില്ല!
അസൂയയും
കുശുമ്പും
കണ്ണുകളെയും
ചെവികളേയും
ഉപേക്ഷിച്ചിട്ട്
ഇന്ന്
കാറിലും വീടിലും
ഫ്ലാറ്റിലും മാത്രമല്ല
എന്തിന്‍
ഇന്റര്‍നെറ്റിലും വരെ
എത്തിനില്‍ക്കുന്നു!