അമ്മൂമ്മ(5) ചെരുപ്പുകുത്തിയുടെ വീട്.

ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.
ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്
അന്തരീക്ഷം കലുഷിതമാകുന്നു.
ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍
തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.
വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍
പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.
അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.
ഇമ്മാനുവേല്‍ പട്ടത്തെയും പിന്തുടര്‍ന്ന് ഒരു പുരാതന നഗരത്തില്‍ എത്തിച്ചേരുന്നു.
ആ നഗരസിരാകേന്ദ്രത്തില്‍ കാലത്തെയും അതിജീവിച്ച് നില്‍ക്കുന്ന ഒരമ്മൂമ്മയുടെ പ്രതിമയില്‍ പട്ടം ഉടക്കി നില്‍ക്ക്കുന്നു.
അതെടുക്കുവാനായി ഇമ്മാനുവെല്‍ ആ പ്രതിമയില്‍ കയറുന്നു. പ്രതിമയുടെ മുഖത്തില്‍ പറ്റിയിരുന്ന പട്ടം എടുക്കുന്നതിനു
തൊട്ടു മുമ്പേ അവന്‍ അമ്മൂമ്മയുടെ മടിയിലേക്ക് കാല്‍ വഴുതി വീഴുന്നു!

ഇമ്മാനുവെല്‍ ഒരു മയക്കത്തിലാണ്ടുപോകുന്നു. അമ്മൂമ്മക്ക് ജീവന്‍ കൈവരുന്നു. പഴയ ജന്മത്തില്‍ ഇമ്മാനുവേലൊരു രാജകുമാരനായിരുന്നുവെന്ന സത്യം അമ്മൂമ്മ അവനോട് പറയുന്നു. അവന്റെ അനുജത്തിയെ ദേവഗണങ്ങള്‍ അവരെ ജീവനോടു കണ്ടുവെന്നതിന്റെ പേരില്‍ ഒരു ശിലാപ്രതിമയാക്കിയെന്നും അറിയിക്കുന്നു.അനുജത്തിയെ തിരികെക്കിട്ടുവായി ആ പ്രതിമയെ അവന്‍ സ്പര്‍ശിക്കണം. അതായിരുന്നു ദേവന്മാര്‍ അവനന്നു നല്‍കിയ വരം!
ഇതെല്ലാം കേട്ട് അത്ഭുത പരതന്ത്രനായ ഇമ്മാനുവെല്‍ അമ്മൂമ്മയെ വീണ്ടും നോക്കുമ്പോഴേക്കും അവര്‍ വീണ്ടും ആ പഴയ പ്രതിമയായി മാറിക്കഴിഞ്ഞിരുന്നു!

ഇമ്മാനുവല്‍ രാവിലെ അമ്മൂമ്മയുടെ മടിയില്‍ ഉറക്കമുണരുന്നു. അവിടെനിന്നും എഴുന്നേറ്റ് അവന്‍ പഴയ നഗരത്തിലൂടെ നടക്കുന്നു. ചെരുപ്പുകുത്തിയുമാ‍യി അവന്‍ സംസാരിക്കുന്നു. അയാളവനെ തന്റെ വീട്ടിനുള്ളിലേക്കു ക്ഷണിക്കുന്നു.

സീന്‍ 5

ഇന്‍ഡോര്‍
പ്രഭാതം
ചെരുപ്പുകുത്തിയുടെ വീട്.

ഇമ്മാനുവല്‍
ചെരുപ്പുകുത്തി

ചെരുപ്പുകുത്തിയുടെ വീടിനകം. ഒരുപയോഗശൂന്യമായ കെട്ടിടം അയാള്‍ തന്റെ വീടാക്കി മാറ്റിയിരിക്കുന്നു. ഒരു മുറി മാത്രമേയുള്ളു വീടിനുള്ളില്‍. അത്യാവശ്യത്തിനുള്ള ഫര്‍ണിച്ചറുകള്‍ കാണാം. ഒരു തീന്‍ മേശയും നാലു കസേരകളും മുറിയുടെ നടുവില്‍. രണ്ടു കട്ടിലുകള്‍ മുറിയുടെ രണ്ടു വശങ്ങളിലായി. എല്ലാം വളരെ പഴക്കം തോന്നിക്കുന്നവ. മുറിയുടെ മൂലയില്‍ അടുപ്പു കൂട്ടിയിരിക്കുന്നു. കുറെ പഴയ പാത്രങ്ങള്‍ അവിടെയുണ്ട്.

