പേരിടാത്ത ഒരു കഥ

“അങ്ങിനെ പോകുന്നു മദ്യപാനത്തിന്റെ വിപത്തുകള്‍..! ഈ സാമൂഹ്യ തിന്മയീല്‍ നിന്നും നമ്മുടെ സമൂഹം മോചനം നേടിയെങ്കില്‍ മാത്രമേ നല്ലൊരു നാളെയെ നമുക്കു വാര്‍ത്തെടുക്കുവാന്‍ കഴിയുകയുള്ളു. അതിനായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ എല്ലാവരേയും ആഹ്വാനം ചെയ്തുകൊള്ളുന്നു.”
അഖില കേരള മദ്യനിരോധന സമിതി താലൂക്ക് ട്രെഷറര്‍ ശ്രീമാന്‍ മുടന്തന്‍ കുഴി നാണു തന്റെ സുദീര്‍ഘമായ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ഇടിവെട്ടാം കോട് എല്‍. പി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ തടിച്ച് കൂടിയിരുന്ന ബഹുപൂരിപക്ഷം ജനങ്ങളില്‍ നിന്നും ആശ്വാസ സൂചകമായ ഒരു നെടുവീര്‍പ്പുയര്‍ന്നു!
മദ്യപാനം ഒരു സാമൂഹ്യവിപത്താണെന്ന് ചിത്രീകരിക്കുന്നതില്‍ നാണു ഏതാണ്ട് വിജയിച്ചു എന്നുതന്നെ കരുതാം. “യുവാക്കള്‍ക്ക് അകാലത്തില്‍ മരണം വരുത്തിവക്കുന്ന ഒരു സാത്താനാണ് മദ്യം...“ അതായിരുന്നു ആ പ്രസംഗത്തിന്റെ സാരം.
“ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ ഇവിടെ പറയുവാനുള്ള ഒരവസരം ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് മുന്നോട്ട് വരാം” നാണു അനൌണ്‍സ് ചെയ്തു.
സ്തീകളായിരുന്നു അവിടെകൂടിയിരുന്നതില്‍ കൂടുതലും.
ആദ്യം മുന്നോട്ടുവന്നത് ഓട്ടോ തങ്കച്ചന്റെ കെട്ടിയവളായിരുന്നു. തങ്കച്ചന്‍ ആക്സിഡന്റില്‍ പെട്ടതും ഒടുവില്‍ ഓട്ടോയുടെ ബുക്കും പേപ്പറും പണയം വെക്കേണ്ടി വന്നതുമെല്ലാം കുടി മൂലമാണെന്ന് അവര്‍ സമര്‍ത്ഥിച്ചു.
അതിനു ശേഷം രണ്ടു മൂന്നു സ്ത്രീകളും കൂടി മുന്നോട്ടു വന്ന് ഭര്‍ത്താക്കന്മാരുടെ കുടി മൂലം തങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ സദസ്സിനെ അറിയിച്ചു.
ഇതെല്ലാം കെട്ടിരുന്ന പെണ്ണുങ്ങള്‍ കരഞ്ഞും മൂക്കുചീറ്റിയും തങ്ങളുടെ സഹതാപവും സങ്കടവും അന്യോന്യം പങ്കുവച്ചു.
അതുവരെ ഓഡിറ്റോറിയത്തിന്റെ മൂലയില്‍ ഒരു മിനറല്‍ വാട്ടര്‍ ബോട്ടിലും പിടിച്ചുകൊണ്ടു നിന്നിരുന്ന കുഞ്ഞപ്പനാണ് അടുത്തതായി പ്രസംഗ വേദിയിലേക്ക് കടന്നു വന്നത്.
“മാന്യ നാട്ടുകാരെ.“
കുഞ്ഞപ്പന്‍ ആരംഭിച്ചു.
