കഥ ഇതുവരെ
ഇന്‍ഫന്റ് ജീസസ് അനാഥാലയത്തില്‍ നിന്നും കുട്ടികളുമായി ഒരു വിനോദയാത്ര പുറപ്പെടുന്നു.ബസ്സ് കേരളത്തിന്റെ അതിര്‍ത്തിയിലെവിടെയോ എത്തുമ്പോള്‍ കാറ്റും മഴയും മിന്നലും വന്ന്അന്തരീക്ഷം കലുഷിതമാകുന്നു.ഇമ്മാനുവേല്‍ എന്ന പത്തു വയസ്സുകാരന്‍ കുട്ടി, മിന്നുന്ന ഒരു പട്ടം പോലെയുള്ള വസ്തുവില്‍തന്റെ ശ്രദ്ധയെ കേന്ദീകരിക്കുന്നു.വിനോദയാത്രാ സംഘം ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ ഇറങ്ങുമ്പോള്‍, ഇമ്മാനുവേല്‍പട്ടത്തിനെയും പിന്തുടര്‍ന്ന് പോകുന്നു.അവന്‍, തന്റെ പുതപ്പിനടിയില്‍ ഉണ്ടാകാമെന്നു കരുതി, ബസ്സ് അതിന്റെ യാത്ര തുടരുന്നു.ഇമ്മാനുവേല്‍ പട്ടത്തെയും പിന്തുടര്‍ന്ന് ഒരു പുരാതന നഗരത്തില്‍ എത്തിച്ചേരുന്നു.ആ നഗരസിരാകേന്ദ്രത്തില്‍ കാലത്തെയും അതിജീവിച്ച് നില്‍ക്കുന്ന ഒരമ്മൂമ്മയുടെ പ്രതിമയില്‍ പട്ടം ഉടക്കി നില്‍ക്ക്കുന്നു.അതെടുക്കുവാനായി ഇമ്മാനുവെല്‍ ആ പ്രതിമയില്‍ കയറുന്നു. പ്രതിമയുടെ മുഖത്തില്‍ പറ്റിയിരുന്ന പട്ടം എടുക്കുന്നതിനുതൊട്ടു മുമ്പേ അവന്‍ അമ്മൂമ്മയുടെ മടിയിലേക്ക് കാല്‍ വഴുതി വീഴുന്നു!
ഇമ്മാനുവെല്‍ ഒരു മയക്കത്തിലാണ്ടുപോകുന്നു. അമ്മൂമ്മക്ക് ജീവന്‍ കൈവരുന്നു. പഴയ ജന്മത്തില്‍ ഇമ്മാനുവേലൊരു രാജകുമാരനായിരുന്നുവെന്ന സത്യം അമ്മൂമ്മ അവനോട് പറയുന്നു. അവന്റെ അനുജത്തിയെ ദേവഗണങ്ങള്‍ അവരെ ജീവനോടു കണ്ടുവെന്നതിന്റെ പേരില്‍ ഒരു ശിലാപ്രതിമയാക്കിയെന്നും അറിയിക്കുന്നു.അനുജത്തിയെ തിരികെക്കിട്ടുവായി ആ പ്രതിമയെ അവന്‍ സ്പര്‍ശിക്കണം. അതായിരുന്നു ദേവന്മാര്‍ അവനന്നു നല്‍കിയ വരം!
ഇതെല്ലാം കേട്ട് അത്ഭുത പരതന്ത്രനായ ഇമ്മാനുവെല്‍ അമ്മൂമ്മയെ വീണ്ടും നോക്കുമ്പോഴേക്കും അവര്‍ വീണ്ടും ആ പഴയ പ്രതിമയായി മാറിക്കഴിഞ്ഞിരുന്നു!