ഇമ്മാനുവേലും ചെരുപ്പുകുത്തിയും തീന്‍ മേശക്ക് ഇരുവശവുമാ‍യി ഇരിക്കുന്നു.

ഇമ്മാനുവേലിന്റെ മുന്നിലായി ഒരു ഞണുങ്ങിയ അലുമിനിയം പാത്രത്തില്‍ ആ‍വി പൊങ്ങുന്ന കഞ്ഞി.
ചെരുപ്പുകുത്തി:“കഞ്ഞി കുടിക്ക്..”

ഇമ്മാനുവേല്‍ ആ‍ര്‍ത്തിയോടെ കഞ്ഞി പാത്രത്തില്‍ നിന്നും നേരിട്ടു തന്നെ കുടിക്കുന്നു. അവന്റെ ആര്‍ത്തി ചെരുപ്പുകുത്തി ഒരു വാത്സല്യത്തോടെ നോക്കിയിരിക്കുന്നു. കഞ്ഞി കുടിച്ചു തീര്‍ന്ന ഇമ്മാനുവേല്‍ ചെരുപ്പു കുത്തിയെ നോക്കുന്നു.

ചെരുപ്പുകുത്തി:“എന്താ നിനക്ക് അറിയേണ്ടത്..?”

ഇമ്മാനുവേല്‍:“എനിക്കെല്ലാം അറിയണം..അപ്പൂപ്പന്‍ ആ‍രാണ്..?”

ചെരുപ്പുകുത്തി:“ഞാനൊരു ചെരുപ്പുകുത്തി..കാലങ്ങളായി അതാണെന്റെ തൊഴില്‍..!”

ഇമ്മാനുവേല്‍:“അപ്പോള്‍ അമ്മൂമ്മ..?”

ചെരുപ്പുകുത്തി:“അമ്മൂമ്മയോ..? അതൊരു പഴയ കഥയാണു കുട്ടീ..ഈ നഗരം നീ കണ്ടുവല്ലോ..? ഇതൊരുകാലത്ത് ഒരു സാമ്രാജ്യത്തിന്റെ ആ‍സ്ഥാനമായിരുന്നു. ഇന്നെല്ലാം നശിച്ചു പോയി..എന്നിരുന്നാലും ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല!”

ഇമ്മാനുവെല്‍:“എന്താണുണ്ടായത്..?”

ചെരുപ്പുകുത്തി:“ഒരു യുദ്ധം ഇവിടെയുണ്ടായി. ഈ നഗരത്തിനെ ശത്രുക്കള്‍ കീഴ്പ്പെടുത്തി..ഇവിടുത്തെ ഓരോ കുഞ്ഞും ശത്രു സൈന്യത്തിന്റെ വാളിനിരയായി..ആര്‍ക്കും ഈ നഗരത്തിനെ രക്ഷിക്കാന്‍ കഴിയാത്ത ഒരു നില വന്നു..!”

ഇമ്മാനുവേല്‍:“എന്നിട്ട്..?”

ചെരുപ്പുകുത്തി:“എവിടുന്നാണെന്നറിയില്ല...അമ്മൂമ്മ അവിടെയെത്തി. അവരുടെ കണ്ണുകളില്‍ രോഷാഗ്നി ആളിക്കത്തി.. കണ്ണുനീര്‍ അവരില്‍നിന്നും ഒരു ലാവയായി പ്രവഹിച്ചു..ആ ലാവയില്‍ എല്ലാ ശത്രു സൈന്യങ്ങളും കരിഞ്ഞു ചാമ്പലായി..!”

ഇമ്മാനുവെല്‍ അത്ഭുത്തത്തോടെ ആതു കേട്ടിരിക്കുന്നു.

ഇമ്മാനുവേല്‍:“വിശ്വസിക്കാനാവുന്നില്ല..!”

ചെരുപ്പുകുത്തി:“അതേ കുട്ടീ..നീയിന്നു കാണുന്ന ആ പ്രതിമയില്ലേ..? അത് ദേവലോകത്തു നിന്നും വന്ന ശില്പികളാണു നിര്‍മ്മിച്ചത്..! ലോകത്തിലെ ഏതു വസ്തു നശിച്ചാലും അതു നശിക്കില്ല കുട്ടീ..!”