“കഴിഞ്ഞ ചിങ്ങത്തില്‍ എന്റെ ഭാര്യ മാത്തന്റെ മകള്‍ കൊച്ചുമറിയ വയറ്റോപ്പറേഷനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്ന വിവരം ഇവിടെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെല്ലോ. ഓപ്പറേഷന്റന്നു രാവിലെ സകലദൈവങ്ങളേയും വിളിച്ചുംകൊണ്ട് ഞാന്‍ മെഡിക്കല്‍ കോളേജില്‍ പോകാനായി കൊല്ലം ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്‍ഡില്‍ ചെന്നു. അവിടെ തിരുവനന്തപുരഠ്തേക്കു പോകാനായി പാര്‍ക്കുചെയ്തിരുന്ന ബസ്സില്‍ ഞാന്‍ കയറിയിരുന്നു. ബസ്സിന്റെ ഏറ്റവും പുറകിലെ മൂലയിലായിരുന്നു എനിക്ക് സീറ്റ് കിട്ടിയത്. അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ വന്ന് , ടയര്‍ പഞ്ചറായതിനാല്‍ അതുമാറ്റുവാന്‍ വേണ്ടി് ബസ്സ് അര മണിക്കൂര്‍ കഴിഞ്ഞുമാത്രമേ പുറപ്പെടുകയുള്ളുവെന്ന് അറിയിച്ചു. എന്റെ കയ്യിലിരുന്ന ന്യൂസ്സ് പേപ്പര്‍ സീറ്റില്‍ വച്ച് അതു ബുക്കു ചെയ്തതിനു ശേഷം ഞാന്‍ പുറത്തിറങ്ങി. ഭാര്യയുടെ കാര്യമാലോചിച്ചുള്ള ടെന്‍ഷനില്‍ അടുത്തുള്ള ബാറില്‍ക്കയറി രണ്ടു മൂന്നു സ്മാളും വിട്ട് പുറത്തുവന്നു നോക്കിയപ്പോള്‍ ആ ബസ്സ് പൊയ്ക്കഴിഞ്ഞിരുന്നു.
പിന്നെ വന്ന സൂപ്പര്‍ ഫാസ്റ്റില്‍ക്കയറി ഞാന്‍ തിരുവനന്തപുരത്തേക്കു യാത്രയായി. ഏതാണ്ട് ആറ്റിങ്ങലിനടുത്തെത്തിയപ്പോല്‍ ഞങ്ങളുടെ വണ്ടി ഒന്നു സ്ലോ ചെയ്തു. പ്രിയമുള്ളവരേ അവിടെക്കണ്ട കാഴ്ച്ച കണ്ട് ഞാന്‍ മരവിച്ചിരുന്നു പോയി. ഞാന്‍ ആദ്യം കയരിയ ബസ്സ് ഒരപകടത്തില്‍പ്പെട്ട് റോഡിന്റെ സൈഡില്‍ കിടപ്പുണ്ടായിരുന്നു. ഞാനിരുന്നിരുന്ന സീറ്റിന്റെ ഭാഗം, അതായത് ബസ്സിന്റെ പുറകുവശം മൊത്തം തകര്‍ന്നു പോയി. അവിടെയിരുന്ന പത്തു പേര്‍ അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചു പോയി!
അന്നു മദ്യം എന്നെ രക്ഷിച്ചു. മദ്യപിക്കാതെ ബസ്സില്‍ത്തന്നെ ഇരുന്നിരുന്നുവെങ്കില്‍ ഇന്ന് നിങ്ങളുടെ മുമ്പില്‍ ഇതു പറയുവാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല. അതിനാല്‍ പ്രിയമുള്ളവരേ ഞാനിനിയും കുടിക്കും!”
കുഞ്ഞപ്പന്‍ കയ്യിലിരുന്ന മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ നിന്നു വീണ്ടും കുടിച്ചു.
“ഇത് മിനറല്‍ വാട്ടറല്ല. വോഡ്ക്കയും സ്പ്രിന്റുമാണ്”
മദ്യനിരോധന സമിതി താലൂക്ക് ട്രഷറര്‍ ശ്രീമാന്‍ മുടന്തന്‍ കുഴി നാണു മൈക്ക് ഓഫു ചെയ്യുവാന്‍ ഓപ്പറേറ്ററോട് ആവശ്യപ്പെടും മുമ്പ് കുഞ്ഞപ്പന്‍ തന്റെ പ്രസംഗവും അവസാനിപ്പിച്ച് പുറത്തിറങ്ങി.
മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ നിന്നും വീണ്ടും വീണ്ടും കുടിച്ചും കൊണ്ട് നടന്നുപോയ കുഞ്ഞപ്പനേയും നോക്കി ജനം ഉത്തരം മുട്ടി നിന്നു