ഇമ്മാനുവല്‍ രാവിലെ അമ്മൂമ്മയുടെ മടിയില്‍ ഉറക്കമുണരുന്നു. അവിടെനിന്നും എഴുന്നേറ്റ് അവന്‍ പഴയ നഗരത്തിലൂടെ നടക്കുന്നു. ചെരുപ്പുകുത്തിയുമായി അവന്‍ സംസാരിക്കുന്നു. അയാളവനെ തന്റെ വീട്ടിനുള്ളിലേക്കു ക്ഷണിക്കുന്നു.
അമ്മൂമ്മ പഴയ നഗരത്തെ തന്റെ കണ്ണുനീരുകൊണ്ടു ശത്രുസൈന്യത്തില്‍ നിന്നും രക്ഷിച്ചെന്നും അവരുടെ പ്രതിമ ദേവലോകത്തുള്ള ശില്പികളാണ് നിര്‍മ്മിച്ചതെന്നുമുള്ള സത്യം ചെരുപ്പുകുത്തി ഇമ്മാനുവേലിനെ അറിയിക്കുന്നു.
ഇനി തുടര്‍ന്നു വായിക്കുക.
സീന്‍ 6
വൈകുന്നേരം.
ഔട്ട് ഡോര്‍
പഴയ നഗരം
മുണ്ടന്‍
ഇമ്മാനുവെല്‍
ചെരുപ്പുകുത്തി
പഴയ നഗരം. നഗരകവാടം കാണുമാറാകുന്നു. പത്തു വയസ്സു തോന്നിക്കുമെങ്കിലും ഉയരം താരതമ്യേന കുറഞ്ഞ ഒരു കുട്ടി കവാടം കടന്ന് ഉള്ളിലേക്ക് വരുന്നു. ഒരു പഴയ സൈക്കിളിന്റെ ടയര്‍ അവനൊരു കമ്പു കൊണ്ട് അടിച്ചുരുട്ടിക്കൊണ്ടാണു വരുന്നത്! ഇടത്തോട്ടും വലത്തോട്ടും ആ ടയറിനെ അവന്‍ അത്ഭുതകരമായി തിരിക്കുന്നു. അമ്മൂമ്മയുടെ പ്രതിമയുടെ മുമ്പില്‍ അവനെത്തുന്നു. അവന്‍ പ്രതിമയെ വലം വയ്ക്കുന്നു.
അതിനുശേഷം പ്രതിമയുടെ മുന്നില്‍ വന്ന് നില്‍കുന്നു. പ്രതിമയെ അവന്‍ സൂഷ്മമായി നോക്കുന്നു.
കുട്ടി:“അമ്മൂമ്മേ..എന്നെ ഇന്നീം കളിപ്പിക്കുകയാ..അല്ലേ..?..ഞാനൊന്നും കാര്യമാക്കീട്ടില്ല..കേട്ടോ..! എന്നോടെന്തിനാ ഇങ്ങിനെ ചെയ്യുന്നത്?..ഞാനൊരു പാവമായോണ്ടാണോ..? ഒരു കൂട്ടുകാരനെ തരാമെന്നു പറഞ്ഞപ്പോള്‍ ഞാനങ്ങു വിശ്വസിച്ചു. എത്ര നാളായി ഞാന്‍ കത്തിരിക്കുന്നെന്നറിയാമല്ലോ..!”
അവന്‍ അമ്മൂമ്മയെ വീണ്ടും നോക്കിയിട്ട് തന്റെ യാത്ര തുടരുന്നു.
ടയറുമുരുട്ടി ഓടുന്ന അവന്‍ ചെരുപ്പുകുത്തിയുടെ വീടിനടുത്തുവന്ന് അത്ഭുതത്താല്‍ ഒരു പ്രതിമപോലെ നില്‍ക്കുന്നു!
ചെരുപ്പുകുത്തിയുടെ വീടിനുമുമ്പില്‍ നില്‍ക്കുന്ന ഇമ്മാനുവെല്‍!
ഇമ്മാനുവേലിനെക്കണ്ട കുട്ടി വിശ്വസിക്കാനാവാതെ അവനെ നോക്കുന്നു.
