മൌനം

കടലുകള്‍ താണ്ടി
പറക്കാന്‍ കഴിയുന്ന
കാറ്റിനു മൌനം!
തിരകളെ താണ്ടി
തീരത്തണയുന്ന
കടലിനും മൌനം!
ഗോളത്തില്‍നിന്നും
ഗോളത്തിലെത്തുന്ന
വെയിലിനും മൌനം!
കാലങ്ങള്‍ പിന്നിട്ട്
കാലത്തിലെത്തുന്ന
മനസ്സിനും മൌനം!
പൊട്ടിച്ചിരിയെല്ലാം
പൂത്തിരിയാക്കുമെന്‍
കണ്മണിക്കും എന്തേ
മൌനം?
എന്റെ സ്വപ്നങ്ങള്‍ക്കെന്താണു
മൌനം?

മിണ്ടരുത്..!

ഒന്നും മിണ്ടരുത്,
എന്നാല്‍ നമുക്കു
സന്തുഷ്ടരാകാം!
ചിരിക്കരുത്
എങ്കില്‍ നമ്മള്‍
സ്വീകാര്യരാകാം!
കലികാലം നമ്മെ
കാര്‍ന്നുതിന്നുന്നു!
അതുകൊണ്ട് നമുക്ക്
അറ്റകൈ പ്രയോഗിക്കാം!
എങ്ങിനെ?
ഇതാ ഇങ്ങിനെ...
എന്തു കണ്ടാലും
ഒരിക്കലും മിണ്ടരുത്...!
എന്നിട്ട്,
ചിരിയും സന്തോഷവും
പൂഴ്ത്തിവയ്ക്കുക!
അതുപയോഗിക്കുവാന്‍
കഴിയുന്ന കാലത്തിനായി
നാമെല്ലാം കാതോര്‍ക്കുക!

അഭ്യാസി

അഭ്യാസി തലകുത്തി
മറിഞ്ഞു.
അവന്റെ തല നേരെ
തന്നെ നിന്നു.
ഒരിക്കലവന്‍
കാല്‍ തെറ്റി വീണു,
തല ചെന്ന് പാറയില്‍
തട്ടി മുറിഞ്ഞു.
എന്താണതില്‍
നിന്നുമുള്ള കാര്യം?
അടി തെറ്റിയാല്‍
അഭ്യാസിക്കും
മുറിവു പറ്റാം!

ചാക്രിക ചരിത്രം

ചരിത്രം ചാക്രികമാണ്
അതെന്നും ,എപ്പോഴും
എന്നത്തെയും പോലെ
ചരിത്ര സംഭവങ്ങളാണ്!

വിദ്വാന്റെ പിന്മുറക്കാര്‍ നാളെ
അക്ഷര വിരോധികളായേക്കാം!
സമ്പന്നന്മാര്‍ പില്‍ക്കാലത്ത്
ദാരിദ്ര്യത്തിന്റെ
കയ്പ്പനുഭവിച്ചേക്കാം!

ഞാനും, നിങ്ങളും പിന്നെ
നമ്മളുടെ മക്കളും
നമ്മളുടെയെല്ലാം മരണത്തിനുശേഷം
എന്തായാലും,
എങ്ങിനെ ജീവിച്ചാലും
ഒരു കാര്യമോര്‍ക്കാം
നമുക്കെല്ലാം ഒരുമിച്ചായി..

ചരിത്രം ചാക്രികമാണ്
നാമെല്ലാം അതിലൂടെ
തിരിയുന്ന കണികകള്‍
മാത്രമാണ്!

പ്രതീക്ഷയും അസ്തമനവും

പ്രതീക്ഷകളൊരിക്കലും
അസ്തമിക്കാറില്ല!
അസ്തമിച്ചുവെന്നു
കരുതുമ്പോഴാകും
അതു വീണ്ടും ഉദിച്ചുയരുക!
പലപ്പോഴും..
അവസാനിച്ചുവെന്നു
വിചാരിച്ചു വിഷമിക്കുമ്പോള്‍
അവയ്ക്കു പുതിയ ചിറകു മുളയ്ക്കും,
എന്നിട്ടു വീണ്ടും പറന്നുയരും!

നഗ്ന സത്യം

നഗ്ന നേത്രങ്ങള്‍ക്കുമുന്നില്‍
കാപട്യങ്ങള്‍ക്കു പ്രസക്തിയില്ല!
നഗ്ന സത്യങ്ങൊളൊരിക്കലും
കാമ്പില്ലാതെ നിലനില്‍ക്കാറുമില്ല!