ജനാധിപത്യം

സത്യം പറഞ്ഞവന്‍
ചത്തതിന്‍ പിറ്റേന്ന്
കള്ളം പറഞ്ഞവന്‍
മുഖ്യനായി...!

പാതകം ധാരാളം
മഴപോലെ പെയ്തപ്പോള്‍
പാതി കുടിച്ചവന്‍
മന്ത്രിയായി..!

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍..ഇതാ
ചിറകേറിവരുന്നു..
മനസ്സിന്റെ മച്ചില്‍
കുടിയിരിക്കുവാനായി..!

മധുരമുണ്ടെങ്കിലും
അതിലുമധികമായ്
വേദനയേകുന്നീ
ഓര്‍മ്മകളില്‍ പലതും..!

ആത്മാവിനെന്നും
നൊമ്പരം നല്‍കുവാന്‍
എന്തിനു നിങ്ങളീ
വിരുന്നായി വരുന്നു..?

ചിന്ത
ചിന്തകള്‍ വെടിയുവിന്‍
ചന്തയില്‍ പോകുവിന്‍
ചന്തത്തില്‍ ചിന്തകള്‍
ചന്തമായ് മെനയുവിന്‍..!

വിഷക്കാറ്റ്

മഹാമാരികളും
പേറി വന്ന
വിഷക്കാറ്റിന്
മരണത്തിന്റെ
മണമുണ്ടായിരുന്നു
പോലും!

ആ വായു
ശ്വസിച്ചതിനാലാണോ
അങ്ങേലെ
വാസുവേട്ടന്‍
ഇന്നലെ മരിച്ചത്...?

ഒരെത്തും പിടിയും
എന്നത്തെയും
പോലെ
ഇന്നും കിട്ടുന്നില്ല..!

കാലം കൈപ്പിടിയില്‍
ഒരിക്കലെങ്കിലും
ഒതുങ്ങിയിരുന്നിട്ടുണ്ടോ..?

ജീവന്‍ സമ്മാനിക്കുന്ന
വായു ഇന്നിതാ‍
നമുക്കെല്ലാം
മരണവും വിധിക്കുന്നു..!

കളവ്

സ്വര്‍ണ്ണപ്പണിക്കാരന്‍
സ്വര്‍ണ്ണം കട്ടു,
ഫണ്ടു പിരിച്ചവന്‍
കാശു കട്ടു
കൊടിവച്ച മന്ത്രീടെ
ടയറു കട്ടു,
നാടു ഭരിച്ചവന്‍
നാണം കെട്ടു!
പിന്നെ..
കവിത രചിച്ചവന്‍
കനവു കട്ടു..!

സ്വപ്ന നാട്

സ്വപ്ന നാട്,
സ്വപ്നത്തെരുവ്..,
സ്വപ്നങ്ങള്‍ വില്‍ക്കുന്ന
നാട്..!

കാപട്യ ചിന്തയും
കപട മോഹങ്ങളും
കലപില കൂട്ടുന്ന
നാട്..!


ജാതിമത ചിന്തയും
ചാതുര്‍വര്‍ണ്ണീകവും
ചിന്തയിലേറ്റിയ
നാട്..!

മനസ്സിന്റെ മനസ്സിലെ
നാട്..!
ഏതൊരു
ഭാരതീയന്റെയും
സ്വന്തം നാട്..!

ആനപ്പശു

കാശില്ലാത്തവന്‍
അശു..!
കാശുള്ളവനോ
പശു..!
അശുവിനു
കാശുണ്ടായാല്‍
അവനും പശു,
ആനപ്പശു..!

കൂട്ടുകാരന്‍

എന്റെ കൂട്ടുകാരന്‍
എന്നോടന്നു പറഞ്ഞു,
സ്നേഹവും മധുരവുമൊരിക്കല്‍
പകയായും കയ്പ്പായും മാറാം..!
സന്തോഷകാലത്തൊരിക്കലും
തൈ പത്തു വയ്ക്കാത്ത
നിനക്കു ആപത്തു കാലത്ത്
എന്താണു പ്രതീക്ഷിക്കാന്‍
കഴിയുക എന്റെ മകനേ..?

ആപത്തു കാലം എന്നാണു
വരുന്നതെന്നു നിനക്കു പറയാമോ?
ഞാനവനോടു ചോദിച്ചു.
പിന്നെന്താ പറയാം..,
എന്റെയും നിന്റെയും
മകനും ഭാര്യയും
പിന്നെ സ്വന്തം അമ്മയും
നമ്മളെ തള്ളിപ്പറയുന്ന
കാലത്തിനായി
ഞാനും നീയും കാതോര്‍ക്കണം..!
അതായിരുന്നു അവന്റെ
അവസാനത്തെ ഉത്തരം!

മറന്നുപോയി

മറന്നുപോയി..
ഞാനന്നുറങ്ങിപ്പോയി..!
എന്റെ ആത്മാവിനുള്ളിലെ
മൈനയെന്തേ അന്ന്
ആരോടും ചൊല്ലാതെ
എന്നോടും മിണ്ടാതെ
പറന്നുപൊയി..,
എങ്ങോ മറഞ്ഞു പോയി..!