രണ്ടുപേരും പരസ്പരം കാണുന്നു.
ഇമ്മാനുവേലിന്റെ മുഖത്തും അത്ഭുതം.
ഇമ്മാനുവെല്‍::“നീയാരാ..?”
കുട്ടി:“ഞാന്‍ മുരുകന്‍..പക്ഷേ എല്ലാരും എന്നെ മുണ്ടനെന്നാ വിളിക്കുന്നത്..! കുട്ടിയേതാ..? എന്നിവിടെ വന്നു..?”
ഇമ്മാനുവെല്‍:“ഞാന്‍ ഇമ്മാനുവെല്‍...ഇന്നിവിടെ വന്നു എന്നു പറയാം...ഇന്നലെ ഞാന്‍ അമ്മൂമ്മയുടെ അടുത്തായിരുന്നു!”
അതുകേട്ട് മുണ്ടന്‍ ഒരു നിമിഷം ആലോചനയില്‍ മുഴുകുന്നു. അമ്മൂമ്മ പറഞ്ഞിരുന്ന കൂട്ടുകാരന്‍ ഇമ്മാനുവേലാണെന്നവന്‍ കരുതുന്നു.
മുണ്ടന്‍:“അതു ശരി...അമ്മൂമ്മ നിന്നെപ്പറ്റി എന്നോട് പറഞ്ഞിരുന്നു..”
ഇമ്മാനുവെല്‍:“എന്നെപ്പറ്റി നിന്നോട് അമ്മൂമ്മ പറഞ്ഞിരുന്നെന്നോ..?”
മുണ്ടന്‍:“അതേ..സ്വപ്നത്തില്‍ അമ്മൂമ്മ എന്നോട് നീ വരുമെന്ന് പറഞ്ഞിരുന്നു. നീ വരുന്നതും കാത്തിരിക്കുകയായിരുന്നു ഞാന്‍..!”
ഇമ്മാനുവെല്‍:“അതെയോ..?ഞാനാരാണെന്നു നിനക്കറിയാമോ...?”
മുണ്ടന്‍:“അറിയാം..നീ എന്റെ കൂട്ടുകാരന്‍...നിന്നെയും കാത്താണീ നാളുകളൊക്കെയും ഞാന്‍ കഴിച്ചു കൂട്ടിയത്..!”
ഇമ്മാനുവെല്‍ മുണ്ടനെ സ്നേഹത്തോടെ നോക്കുന്നു.
രണ്ടുപേരുടെയും സംഭാഷണം കേട്ടുകൊണ്ടു നില്‍ക്കുന്ന ചെരുപ്പുകുത്തി.
ചെരുപ്പുകുത്തി:“എന്താണു കൂട്ടുകാര്‍ തമ്മില്‍ പറയുന്നത്...!”
ഇമ്മാനുവേല്‍ രണ്ടു പേരെയും മാറി, മാറി നോക്കുന്നു.
ചെരുപ്പുകുത്തി:(ഇമ്മാനുവേലിനോടായി):“ഇവന്‍ മുണ്ടന്‍...ഇവനെന്റെ കൂടെ താമസിക്കുന്നു..ഇവനിത്രയും കാലം നിന്നെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു..!”
മുണ്ടന്‍ ഇമ്മാനുവേലിനെ പ്രതീക്ഷയോടെ നോക്കിനില്‍ക്കുന്നു. ഇമ്മാനുവേലാകട്ടെ ഒന്നും മനസ്സിലാകാത്ത രീതിയില്‍ രണ്ടു പേരെയും നോക്കുന്നു.
(തുടരും)
അമ്മൂമ്മ(6) മുണ്ടന്‍ വരുന്നു!
ജെയിംസ് ബ്രൈറ്റ് , Sunday, January 4, 2009
Subscribe to:
Post Comments (Atom)
Comments :
Post a Comment