മുനിസ്വാമിയെന്ന തമിഴ് നാട്ടില്‍ നിന്നും വന്ന ഭിക്ഷക്കാരന്‍ തന്റെ അന്നത്തെ കളക്ഷന്‍ എണ്ണി നോക്കി.
നൂറ്റി അറുപത്തിയഞ്ചു രൂപാ ഇരുപത്തിയഞ്ചു പൈസ!
‘കൊളപ്പം ഇല്ലൈ..’
പണ്ട് വളരെ കുറച്ച് കാശേ കിട്ടുമായിരുന്നുള്ളു. ഇന്ന് കാലം മാറിയില്ലേ...!
“ഇന്ത മാതിരി കാശു കെടച്ചാല്‍ എനക്ക് എന്‍ ഊരില്‍ ശീഘ്രമാ ഒരു വീടു വാങ്കലാം..!”
മുനിസ്വാമിയുടെ ചിന്തകള്‍ക്ക് ചീറകുവയ്ക്കുകയായിരുന്നില്ല, പകരം അതൊരു റോക്കറ്റില്‍ കയറിയിരുന്നു പായുകയായിരുന്നു!
കാശുമായി മുനിസ്വാമി കൊച്ചി മത്തായിയുടെ ചായക്കടയിലേക്ക് നടന്നു.
എന്തിന്..?
അതൊരു കഥയാണ് (ഇതും ഒരു കഥയാണ്)!
കഴിഞ്ഞ നീണ്ട പത്തു വര്‍ഷക്കാലമായി മുനിസ്വാമി ആഹാരം കഴിച്ചിരുന്നതും ഇപ്പോള്‍ കഴിച്ചു കൊണ്ടിരിക്കുന്നതുമെല്ലാം ഈ കൊച്ചി മത്തായിയുടെ കടയില്‍ നിന്നുമാണെന്നു നാം മനസ്സിലാക്കണം.
“എട മുനിച്ചാമീ..നീ നിനക്കു കിട്ടുന്ന കാശെല്ലാം എന്തു ചെയ്യുവാ..?”
മത്തായി ഒരിക്കല്‍ ചോദിച്ചു.
“അത് വന്ത് നാന്‍ മണ്ണുക്ക് അടിയില്‍ താന്‍ കാപ്പാത്തിറുക്ക്.. എങ്കെയെന്ന് യാര്‍ക്കും മട്ടും തെരിയാത്...!”
“എട മണ്ടാ..നീ കാശ് എന്റെ കയ്യില്‍ താ..ഞാനതു സൂക്ഷിച്ചു വച്ചോളാം. നിനക്കെപ്പോഴാ വേണ്ടുന്നതെന്നു വച്ചാല്‍ ഞാന്‍ പലിശ സഹിതം തിരികെ തന്നോളാം”
മുനിസ്വാനിക്കതു സ്വീകാര്യമായിത്തോന്നി.
“പിന്നെ നീ ഈ വിവരം ആരോടും പറയണ്ട”
“ഇല്ലൈ”
അങ്ങിനെ ഏതാണ്ട് പത്തു വര്‍ഷക്കാലമായി കിട്ടുന്ന കാശെല്ലാം മുനിസ്വാമി മത്തായിയെ ഏല്‍പ്പിച്ചു പോന്നു.
അന്ന് മുനിസ്വാമി മത്തായിയുടെ കടയിലേക്കു പോയപ്പോള്‍ ഇടി വെട്ടി മഴ പെയ്യുവാന്‍ തുടങ്ങിയിരുന്നു.
കടയുടെ അടുത്തെത്തിയപ്പോള്‍ അവിടെയാകമാനം ഒരാള്‍ക്കൂട്ടം.
കടയിടെ ഉള്ളില്‍ നിന്നും ആരുടെയൊക്കെയോ കരച്ചില്‍ മുനിച്ചാമി കേട്ടു.
“എന്നാച്ച്...?”
“നീ അറിഞ്ഞില്ലേ മുനിച്ചാമീ..മത്തായി മരിച്ചു പോയി..ഒരു നെഞ്ചരപ്പു വന്നെന്നു പറഞ്ഞു. ദാ അതിനകം ആളു മരിച്ചു..ഇത്രയെക്കെയേയുള്ളു മനുഷ്യന്മാരുടെ ജീവിതം..!”
അവിടെ നിന്ന ചുമട്ടുകാരന്‍ നാണു പറഞ്ഞു.
മുനിച്ചാമിയവിടെ സ്തംഭിച്ചു നിന്നു.
അവന്റെ മനസ്സില്‍ ഒരായിരം ഇടികള്‍ വെട്ടി മറ്റൊരു മഴ തിമിര്‍ത്തു പെയ്യുവാന്‍ തുടങ്ങി.
മുനിസ്വാമിയുടെ നഷ്ടം
ജെയിംസ് ബ്രൈറ്റ് , Thursday, February 8, 2007
Subscribe to:
Post Comments (Atom)
:(