ഇമ്മാനുവെല്‍:“അമ്മൂമ്മയെന്നോടു പറഞ്ഞകാര്യങ്ങള്‍ അപ്പൂപ്പനറിയാമോ..?”

ചെരുപ്പുകുത്തി ചിരിക്കുന്നു.

ചെരുപ്പുകുത്തി:“എല്ലാമെനിക്കറിയാംകുട്ടീ..നിന്നെ ഞങ്ങള്‍ സഹായിക്കാം...അതായത് നീ ആ പ്രതിമയെ കണ്ടെത്തണം..അതീ നഗരത്തിലെവിടെയോ ഉണ്ട്..! നിന്റെ സ്വന്തം അനിയത്തിക്കുട്ടിയാണത്...!”

ഇമ്മാനുവെല്‍:“എനിക്കു പക്ഷേ ഒന്നും ഓര്‍മ്മ വരുന്നില്ലല്ലോ അപ്പൂപ്പാ‍..”

ചെരുപ്പുകുത്തി എഴുന്നേറ്റ് ഇമ്മാനുവേലിനടുത്തേക്കു വരുന്നു. അയാളവനെ തലോടുന്നു. ഇമ്മാനുവേല്‍ സ്നേഹത്തോടെ ചെരുപ്പുകുത്തിയെ നോക്കുന്നു.

ചെരുപ്പുകുത്തി:“നീ ഒന്നു കൊണ്ടും വിഷമിക്കേണ്ട കുട്ടീ..നിനക്കെല്ലാം വഴിയേ മനസ്സിലാകും..”


(തുടരും)


Comments :

6 comments to “അമ്മൂമ്മ(5) ചെരുപ്പുകുത്തിയുടെ വീട്.”
കാപ്പിലാന്‍ said...
on 

കഥ വായിച്ചു .ഇത് ടെലിഫിലിം ആക്കാനാണോ ?

എന്താണ് ജെയിംസ് നാടകത്തില്‍ നിന്നും മാറി നില്‍ക്കുന്നത് ? നാടകത്തിനു വേണ്ടി ഒരു രംഗം തയ്യാറാക്കു :)

ശിവ said...
on 

ഈ കഥ വളരെ അത്ഭുതം ആയി തോന്നുന്നു....ബാക്കി വായിക്കാനും ആഗ്രഹിക്കുന്നു....

JamesBright said...
on 

@കാപ്പിത്സ്: കഥ തുടങ്ങുന്നതേയുള്ളു.
ഇതെന്താകും എന്നെനിക്കറിയില്ല.
നാടകത്തിനു വേണ്ടി ഞാന്‍ രംഗങ്ങള്‍ തീര്‍ച്ചയായും എഴുതാം..!
കാപ്പിത്സിന്റെ തുടരന്‍ കമന്റുകള്‍ക്കു നന്ദി.

JamesBright said...
on 

@ശിവ: കുട്ടികളുടെ ഒരു ഫാന്റസി പോലെ ഒരു കഥ എഴുതാനുള്ള ഒരു ശ്രമമാണ് ഇത്. അതില്‍ എന്റെ വിജയ സാദ്ധ്യത വളരെ ചെറുതാണ്!

lakshmy said...
on 

ഇത് വളരേ നന്നായിരിക്കുന്നല്ലൊ. അഞ്ചാം ഭാഗം എത്തിയപ്പൊഴാ ഇത് കാണുന്നത് തന്നെ. ഫാന്റസി, ഫിക്ഷൻ കഥകളെഴുതാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണം. പഴയ അമ്മൂമ്മക്കഥകൾ വളരേ ഇഷ്ടമാണ്. അതിന്റെ ഒരു മോഡേൺ വേർഷൻ ഇതിൽ കാണാം. ഇനിയുമെഴുതണം. ഇതിന്റെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

JamesBright said...
on 

@ലക്ഷ്മി: ആറാം ഭാഗം ഞാനെഴുതിക്കൊണ്ടിരിക്കുന്നു.
വായിക്കുന്നതിനും കമന്റുന്നതിനും വളരെ നന്ദി.
ഇങ്ങിനെയുള്ള കമന്റുകള്‍ വരുന്നത് ഈ കഥയെഴുതുന്നതിന് വളരെ സഹായകരമാകുന്നു!